രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘പുലരിയില്‍ ഇളവെയില്‍’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ബി. കെ ഹരിനാരായണന്‍ വരികള്‍ കുറിച്ച ഗാനത്തിന് ബിജിബാല്‍ ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ഫ്രാന്‍സിസ് സേവ്യര്‍ വയലിനില്‍ ഈണമൊരുക്കി. ‘പുലരിയില്‍ ഇളവെയില്‍’ എന്ന പ്രണയ ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോരമ മ്യൂസിക് ആണ് താളിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കരികിലെത്തിക്കുന്നത്. രാജാസാഗര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘താള്‍’. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിച്ചു. ഡോ.ജി.കിഷോര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍, അരുണ്‍കുമാര്‍, നോബി മാര്‍ക്കോസ്, വിവ്യ ശാന്ത് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.