ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി. താളമേള അകമ്പടിയോടെ അരമണി കിലുക്കി ചുവടുവെച്ച് പുലികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് കയറിയതോടെ ആവേശം വാനോളമായി. ഇത്തവണ ഒമ്പത് സംഘങ്ങളിലും ആവേശമാകാൻ കുട്ടിപ്പുലികളമുണ്ട്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് പുലിക്കളി കാണാനെത്തിയത്.
കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. പൊലീസ് സേനയിലെ എല്ലാവരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല. ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനാകില്ല. മുൻപ് നടന്ന സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. പൊലീസിനെതിരെ വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതിരോധവുമായി ഇപി ജയരാജൻ രംഗത്തെത്തിയത്.
കസ്റ്റഡി മര്‍ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസിൽ നിന്ന് പുറത്താക്കുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും സമരം തുടരുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് ക്ഷണമില്ല. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റ് പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയിലാണ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഇൻഡ് സമ്മിറ്റിൽ വിളിക്കാത്തതിൽ മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി എം പി വി.കെ ശ്രീകണ്ഠൻ. പരിപാടിയെ പറ്റി തന്നെ അറിയിച്ചില്ലെന്നും വളരെ മോശമായി പോയെന്നും ശ്രീകണ്ഠൻ. പരിപാടി സംഘടിപ്പിച്ചത് സങ്കുചിത രാഷ്ട്രീയ മനസോടെയാണ്. പരിപാടിയിൽ ആളെത്താതതോടെ രാഷ്ട്രീയ നാടകം പൊളിഞ്ഞുവെന്നും നാടിന്റെ വികസന വളർച്ചയാണ് സർക്കാർ ലക്ഷ്യമെന്ന് വിചാരിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി.
പാലക്കാട് സംഘടിപ്പിച്ച കിഫ് ഇന്‍ഡ് സമ്മിറ്റിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ജില്ലയിൽ നിന്നുള്ള മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വികെ ശ്രീകണ്ഠൻ എംപിയെയും ക്ഷണിക്കാത്തതിൽ വിശദീകരണവുമായി സംഘാടക സമിതി. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ചതിനാൽ വിട്ടുപോയതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വിശദീകരിച്ചു. കിഫ് ഇന്‍ഡ് സമ്മിറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ് ഇന്ന് നടന്നതെന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പരിപാടികൾ അടുത്ത മാസങ്ങളിലായി നടക്കുമെന്നും അധികൃതര്‍ അറിയിച്ചു
കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സദസിൽ ആളില്ലാത്തതിനാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. പരിപാടിയുടെ ഗൗരവം ഉൾകൊണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ താനിപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമർശനം.
ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സാമൂഹിക ഐക്യവും പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന ഈ ജനകീയ കലാരൂപം ആയിരക്കണക്കിന് ആളുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുഡിഎഫ് മുൻ കൺവീനർ പിപി തങ്കച്ചന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആരോഗ്യനില അൽപം മെച്ചപ്പെട്ടതോടെ വെന്‍റിലേറ്റർ പിന്തുണ മാറ്റിയതായി രാജഗിരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. പക്ഷേ രോഗം മൂർഛിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കൽ ഐസിയുവിൽ തുടരാനാണ് തീരുമാനം.
ഡോ. പി. സരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഭാര്യ ഡോ. സൗമ്യ സരിൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബർ 6, 2025) വക്കീൽ വഴി നോട്ടീസ് അയച്ചെന്നും വിഷയത്തെ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ 6 മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ ദുഃഖം രേഖപ്പെടുത്തി.
സ്കൂളിൽ പ്രസവിച്ചു കിടന്ന നായ കുട്ടിയെ കടിച്ചു. പനമരം ഗവൺമെൻറ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് നായ കടിച്ചത്. സ്കൂളിലെ ഉപയോഗിക്കാതിരുന്ന വലിയ വാഷ്ബേസിൽ ആണ് നായ പ്രസവിച്ചു കിടന്നിരുന്നത്. നായയെ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും സ്കൂൾ വളപ്പിൽ എത്തുകയായിരുന്നു.
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് മലയാളി യൂട്യൂബർ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ബെൽത്താങ്കടിയിലെ എസ്ഐടി ഓഫീസിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മനാഫ് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മനാഫിനോട് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മനാഫ് എത്തിയത്. ടി അഭിഷേക്, ഗിരീഷ് മട്ടന്നവർ എന്നിവരെയും എസ്ഐടി ചോദ്യം ചെയ്യുകയാണ്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല.
