ബഫര്‍സോണ്‍ ഭീഷണിയില്‍ മലയോരങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍. ബഫര്‍ സോണ്‍ സംബന്ധിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്മേല്‍ പരാതിപ്പെടാന്‍ പത്തു ദിവസത്തെ സാവകാശമേയുള്ളൂ. ബഫര്‍സോണ്‍ പ്രദേശങ്ങളിലെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോര്‍ട്ടിലുളളൂ. ജനവാസ മേഖലകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. മലയോരവാസികള്‍ക്കു മനസിലാക്കാന്‍ കഴിയാത്ത വിധത്തിലാണു റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം.
ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. ഉപഗ്രഹ പരിശോധനറിപ്പോര്‍ട്ടിലെ പിഴവുകള്‍ പരിഹരിക്കാന്‍ നേരിട്ടുള്ള സ്ഥലപരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണു സമരപ്രഖ്യാപനം. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്കു സമര്‍പ്പിക്കാനാണ് സംസ്ഥാനം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.
ബഫര്‍ സോണ്‍ സമരപ്രഖ്യാപനം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയത്. പ്രാഥമിക സ്ഥിതിവിവര കണക്കു മാത്രമാണ് ഉപഗ്രഹ സര്‍വേയില്‍ ലഭ്യമായത്. പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങും. ഉപഗ്രഹ സര്‍വ്വേയില്‍ ആശയക്കുഴപ്പങ്ങള്‍ കൂടതലുള്ള സ്ഥലങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തും. ആക്ഷേപമുള്ളവര്‍ക്കു പരാതി നല്‍കാമെന്നും മന്ത്രി പറഞ്ഞു.
ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണം. വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളിലെ അവ്യക്തത നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ഇന്നത്തെ ബഫര്‍സോണ്‍ വിദഗ്ധസമിതി യോഗം മാറ്റിവച്ചു. ചൊവ്വാഴ്ച യോഗം ചേര്‍ന്ന് സാറ്റലൈറ്റ് സര്‍വയെക്കുറിച്ചുള്ള പരാതികളില്‍ ഫീല്‍ഡ് സര്‍വേ നടത്താന്‍ തീരുമാനമെടുക്കും. ഇന്നും ചൊവ്വാഴ്ചയും യോഗം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകത പഠിക്കാന്‍ സ്വന്തം നിലയ്ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി കര്‍ഷകര്‍. കേരള സ്വതന്ത്ര കര്‍ഷക സംഘടനയാണ് വയനാട്, കോഴിക്കോട് ജില്ലകളില്‍ ഹെല്‍പ് ഡസ്‌ക് തുടങ്ങിയത്. മറ്റു വില്ലേജുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും