ഓണക്കാലത്ത് സബ്സിഡി നിരക്കില്‍ നല്‍കേണ്ട അരി നല്‍കാതെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓണക്കിറ്റ് 60 ശതമാനം കടകളിലും കിട്ടാനില്ല. വെള്ളക്കാര്‍ഡുകാര്‍ക്ക് നല്‍കേണ്ട 10 കിലോ അരിക്കു പകരം രണ്ടു കിലോയാണ് നല്‍കുന്നത്. അതാകട്ടെ അര കിലോ പച്ചരിയും മുക്കാല്‍ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയും. രണ്ടു കിലോ അരി വാങ്ങാന്‍ മൂന്നു സഞ്ചിയുമായി പോകേണ്ട ഗതികേടിലാണെന്നും ചെന്നിത്തല കുറ്റപ്പെടുുത്തി.
ഭാരതത്തില്‍ ബിജെപിക്കു മാത്രമാണ് ഭാവി, കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവന്തപുരത്ത് പട്ടികജാതി മോര്‍ച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനത്തിനുള്ള ശക്തിയും വേണം. രാജ്യത്ത് കോണ്‍ഗ്രസും ലോകത്തുനിന്ന് കമ്മ്യുണിസവും അപ്രത്യക്ഷമാകുന്നു എന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്ക് അംഗീകാരം കിട്ടാന്‍ ബിജെപി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ലൈന്‍ മംഗലാപുരംവരെ നീട്ടുന്നതിനു കേരള- കര്‍ണാടക സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മില്‍ ഈ മാസം തന്നെ ചര്‍ച്ച ഉണ്ടാകും. സില്‍വര്‍ ലൈന്‍ മംഗലാപുരംവരെ നീട്ടി അംഗീകാരം തരണമെന്ന് തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്.
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ഏജന്റുമാര്‍ ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനം വഴിയും കെക്കൂലി നല്‍കുന്നുണ്ടെന്നു വിജിലന്‍സ് കണ്ടെത്തല്‍. ‘ഓപ്പറേഷന് ജാസൂസ്’ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് കണ്ടെത്തല്‍. പരിവാഹന്‍ വഴി അപേക്ഷ നല്കിയാലും ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി പണം വാങ്ങുന്നു. പണം നല്‍കുന്നവരുടെ അപേക്ഷ തിരിച്ചറിയാന്‍ പ്രത്യേക അടയാളമുണ്ടെന്നും കണ്ടെത്തി.
എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്തു കൈമാറി. രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറായി ഷംസീറിനെ തെരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി സ്പീക്കര്‍ക്കായിരിക്കും സ്പീക്കറുടെ ചുമതല.
രാജ്യത്തിന്റെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് നിര്‍മിച്ചത് കേരളത്തിലാണെന്നത് എല്ലാ മലയാളിക്കും അഭിമാനിക്കാമെന്ന് വ്യവസായമന്ത്രി പി. രാജീവ്. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ അഭിമാനമായ വിക്രാന്ത് കാണണമെന്ന് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായ പോരാട്ടത്തിന് അധ്യാപകര്‍ മുന്‍നിരയിലുണ്ടാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലഹരി തടയാന്‍ വിളിച്ച അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ജനപ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍, എക്സൈസ് – പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സ്കൂള്‍ സംരക്ഷണ സമിതി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം. ജില്ലാതലത്തില്‍ കളക്ടര്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജോയിന്‍ കണ്‍വീനറുമായുള്ള ജില്ലാ സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഉത്തരേന്ത്യയിലെ അഭ്യാസം ഇവിടെ വേണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് മുന്‍ ധനമന്ത്രി തോമസ് ഐസക്. മസാല ബോണ്ട് കേസില്‍ എന്തിനാണ് ഇഡി സമന്‍സ് അയച്ചത്? എന്തിനാണ് സ്വകാര്യ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്? ഒരു പുല്ലുപേടിയും ഇല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഐസക്ക് പറഞ്ഞു.
മലപ്പുറം ജില്ലയില്‍ 733 എല്‍പി സ്കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി എസ് ടി നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം നല്കിയതു മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ.പി രമേശ് കുമാര്‍ പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ അവിടെ നടക്കുന്ന പരിപാടിക്കു പോകരുതെന്ന് സുരക്ഷാ നിര്‍ദേശം. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കാണ് ഇങ്ങനെ സുരക്ഷാ ഉപദേശം ലഭിച്ചത്. ഗോവ ഗവര്‍ണര്‍ ടാഗോര്‍ ഹാളിലെ പരിപാടി റദ്ദാക്കി.