സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെഴ്‌സിഡീസിന്റെ ആഡംബര എസ്‌യുവി, മെയ്ബ ജിഎല്‍എസ് 600. 2021ല്‍ ഈ വിപണിയിലെത്തിയ ഈ ആഡംബര എസ്യുവിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, കൃതി സിനോണ്‍, നിധിന്‍ റെഡ്ഡി, റാം ചരണ്‍, ദീപിക പദ്‌കോണ്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് പിന്നാലെ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കിയിരിക്കുന്നു ബോളീവുഡ് താര സുന്ദരി രാകുല്‍ പ്രീത്. പുതിയ കാറിന്റെ മുന്നില്‍ പോസ് ചെയ്ത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന നടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 2021 ജൂണിലാണ് മയ്ബയുടെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തിയത്. ജിഎല്‍എസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിര്‍മിച്ച വാഹനമാണ് മയ്ബ ജിഎല്‍എസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎല്‍എസ്. നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബൊ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍ നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്.