befunky collage 4

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പല്ലൊട്ടി നയന്റീസ് കിഡ്‌സ്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘നാട്ടുപപ്പടം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ ആലാപനം ദേവിക രമേശ് ആണ്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൌഹൃദത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ഥ് ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്ന ഒരു ചിത്രം വരികയാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ‘വേല’ എന്ന ചിത്രമാണ് അത്. ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു എസ് ഐ കഥാപാത്രമാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥിന്റെ അഭിനയ ജീവിതത്തിലെ ആദ്യ പൊലീസ് കഥാപാത്രവുമാണ് ഇത്. എസ് ഐ അശോക് കുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍, അതിഥി ബാലന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ്. എം സജാസ് ആണ് തിരക്കഥ.

ഇന്ത്യയുടെ വിദേശ നാണയശേഖരം സെപ്തംബര്‍ 16ന് സമാപിച്ച ആഴ്ചയില്‍ 522 കോടി ഡോളര്‍ ഇടിഞ്ഞ് 54,565 കോടി ഡോളറിലെത്തി. 2020 ഒക്ടോബറിന് ശേഷം ശേഖരം കുറിക്കുന്ന ഏറ്റവും താഴ്ചയാണിത്. തുടര്‍ച്ചയായ ഏഴാംവാരമാണ് ശേഖരം ഇടിയുന്നത്. വിദേശ കറന്‍സി ആസ്തി 470 കോടി ഡോളര്‍ ഇടിഞ്ഞ് 48,490 കോടി ഡോളറായതാണ് പ്രധാന തിരിച്ചടി. കരുതല്‍ സ്വര്‍ണശേഖരം 45.8 കോടി ഡോളര്‍ താഴ്ന്ന് 3,819 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയശേഖരത്തില്‍ യൂറോ, യെന്‍, പൗണ്ട് തുടങ്ങിയവയുമുണ്ട്. വിദേശ നാണയശേഖരത്തില്‍ 2022ല്‍ ഇതുവരെയുണ്ടായ ഇടിവ് 9,399 കോടി ഡോളറാണ്. നടപ്പുസാമ്പത്തിക വര്‍ഷം (2022-23) ഏപ്രില്‍ മുതല്‍ ഇതുവരെ ഇടിവ് 6,165.7 കോടി ഡോളര്‍. 2021 സെപ്തംബറില്‍ രേഖപ്പെടുത്തിയ 64,245.3 കോടി ഡോളറാണ് ശേഖരത്തിന്റെ എക്കാലത്തെയും ഉയരം.

റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് ഉയര്‍ത്തിയതിന് ആനുപാതികമായി ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശയും കൂട്ടിയതോടെ സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന് പ്രിയം കുറയുന്നു. സെപ്തംബര്‍ 9ന് അവസാനിച്ച രണ്ടാഴ്ചക്കാലത്ത് ബാങ്ക് നിക്ഷേപങ്ങളിലുണ്ടായ വര്‍ദ്ധന 62,196.48 കോടി രൂപയാണ്. സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ഇക്കാലയളവില്‍ 54,021.77 കോടി രൂപ കൊഴിഞ്ഞപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റില്‍ 1,16,218.25 കോടി രൂപയുടെ അധികനിക്ഷേപമെത്തി. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നിലവില്‍ ശരാശരി 3-4 ശതമാനം പലിശയാണ് ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത്. എന്നാല്‍, എഫ്.ഡിക്ക് 6-7 ശതമാനത്തിലേക്ക് പലിശനിരക്ക് ഉയര്‍ന്നിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഇനിയും പലിശനിരക്ക് കൂട്ടാനിടയുള്ളതിനാല്‍ എഫ്.ഡി നിരക്കും ആനുപാതികമായി ഉയരും.

