ചെറുകിട സംരംഭങ്ങള്‍ക്കായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ക്കകം ഇന്‍വോയ്‌സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്നതാണ് ഇതിന്റെ രീതി. വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെയാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഡിജിറ്റല്‍ രീതിയില്‍ തന്നെ. ജിഎസ്ടി ഇന്‍വോയ്‌സിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. ജിഎസ്ടിഐഎന്‍, ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, സിഐസി ഡാറ്റാബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്. നിലവിലുള്ള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ക്ക് വേഗത്തില്‍ സുഗമമായി വായ്പ നല്‍കാനാണ് എംഎസ്എംഇ സഹജ് വഴി ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.