മാര്‍ച്ച് 12ന് ലൊസാഞ്ചലസില്‍ വെച്ച് നടക്കുന്ന 95-ാമത് ഓസ്‌കര്‍ വേദിയില്‍ ‘നാട്ടു നാട്ടു’ ലൈവായി അവതരിപ്പിക്കാന്‍ ഒരുങ്ങി ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കലാ ഭൈരവയും. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ഗാനം ഓസ്‌കര്‍ വേദിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഗാനത്തിനൊപ്പം രാം ചരണും ജൂനിയര്‍ എന്‍ടിആറും ചുവടുവെക്കാനെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എംഎം കീരവാണിയുടെ ഈണത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും തകര്‍പ്പന്‍ ചുവടുകളുമായി എത്തിയ ‘നാട്ടു നാട്ടു’ ലോകശ്രദ്ധ നേടിയിരുന്നു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതോടെ ഇനി ഓസ്‌കറിനായുള്ള കാത്തിരിപ്പാണ് ആരാധകര്‍. ഒര്‍ജിനല്‍ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എആര്‍ റഹ്മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്.