രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ 51-ാം സ്ഥാനം മാത്രം. ഏപ്രില്‍ 25-ാം തീയതിയിലെ കണക്കുകളെടുത്താല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 194.74 ബില്ല്യണ്‍ ഡോളറാണ് (16 ലക്ഷം കോടി). ടാറ്റ കണ്‍സള്‍ട്ടന്‍സി സര്വീവസസും എച്ച്ഡിഎഫ്സി ബാങ്കുമാണ് പട്ടികയിലെ നൂറ് കമ്പനികളില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ കമ്പനികള്‍. യഥാക്രമം 83, 90 സ്ഥാനങ്ങള്‍ ഇവ നേടിയിട്ടുണ്ട്. ഇരു കമ്പനികളുടേയും വിപണി മൂല്യം യഥാക്രമം 141.45 ബില്ല്യണ്‍ ഡോളറും (11 ലക്ഷം കോടി), 131.14 ബില്ല്യണ്‍ ഡോളറുമാണ് (10 ലക്ഷം കോടി). വിപണി മൂല്യത്തില്‍ ലോകത്ത് ഒന്നാമനായി ആപ്പിള്‍. കമ്പനീസ് മാര്‍ക്കറ്റ് ക്യാപ് വെബ്സൈറ്റ് പ്രകാരം 2.615 ട്രില്ല്യണ്‍ ഡോളര്‍ (214 ലക്ഷം കോടി രൂപ) വിപണി മൂല്യവുമായാണ് യു.എസ് ടെക് കമ്പനിയായ ആപ്പിള്‍ മുന്നിലുള്ളത്. തൊട്ട് പിന്നാലെ 2.097 ട്രില്ല്യണ്‍ ഡോളറോടെ വിപണി മൂല്യവുമായി മൈക്രോസോഫ്റ്റും രംഗത്തുണ്ട്. 2.032 ട്രില്ല്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി സൗദി അരാംകോ മൂന്നാം സ്ഥാനത്തും 1.364 ട്രില്ല്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് നാലാം സ്ഥാനത്തുമുണ്ട്. ആമസോണ്‍ (1.089 ട്രില്ല്യണ്‍ ഡോളര്‍), ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ (717.82 ബില്ല്യണ്‍ ഡോളര്‍), എന്‍വിഡിയ (667.93 ബില്ല്യണ്‍ ഡോളര്‍), മെറ്റ (545.88 ബില്ല്യണ്‍ ഡോളര്‍), ടെസ്ല (515.17 ബില്ല്യണ്‍ ഡോളര്‍), ജോണ്സണ് ആന്‍ഡ് ജോണ്സണ് (510.65 ബില്ല്യണ്‍ ഡോളര്‍) എന്നിവയും ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി.