പാലക്കാട് ഷാജഹാന്‍ കൊലക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. എട്ടു പേരാണു പ്രതികളെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരേ പ്രതിപക്ഷം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രതിസന്ധികള്‍ക്കു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരിഹാരം പ്രഖ്യാപിച്ചില്ലെന്ന് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരേ പ്രസംഗിച്ച മോദി ആദ്യം ബിജെപിയിലെ കുടുംബാധിപത്യം അവസാനിപ്പിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായെ ബിസിസിഐയുടെ തലപ്പത്ത് അവരോധിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനും ബിജെപി എംഎല്‍എയുമായ പങ്കജ് സിംഗ്, വസുന്ധര രാജ സിന്ധ്യയുടെ കുടുംബത്തില്‍നിന്ന് കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രേംകുമാര്‍ ധുമലിന്റെ മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരാണു കുടുംബാധിപത്യത്തിലുള്ളത്. സ്വാതന്ത്ര്യ സമര പോരാളികളുടെ കൂട്ടത്തിലേക്കു സവര്‍ക്കറുടെ പേരു തിരുകിക്കയറ്റിയത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ഷാജഹാന്‍ കൊലക്കേസില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഎം. ക്രിമിനല്‍ പ്രവര്‍ത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകരുടെത്തന്നെ വെട്ടേറ്റാണെന്ന ദൃക്സാക്ഷിയുടെ മൊഴി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കൊലപാതകത്തെ അപലപിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും സതീശന്‍ പറഞ്ഞു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപിക്കു പങ്കില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയതയാണു കൊലയ്ക്കു കാരണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രതികള്‍ പോസ്റ്റു ചെയ്ത സിപിഎം അനുകൂല പോസ്റ്റുകള്‍ പങ്കുവച്ചാണ് കൃഷ്ണകുമാര്‍ ആരോപണം ഉന്നയിച്ചത്.
കേരളത്തിലെ കിഫ്ബിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണം എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം. അദ്ദേഹം പറഞ്ഞു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി വിനീഷിനെ കര്‍ണാടകത്തില്‍ ബൈക്ക് മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി. കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ നാട്ടുകാര്‍ കര്‍ണാടക പോലീസിനു കൈമാറുകയായിരുന്നു.