ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്റര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രദ്ധേയമായ പ്രൊഫൈലുകള്‍ക്ക് വിവിധ നിറത്തിലുള്ള ടിക് മാര്‍ക്കുകളാണ് നല്‍കുക. കൂടാതെ, പ്രൊഫൈല്‍ ചിത്രങ്ങളുടെ ആകൃതി, വലിപ്പം എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബ്ലൂ ടിക്കിന് പുറമേ, ഗോള്‍ഡന്‍ ടിക്ക്, ഗ്രേ ടിക്ക് എന്നിവയും ഇപ്പോള്‍ നല്കുന്നു. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് സാധാരണയായി ബ്ലൂ ടിക്ക് ആണ് ട്വിറ്റര്‍ നല്‍കുന്നത്. പുതിയ അപ്ഡേറ്റില്‍ പ്രതിമാസം സബ്സ്ക്രിപ്ഷന് തുക അടയ്ക്കുന്ന ഏതൊരു വ്യക്തിക്കും അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക്ക് ലഭിക്കുന്നതാണ്. ട്വിറ്റര്‍ പുതുതായി അവതരിപ്പിച്ച ഗോള്‍ഡന്‍ ടിക്ക് ഒഫീഷ്യല്‍ ബിസിനസ് അക്കൗണ്ടുകള്‍ക്കാണ് നല്‍കുന്നത്. ഇതോടെ, ബിസിനസ് അക്കൗണ്ടുകളെ പ്രത്യേകം വേര്‍തിരിച്ചറിയാന്‍ സാധിക്കും. ബിസിനസ് അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ചതുരാകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ തലവന്മാര്, ഔദ്യോഗിക വക്താക്കള്‍, നയതന്ത്ര നേതാക്കള്‍, സര്‍ക്കാര്‍ പ്രൊഫൈലുകള്‍, രാജ്യാന്തര സംഘടനകള്‍, എംബസികള്‍ തുടങ്ങിയ ഔദ്യോഗിക വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ട്വിറ്റര്‍ ഗ്രേ ടിക്ക് നല്‍കുന്നത്.