കടുത്ത കാഴ്ച തകരാറുകള്‍ വ്യക്തിയുടെ മനസമാധാനം കെടുത്തുകയും അവരിലെ ആത്മഹത്യ ചിന്തകള്‍ ഇരട്ടിയാക്കുമെന്നും അടുത്തിടെ ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. തീവ്രമായ കാഴ്ച തകരാറുകള്‍ വ്യക്തികളുടെ ജീവിതനിലവാരവും ശാരീരിക പ്രവര്‍ത്തനങ്ങളും സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും കുറയ്ക്കാറുണ്ട്. ഇതവരെ സാമൂഹിക ഒറ്റപ്പെടലിലേക്കും സാമ്പത്തിക പ്രശ്നങ്ങളിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാം. താന്‍ മറ്റുള്ളവര്‍ക്കൊരു ബാധ്യതയാണെന്ന ചിന്ത രോഗികള്‍ക്കുണ്ടാക്കാനും ഇത് കാരണമാകാം. ഇവയെല്ലാം ആത്മഹത്യ പ്രവണത രോഗികളില്‍ ഉണ്ടാക്കാമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യ പ്രവണതകളെയും കാഴ്ച പ്രശ്നങ്ങളെയും സംബന്ധിച്ച 31 മുന്‍ പഠനങ്ങള്‍ അവലോകനം ചെയ്ത് കൊറിയയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ അനുമാനത്തിലേക്ക് എത്തിയത്. 56 ലക്ഷം പേരുടെ ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. കാഴ്ച പ്രശ്നങ്ങളുള്ളവര്‍ക്ക് അതില്ലാത്തവരെ അപേക്ഷിച്ച് ആത്മഹത്യ ചിന്ത രണ്ടര മടങ്ങ് അധികമായിരിക്കുമെന്ന് ഇതിലെ 17 പഠനങ്ങള്‍ വ്യക്തമാക്കുന്നു. പരിമിതമായ കാഴ്ച പ്രശ്നങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആത്മഹത്യ ചിന്ത 1.9 മടങ്ങ് അധികമാണെന്ന് എട്ട് പഠനങ്ങള്‍ സമര്‍ത്ഥിക്കുന്നു. കാഴ്ച തകരാറുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രവണത കൗമാരക്കാരില്‍ അധികമാണെന്നും ഗവേഷണറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കാഴ്ച തകരാറുകളുള്ള യുവാക്കളെ ചികിത്സിക്കുന്ന നേത്രരോഗവിദഗ്ധര്‍ അവരുടെ ആത്മഹത്യ സാധ്യതകളും പരിഗണിച്ച് മാനസികമായ പിന്തുണ കൂടി ഇവര്‍ക്ക് നല്‍കേണ്ടതാണെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സൈക്യാട്രി ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ് അസിസ്റ്റന്റ് പ്രഫസര്‍ മിഖായേല്‍ ബെര്‍ക് അഭിപ്രായപ്പെടുന്നു.