ബോക്സ് ഓഫീസില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഹൊറര്‍-കോമഡി ചിത്രം ‘സ്ത്രീ 2’. അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. 50 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം തിയേറ്ററുകളിലെത്തി 34ാം ദിവസം ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 585.85 കോടി രൂപയാണ്. ഈ വിജയം സ്ത്രീ 2 നെ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനം നേടിയ ചിത്രമാക്കി മാറ്റി. 584 കോടി ബോക്സ് ഓഫീസില്‍ നിന്ന് വാരിയ ഷാരൂഖ് ഖാന്റെ ജവാന്റെ റെക്കോഡാണ് ചിത്രം തകര്‍ത്തത്. 2018 ലെ ഹിറ്റ് ചിത്രമായ സ്ത്രീയുടെ തുടര്‍ച്ചയാണ് സ്ത്രീ 2. ഒരു ചെറിയ പട്ടണത്തെ ഭയപ്പെടുത്തുന്ന ഒരു പ്രേതത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. രാജ്കുമാര് റാവു, ശ്രദ്ധ കപൂര്‍, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.