2022 ലെ സംസ്ഥാന ഫിലിം അവാര്‍ഡുകളില്‍ ഏഴെണ്ണം നേടി ശ്രദ്ധ നേടിയ ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ഡോണ്‍ വിന്‍സെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് തുകക്കാണ് അടുത്തിടെ സോണി മ്യൂസിക് സ്വന്തമാക്കിയത്. എട്ട് പാട്ടുകളാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലുള്ളത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറു ദിവസത്തിന് മുകളില്‍ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളുമൊത്ത് ചാക്കോച്ചന്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷത ചിത്രത്തിന് അവകാശപെടാനാകുന്ന ഒന്നാണ്. ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.