‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘പുണ്യ മഹാ സന്നിധേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം വൈക്കം വിജയലക്ഷ്മി ആലപിച്ചിരിക്കുന്നു. സിന്റോ ആന്റണി ആണ് പാട്ടിനു വരികള്‍ കുറിച്ചത്. ‘പുണ്യ മഹാ സന്നിധേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ഗാനം ട്രെന്‍ഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘കയ്യെത്തും ദൂരത്ത് ‘ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിര്‍വഹിക്കുന്നു. സൈജു കുറുപ്പ്, ‘സോളമന്റെ തേനീച്ചകള്‍’ ഫെയിം ദര്‍ശന, ശ്രിന്ദ, അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവര്‍ വേഷമിടുന്നു. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സിനിമയില്‍ സൈജു കുറുപ്പ് എത്തുന്നത്. ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥ പറയുന്ന ചിത്രത്തില്‍ പാപ്പച്ചന്റെ സ്വകാര്യജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.