ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 2024-25 അസസ്മെന്റ് വര്‍ഷത്തേക്കുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധിയായിരുന്ന ജൂലൈ 31 വരെ 7.28 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. മുന്‍ വര്‍ഷം ഇത് 6.77 കോടിയായിരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 7.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രസ്താവനയില്‍ പറഞ്ഞു. റിട്ടേണ്‍ ഫയല്‍ ചെയ്ത നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായമാണ് തെരഞ്ഞെടുത്തത്. നികുതിദായകരും നികുതി പ്രൊഫഷണലുകളും സമയപരിധിക്കുള്ളില്‍ തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതാണ് എണ്ണം ഉയരാന്‍ സഹായകമായത്. ഫയല്‍ ചെയ്ത 7.28 കോടി നികുതിദായകരില്‍ 5.27 കോടി പേരും പുതിയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 2.01 കോടി പേര്‍ മാത്രമാണ് പഴയ നികുതി സമ്പ്രദായം അനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു.