ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തമിഴ് നടന്‍ രവി മോഹനും. എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ബെന്‍സില്‍ രവി മോഹനുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ സെക്കന്‍ഡ് ലീഡായി രവി മോഹനുണ്ടാകും എന്നാണ് വിവരം. താരം വില്ലന്‍ വേഷത്തിലാണ് ‘ബെന്‍സി’ല്‍ എത്തുക എന്ന് ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോകേഷ് കനകരാജ് കഥയും തിരക്കഥയും രചിച്ച് ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെന്‍സ്. ചിത്രം എല്‍സിയുവിന്റെ ഭാഗമാണെന്ന് മുന്‍പേ പ്രഖ്യാപിച്ചിരുന്നു. രാഘവ ലോറന്‍സാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ വില്ലനായി നിവിന്‍ പോളിയും ചിത്രത്തിലുണ്ട്. നിവിന്റെ വാള്‍ട്ടര്‍ എന്ന കഥാപാത്രം വലിയ ചര്‍ച്ചയായിരുന്നു. എല്‍സിയുവിലേക്ക് രവി മോഹനും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്ന രവി മോഹന്‍ അടുത്തിടെ പുതിയ നിര്‍മാണ കമ്പനിയും ആരംഭിച്ചിരുന്നു.