കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സർക്കാർ. വിഷയത്തിൽ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു.
സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഹർജി പിൻവലിച്ചാലേ വിഹിതം തരികയുള്ളൂ എന്ന് പറയുന്നത് ശരിയല്ല. ഹര്‍ജി ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നൽകേണ്ട വിഹിതമാണ് ചോദിക്കുന്നത്. മാർച്ച് 6, 7 തീയതികളിൽ സുപ്രീം കോടതിയിൽ വിശദമായ വാദം നടക്കുമെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ കുട്ടിയെ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണ്,കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു.
പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസ് എടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. പുൽപള്ളി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. യുവതി യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാൻ നിൽക്കുന്നവരാണ്. കേസെടുത്താൽ ഇപ്പോൾ വയനാട് നേരിടുന്ന പ്രശ്നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്‍റെയും, പിവി പോളിന്‍റെയും വീടുകൾ ഗവർണർ സന്ദർശിച്ചു. മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മൂന്നാഴ്ച മുമ്പ് കാട്ടാനാ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരൻ ശരത്തിനെ കണ്ട്, ചികിത്സ സഹായത്തിന് വഴി ഒരുക്കുമെന്ന് ഉറപ്പു നൽകി.
കണ്ണൂര്‍ സര്‍വ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് വാദം കേട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ വാക്കാൽ നീരീക്ഷിച്ചത്.
ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അമ്മ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
മാസലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി. എന്തൊക്കെയാ സംഭവിച്ചതെന്ന് ഐസക്കിനറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സഹകരണ ബാങ്കുകളുമായി കെഎസ്ആര്‍ടിസി കരാര്‍ ഉണ്ടാക്കിയെന്നും പന്ത്രണ്ട് മാസത്തേക്ക് പെന്‍ഷന്‍ മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നൽകി എന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴി മട്ടന്നൂരിൽ വച്ചാണ് ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. സിആർപിഎഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റി.
ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും പി രാജീവ് പ്രതികരിച്ചു.
ടി പി വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. ഹൈക്കോടതി വിധി വെച്ച് വീണ്ടും സിപിഎമ്മിനെ വേട്ടയാടാൻ ശ്രമമെന്നും കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയാണെന്നും ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട്സ്വദേശിനി ആരതിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാവിലെ നടു റോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
മോഷണം നടത്തി കാടുകയറി ഒളിച്ചിരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കറുകവളപ്പില്‍ അശോകന് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. കാഞ്ഞിരപ്പൊയില്‍ സ്വദേശി വിജിതയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ശിക്ഷ. ഹൊസ്ദുര്‍ഗ് സബ് കോടതി ജഡ്ജി എംസി ബിജുവാണ് അശോകന് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
അന്ധ യുവാവിനെയും അമ്മയെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയിൽ ഷമീർ മൻസിലിൽ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. മുൻവിരോധമാണ് അന്ധ യുവാവിനെതിരായ അതിക്രമത്തിന് കാരണമായതെന്ന് പൊലീലസ് പറഞ്ഞു.
പേടിഎം പേയ്മെന്റ് ബാങ്കിനോട് പ്രവര്‍ത്തനം അവസാനിപ്പിക്കാൻ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അക്കൗണ്ടുകളിൽ ഇനി നിക്ഷേപങ്ങള്‍ സ്വീകരിക്കാൻ ബാങ്കിനോ സാധിക്കില്ല. ഫെബ്രുവരി 29 വരെയാണ് പേടിഎം പേയ്മെന്റ് ബാങ്കിന് പ്രവര്‍ത്തനം അനുമതി നൽകിയിരുന്നതെങ്കിലും, ഇത് മാർച്ച് 15 വരെ ഇപ്പോൾ ദീര്‍ഘിപ്പിച്ച് നൽകിയിട്ടുണ്ട്.
ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്ന് സുപ്രിംകോടതി നിരിക്ഷിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ആളായിരിക്കണം റിട്ടേണിംഗ് ഓഫിസറെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.