സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡുകള്‍ക്കു പകരം നിതി ആയോഗ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ പത്തു സംസ്ഥാനങ്ങളിലാണു നടപ്പാക്കുക. അടുത്ത മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും.
തെരുവുനായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തദ്ദേശസ്വയംഭരണ മന്ത്രി ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു. ഇന്നു മൂന്നിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മാലിന്യ നീക്കം, വാക്സിനേഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. തെരുവ് നായകള്‍ കൂടുതലുളള പ്രദേശങ്ങളും ആക്രമണങ്ങളുള്ള മേഖലകളും കണ്ടെത്തി ഹോട്ട്സ്പോട്ടുകള്‍ തയാറാക്കും. വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച വിവരം മൃഗ സംരക്ഷണ വകുപ്പും മനുഷ്യരെ ആക്രമിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പും ശേഖരിക്കും. ഈ വര്‍ഷം ഓഗസ്റ്റ് 22 വരെ 43,571 വളര്‍ത്തു മൃഗങ്ങളെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. (ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/_HIISe_ONuI )
ആസൂത്രണ ബോര്‍ഡുകള്‍ക്കു പകരം നീതി ആയോഗ് നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും അടുത്ത മാസം ആദ്യത്തെ ആഴ്ച യൂറോപ്പ് സന്ദര്‍ശിക്കുന്നു. യാത്ര രണ്ടാഴ്ച നീണ്ടേക്കും. മരാമത്തു മന്ത്രി മുഹമ്മദ് റിയാസ് ഈ മാസം 19 ന് ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ പാരീസിലേക്കും പോകും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദര്‍ശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നോര്‍വെയിലും സന്ദര്‍ശനം നടത്തും. ലോക മാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
അവശ്യമരുന്നുകളുടെ വിലനിയന്ത്രണ പട്ടികയില്‍ 34 മരുന്നുകളെകൂടി ഉള്‍പെടുത്തി. 26 ഇനങ്ങളെ ഒഴിവാക്കി. നാല് കാന്‍സര്‍ മരുന്നുകളും പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെനിഗ്ലിറ്റിന്‍ മരുന്നുകളും പട്ടികയില്‍ ഉള്‍പെടുത്തിയതിനാല്‍ ഇവയുടെ വില കുറയും. 384 മരുന്നുകളുടെ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലുള്ള സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധര്‍ണ നടത്തി. അടുത്ത മാസം 11 ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യും.
എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിന്‍ ഹര്‍ജികള്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചില്‍ തുടര്‍ന്നതിനാലാണ് മാറ്റിവച്ചത്. നാലു വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ മാറ്റിവച്ചത്.
പ്രമോഷന്‍ നിരാകരിക്കരുതെന്ന് പോലീസുകാരോട് ഡിജിപി. ശമ്പളം വാങ്ങുന്നവര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറരുത്. നിരവധി പൊലിസുകാര്‍ പ്രമോഷന്‍ നിരാകരിച്ച് അപേക്ഷ നല്‍കുന്ന സാഹചര്യത്തിലാണ് ഡിജിപി ഇങ്ങനെ മാര്‍ഗനിര്‍ദേശം നല്‍കിയത്.
നിയമസഭയില്‍ താന്‍ നിഷ്പക്ഷനായിരിക്കുമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പുതിയ സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രാധാന്യമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തുന്നു, ഭരണപക്ഷം മറുപടി പറയുന്നു. എല്ലാ അടിയന്തര പ്രമേയങ്ങളും തള്ളാറില്ലെന്നും ഷംസീര്‍.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോടിയേരിയുടെ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ജോഡോ യാത്രയെ സിപിഎം പിന്തുണയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിക്കുള്ള യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണ്. അധികാരം പോകുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ജാഥയെ വിമര്‍ശിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയെ സിപിഎം എതിര്‍ക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിനെയോ സിപിഎമ്മിനെയോ വിമര്‍ശിച്ചാല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയുമായി കെ റെയില്‍ വിരുദ്ധ സമിതി നേതാക്കള്‍ ഇന്നു കൂടിക്കാഴ്ച നടത്തും. യാത്ര ഇന്നു വൈകുന്നേരം കല്ലമ്പലത്ത് സമാപിക്കും.