പ്രണയം നഷ്ടപ്പെട്ടവന്റെ വേദനയുടെ ആഴത്തില്‍ ഒരു കൊലപാതകത്തിന്റെ സൂത്രധാരനായി മാറി എന്നതിന്റെ കുറ്റബോധം ജീവിതകാലം മുഴുവന്‍ പേറേണ്ടിവന്ന ഹതഭാഗ്യനായ ഒരു വ്യക്തിയുടെ കഥ തീവ്രമായ ദുഃഖത്തോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ. ‘കുറച്ചു കാലമായി ചിന്തിക്കുകയാണ്, തന്റെ പ്രിയസുഹൃത്തിന്റെ അന്ത്യവിശ്രമസ്ഥലം കാണണമെന്ന്. ഓരോ പണികളില്‍ ഏര്‍പ്പെടുമ്പോഴും ഓരോ ദേശങ്ങളിലൂടെ അലഞ്ഞു നടക്കുമ്പോഴും ഇവിടെ വരാതിരിക്കണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ നടന്നില്ല. കാലമേറെ ചെല്ലുന്തോറും അവന്റെ ഓര്‍മ്മകള്‍ വേട്ടയാടുകയാണ്. എന്നാല്‍, തനിക്ക് മരിക്കുവാനുമാകുന്നില്ല. മരണം, ആ തെമ്മാടി എന്നെ മനപ്പൂര്‍വ്വം തഴയുകയാണ്. ആത്മഹത്യ, അതിനു ഞാന്‍ തയ്യാറുമല്ല’. ‘പാളം തെറ്റിയവന്റെ കുമ്പസാരങ്ങള്‍’. ഡി ഷാജി. ഗ്രീന്‍ ബുക്‌സ്. വില 446 രൂപ.