കോൺഗ്രസ് പുറത്താക്കിയതോടെ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന മുൻ മണ്ഡലം പ്രസിഡൻ്റ് റിയാസ് തച്ചമ്പാറ ഒരാഴ്ചക്കുള്ളിൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോൺഗ്രസ് പുറത്താക്കിയ തച്ചമ്പാറ മണ്ഡലം പ്രസിഡന്‍റായിരുന്ന റിയാസിന്‍റേതാണ് മലക്കം മറിച്ചിൽ. ഡിസിസി നേതൃത്വത്തോട് മാപ്പു പറഞ്ഞാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ ആണെന്നും ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദനങ്ങളിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ ഫേസ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു രംഗത്തെത്തിയത്. റിട്ടയർമെന്റ്നുശേഷം ഏമാന് ഇവന്‍റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു.
കോഴിക്കോട് മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നും പണം തട്ടിയ കേസിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അൻസിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് 1.35ലക്ഷം രൂപ തട്ടിയെടുത്തത്.
സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം നാളെ സമാപിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് 4 ന് മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്‌ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകാരന്മാർ മുഴക്കുന്ന ശംഖനാദത്തിന്റെ അകമ്പടിയിൽ വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറുന്നതോടെ സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കും.
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗുദ്ദര്‍ വനമേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച ഭീകരുടെ എണ്ണം രണ്ടായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജവാന്‍റെ നില ഗുരുതുരമായി തുടരുകയാണ്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്. നേരത്തെ ഒരു ഭീകരനെ വധിച്ചിരുന്നു.സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ബീഹാറിലെ തീവ്രവോട്ടർ പരിഷ്ക്കരണത്തിൽ ആധാർ കാർഡിനെ തിരിച്ചറിയൽ രേഖയായി പരിഗണിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്നാൽ ആധാറിനെ പൌരത്വരേഖയായി കണക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലടക്കം എസ്ഐആർ നടപ്പാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.
എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് ദാരുണ സംഭവം. ദമ്പതികളും മകളുമാണ് മരിച്ചത്. ദമ്പതികളുടെ മകൻ കെട്ടിടത്തിൽ നിന്നും ചാടിരക്ഷപ്പെട്ടു. സച്ചിൻ കപൂർ, ഭാര്യ റിങ്കു കപൂർ, മകൾ സുജൻ കപൂർ എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
രാജ്യസുരക്ഷയുടെ പേരിൽ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കൂട്ടത്തോടെ നിരോധിച്ചിരിക്കുകയാണ് നേപ്പാൾ. ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള കെപി ശർമ്മ ഒലി സർക്കാരിന്റെ നീക്കത്തിനെതിരെ നേപ്പാളിലെ പതിനായിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി.
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 347 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു.
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യയടക്കം രാജ്യങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ അധിക താരിഫിനെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി. അമേരിക്കയുടെ ആശയം ശരിയായിരുന്നുവെന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റർ ‘എബിസി’യോട് സംസാരിക്കവെ, സെലൻസ്കി അഭിപ്രായപ്പെട്ടു.നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്.
വടക്കൻ ജറുസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 12 ലധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് പേരാണ് വെടിയുതിർത്തത്. ഇവർ പലസ്തീൻ വംശജരാണെന്ന് ഇസ്രയേൽ പോലീസ് അറിയിച്ചു. ബസിനുള്ളിലുണ്ടായിരുന്ന ആക്രമികൾ പുറത്തേക്കും ബസിനുള്ളിലും വെടിവെപ്പ് നടത്തിയെന്നാണ് വിവരം.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ബിജെപി തെലങ്കാന ഘടകം നല്‍കിയ അപ്പീലാണ് തള്ളിയത്.
കേരളത്തിലെ മലയോര മേഖലകളിൽ പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സംസ്ഥാനത്തെ PET ബോട്ടിൽ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഉത്തരവിന് നേരത്തെ ഏർപ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
യുഎസിനോടും പാകിസ്താനോടും ഇന്ത്യ സ്വീകരിച്ച നിലപാടുകളിൽ നിന്ന് ഇസ്രയേലിന് ഏറെ പഠിക്കാനുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ നയ വിദഗ്ധൻ സാക്കി ശാലോം. മിസ്ഗാവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി ആൻഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ സീനിയർ ഫെലോ ആയ ശാലോം, ദ ജറുസലേം പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ധാരാളം പഠിക്കേണ്ടതുണ്ടെന്ന പരാമർശമുള്ളത്.
സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നാഷണന്‍സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയിരുന്നു.