ബിഗ് മാക്കിന്റെ പേരിലുള്ള ട്രേഡ്മാര്‍ക്ക് തര്‍ക്കത്തില്‍ മക്ഡൊണാള്‍ഡ്സിന് തിരിച്ചടി. ബിഗ് മാക് എന്ന പേര് ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കം. ദീര്‍ഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഐറിഷ് ഫാസ്റ്റ് ഫുഡ് നിര്‍മാതാക്കളായ സൂപ്പര്‍മാകിന് അനുകൂലമായി യൂറോപ്യന്‍ യൂണിയന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചിക്കന്‍ സാന്ഡ്വിച്ചുകള്ക്കും ചിക്കന്‍ ഉല്പന്നങ്ങള്ക്കും വേണ്ടി അഞ്ച് വര്‍ഷമായി ബിഗ് മാക് ലേബല്‍ ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതില്‍ യുഎസ് ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡൊണാള്‍ഡ് പരാജയപ്പെട്ടുവെന്ന് കോടതി വിധിയില്‍ പറഞ്ഞു. അഞ്ച് വര്‍ഷം തുടര്‍ച്ചയായി പേര് ഉപയോഗിക്കാത്തതിന് ശേഷം യൂറോപ്പിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആ പേരിടാന്‍ മക്ഡൊണാള്‍ഡിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് ബീഫ് പാറ്റികള്‍, ചീസ്, ചീര, ഉള്ളി, അച്ചാറുകള്‍, ബിഗ് മാക് സോസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു ഹാംബര്‍ഗറാണ് ബിഗ് മാക്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെ സൂപ്പര്‍മാക്, യൂറോപ്യന്‍ യൂണിയനില്‍ കമ്പനിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചതോടെയാണ് തര്‍ക്കം ഉണ്ടായത്.