70,000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് ഡാംപ് ട്രക്ക് എസ്‌കെടി 105 ഇ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് സാനി ഇന്ത്യ. ആഗോള സാങ്കേതികവിദ്യക്കൊപ്പം പ്രാദേശിക നിര്‍മാണ മികവു കൂടി ഉപയോഗിച്ചാണ് സാനി ഇന്ത്യയുടെ ട്രക്ക് നിര്‍മാണം. ഉയര്‍ന്ന ഊര്‍ജ കാര്യക്ഷമതയും സാമ്പത്തിക ലാഭവും നല്‍കുന്ന ഈ വൈദ്യുത ട്രക്കിന് 70 ടണ്‍ വരെ ഭാരം വഹിക്കാനാവുമെന്ന് കമ്പനി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ഇലക്ട്രിക് ഡാംപ് ട്രക്ക് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സാനി ഇന്ത്യയുടെ തീരുമാനം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു ഖനനം നടത്തുന്ന ഓപ്പണ്‍ കാസ്റ്റ് മൈനിങിന് വലിയ തോതില്‍ ഉപയോഗിക്കാവുന്ന വാഹനമാണ് സാനി ഇന്ത്യയുടെ എസ്‌കെടി 105 ഇ വൈദ്യുത ട്രക്ക്. പരമാവധി പെര്‍ഫോമെന്‍സ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം കുറഞ്ഞ മലിനീകരണവും കാര്‍ബണ്‍ ഫൂട്ട്പ്രിന്റുമുള്ള ട്രക്കായിരിക്കും ഇത്. കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഭാഗമാവാന്‍ ഈ ട്രക്കുമുണ്ടാവുമെന്നും സാനി ഇന്ത്യ പറയുന്നു. ഭാരമേറിയ ജോലികള്‍ ചെയ്യുന്ന വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഖനികളിലുമെല്ലാം ഉപയോഗിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് സാനി ഇന്ത്യ. ചൈനീസ് കമ്പനിയായ സാനി ഗ്രൂപ്പിന്റെ ഇന്ത്യന്‍ വകഭേദമായ സാനി ഇന്ത്യ 2012ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ സാനി ഗ്രൂപ്പിന്റെ ചൈനക്കു പുറത്തുള്ള ഏറ്റവും വലിയ ഉപകമ്പനിയാണ് സാനി ഇന്ത്യ.