‘പ്രോജക്ട് കെ’ ഫസ്റ്റ് ലുക്ക് എത്തിയതോടെ പ്രഭാസ് വീണ്ടും എയറില്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രോജക്ട് കെ ചിത്രത്തിന്റെ പോസ്റ്റര്‍ ആണിപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായിരിക്കുന്നത്. അയണ്‍മാന്‍ പോലുള്ള ഹോളിവുഡ് സിനിമകളുടെ പോസ്റ്റര്‍ അതുപോലെ തന്നെ കോപ്പിയടിച്ചതാണോ എന്നാണ് പലരും ചോദിക്കുന്നത്. അയണ്‍മാന് വേണ്ടി തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടണോ എന്നും പലരും ചോദിക്കുന്നുണ്ട്. ചില സയന്‍സ് ഫിക്ഷന്‍ ഫിലിം പോസ്റ്ററില്‍ പ്രഭാസിന്റെ മുഖം ക്രോപ്പ് ചെയ്ത് പോലെയാണ് ഫസ്റ്റ് ലുക്ക് എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അത് പിടികിട്ടുകയും ചെയ്യും. കോടികള്‍ മുടക്കിയ സിനിമയാണെന്ന് പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കുകയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പ്രഭാസിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ആദിപുരുഷ്’ സിനിമയ്ക്കും ഇതുപോലെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. 600 കോടി രൂപയാണ് ബജറ്റ്. അടുത്ത വര്‍ഷം ജനുവരി 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.