ചെക്ക് വാഹനബ്രാന്‍ഡായ സ്‌കോഡ ‘മൈ 2023’ എന്ന പേരില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. കോഡിയാക്, സ്ലാവിയ, കുഷാഖ് എന്നിവയ്ക്കാണ് കിടിലന്‍ ഓഫറുകള്‍. കുഷാഖിന് 1.60 ലക്ഷം രൂപ, സ്ലാവിയ്ക്ക് 1.60 ലക്ഷം രൂപ, കോഡിയാക് എസ്യുവിയ്ക്ക് 2.66 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലക്കുറവ്. 1.60 ലക്ഷം രൂപ വരെയാണ് സ്ലാവിയയ്ക്ക് വിലക്കുറവ്. 115 എച്ച്പി പരമാവധി കരുത്തുള്ള 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 150 എച്ച്പി 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ട്. 10.89 ലക്ഷം മുതല്‍ 19.12 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. കുഷാഖിന് 1.60 ലക്ഷം രൂപയുടെ ഇളവുകളാണ് നല്‍കിയിരിക്കുന്നത്. 1.0 ലീറ്റര്‍ – 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഓപ്ഷനുകളില്‍ വാഹനം തിരഞ്ഞൈടുക്കാനും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വില. ഫുള്‍ സൈസ് എസ്യുവി വിഭാഗത്തില്‍ സ്‌കോഡയുടെ പ്രീമിയം താരമാണ് കോഡിയാക്. കോഡിയാക്കിന്റെ ഏറ്റവും മുന്തിയ വകഭേദമായ ലോറന്‍ ആന്‍ഡ് ക്ലെമന്റ് അഥവാ എല്‍ആന്‍ഡ്കെ മോഡലിനാണ് ഓഫര്‍ ലഭിച്ചിട്ടുള്ളത്. 2.20 ലക്ഷം രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം. 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സും 190 എച്ച്പി 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുമായെത്തുന്ന കോഡിയാക്കിന് 38.50 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. മുന്തിയ വകഭേദത്തിന് 40 ലക്ഷം രൂപ വരെയാണ് വില.