നീണ്ട 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി ചിന്താവിഷ്ടയായ ശ്യാമളയിലെ സംഗീത വീണ്ടുമെത്തുകയാണ്. സംഗീതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവല്‍ ത്രില്ലറായാണ് ‘ചാവേര്‍’ തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ ഇതിനകം 4 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് സിനിമകളും വന്‍ ഹിറ്റുകളാക്കി മാറ്റിയ സംവിധായകന് ടിനു പാപ്പച്ചന്റെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ട്രെയിലര്‍. ദേവിയായുള്ള സംഗീതയുടെ വേറിട്ട വേഷപ്പകര്‍ച്ചയും ട്രെയിലറില്‍ കാണാനാവും. കുഞ്ചാക്കോ ബോബനും അര്ജുന് അശോകനും ആന്റണി വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയമാക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിലാണ് ടിനു പാപ്പച്ചന് സിനിമ ഒരുക്കിയിരിക്കുന്നത്.