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പുറത്തിറക്കി. 50 ലക്ഷം ടിവിഎസ് ജൂപ്പിറ്ററുകള്‍ അതിവേഗം നിരത്തില്‍ ഇറങ്ങിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷന്‍. മിസ്റ്റിക് ഗ്രേ, റീഗല്‍ പര്‍പ്പിള്‍ എന്നീ രണ്ട് നിറങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 85,866 രൂപയാണ് പുതിയ സ്‌കൂട്ടരിന്റെ ദില്ലി എക്‌സ് ഷോറൂം വില. മിറര്‍ ഹൈലൈറ്റുകളിലുള്ള ബ്ലാക്ക് തീം, ഫെന്‍ഡര്‍ ഗാര്‍ണിഷ്, ടിന്റഡ് വൈസര്‍, 3ഡി ബ്ലാക്ക് പ്രീമിയം ലോഗോ എന്നിവ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിന് പ്രീമിയം ലുക്ക് നല്‍കുന്നു.

സഞ്ചരിച്ചും കുടിയേറിയുമാണ് മനുഷ്യകുലം വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. മലയാള സാഹിത്യത്തിലെ എഴുത്തുകാരായ ബെന്യാമിന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മുസഫര്‍ അഹമ്മദ് എന്നിവര്‍ മലയാള പ്രവാസത്തിന്റെ നാള്‍വഴികളും പൊതു പ്രവണതകളും ചര്‍ച്ച ചെയ്യുന്നു. വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയവരുടെ ജീവിതാവസ്ഥകള്‍, പ്രശ്‌നങ്ങള്‍, സ്വപ്നങ്ങള്‍, കത്തുകള്‍, കത്തുപാട്ടുകള്‍ അടങ്ങിയ അനുഭവലേഖനങ്ങളും സംഭാഷണങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം. ‘ദൂരം വിളിക്കുമ്പോള്‍’. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 114 രൂപ.

ഇന്ന് ലോക ശ്വാസകോശ ദിനം. ശ്വാസകോശാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയും പോലെ ശ്വാസകോശത്തിനും കാലക്രമേണ പ്രായമാകുന്നു. അതിനാല്‍ അവയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ശ്വാസതടസ്സം അനുഭവപ്പെടുന്നത് വരെ ആരോഗ്യമുള്ള ശ്വാസകോശത്തിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസ്സിലാകില്ല. കൊവിഡ് -19 പടര്‍ന്നുപിടിച്ചതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ശ്വാസകോശ രക്തചംക്രമണ രോഗങ്ങള്‍ ശ്വാസകോശത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. ഈ രോഗങ്ങള്‍ ഹൃദയത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തപ്രവാഹത്തെ ബാധിക്കുന്നു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആസ്ത്മ അലട്ടുന്നു. ശരിയായ ചികിത്സയിലൂടെയും ആസ്ത്മ കൈകാര്യം ചെയ്യുന്നതിലൂടെയും വ്യക്തിക്ക് ആരോഗ്യകരവും സാധാരണവുമായ ജീവിതം നയിക്കാന്‍ കഴിയും. ബ്രോങ്കൈറ്റിസ് എന്ന് വിളിക്കപ്പെടുന്ന അക്യൂട്ട് ബ്രോങ്കൈറ്റിസ് ശ്വാസകോശത്തിലെ വായു ട്യൂബുകളെ ബാധിക്കുന്ന താഴ്ന്ന ശ്വാസകോശ അണുബാധയാണ്. ഇത് സാധാരണയായി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ഒരാഴ്ച മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. പുകവലി ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം. പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശാരോഗ്യത്തെ സഹായിക്കും. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയം വേഗത്തില്‍ സ്പന്ദിക്കുന്നു. ശ്വാസകോശം കഠിനമായി പ്രവര്‍ത്തിക്കുന്നു. പ്രാണായാമം, അനുലോം വിലോം തുടങ്ങിയ യോഗ വ്യായാമങ്ങള്‍ പരിശീലിച്ചുകൊണ്ട് ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതല്‍ ബോധപൂര്‍വമായ രീതിയില്‍ ഇടപഴകാനാകും. ഈ ശ്വസന വ്യായാമങ്ങളില്‍ ഒരാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ശാരീരിക സമ്മര്‍ദത്തെ ഫലപ്രദമായും കൂടുതല്‍ ബോധപൂര്‍വമായും കൈകാര്യം ചെയ്യാന്‍ കഴിയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *