Untitled design 20250112 193040 0000

 

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിനാൽത്തന്നെ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

പാലക്കാട്മലവെള്ള പാച്ചിലിനെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാണിയംകുളം പനയൂരിൽ ഇളംകുളം ഭാഗത്ത് ശക്തമായി മലവെള്ളം ഒലിച്ചു വന്ന പ്രദേശത്തെ മൂന്ന്കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവരോട് രണ്ടുദിവസം ഈ വീടുകളിൽ താമസിക്കരുത് എന്ന് തഹസിൽദാറിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ അറിയിച്ചിട്ടുണ്ട്.

 

കണ്ണൂർ, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലെ സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് ആഗസ്റ്റ് ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകില്ലെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

 

സംസ്ഥാനത്ത് നിർമാണ പ്രവർഡത്തനങ്ങളിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരാളുടെ കാലുവെട്ടിയ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നു. സമുന്നതരായ സിപിഎം നേതാക്കളും പങ്കെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ വിമർശിച്ചു. കെ കെ ശൈലജയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

 

കൂത്താട്ടുകുളം ന​ഗരസഭയിൽ ഇടതു ഭരണ സമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി. 13 വോട്ടുകൾക്കാണ് യുഡിഎഫ് അവിശ്വാസം പാസ്സായത്. എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സിപിഎം വിമത കലാ രാജു യുഡിഎഫിനാണ് വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ചാണ് കലാ രാജു യുഡിഎഫിന് വോട്ട് നൽകിയത്. തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

 

കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി. പൊതുസ്ഥാപനമല്ലെന്ന സിയാൽ വാദമാണ് ഹൈക്കോടതി തള്ളിയത്. പൊതുസ്ഥാപനം അല്ലെന്ന റിട്ട് ഹർജി നൽകിയതിന് സിയാൽ മാനേജിങ് ഡയറക്ടർക്ടറെ കോടതി വിമർശിച്ചു.

 

സ‍ർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബന് ക്ഷണം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നടനെ ക്ഷണിച്ചിരിക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് മന്ത്രി നടനെ സ്കൂളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ജയിലുകളിലല്ല, സ്കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് വി ശിവൻ കുട്ടി സ്കൂളിലേക്ക് നടനെ ക്ഷണിച്ചത്.

 

കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു. സംഭവത്തെ തുടര്‍ന്ന് ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകൾ മാറ്റിവച്ചു. പതിവ് പരിശോധനയിലാണ് കൂടിയ അളവിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ടാങ്ക് വൃത്തിയാക്കി വെളളം വീണ്ടും പരിശോധിച്ച ശേഷം ഓപ്പറേഷൻ തിയറ്റർ തുറന്നുപ്രവർത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

ദളിത്-സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും അത് പിന്‍വലിക്കാതെ ന്യായീകരിക്കുകയും ചെയ്യുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ധാര്‍ഷ്ട്യം കേരള സമൂഹം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ ദളിത് അവകാശമുന്നേറ്റ സമിതി (എഐഡിആര്‍എം) സംസ്ഥാന പ്രസിഡന്റ് എന്‍. രാജനും സെക്രട്ടറി മനോജ് ബി. ഇടമനയും പറഞ്ഞു.

 

പിഡിപി പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. തമരക്കുളത്തെ കത്തികുത്ത് കേസിലെ പ്രതികളെ പൂജപ്പുര ജയിലിൽ നിന്ന് കൊണ്ടുവരാൻ ആംബുലൻസ് ഉപയോഗിച്ചെന്നാണ് പരാതി. ജാമ്യ ഉത്തരവ് കൃത്യ സമയത്ത് ജയിലിൽ എത്തിക്കാൻ ഉപയോഗിച്ചതും ആംബുലൻസ് എന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്.

 

അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരമുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി തിരുവനന്തപുരം കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജില്‍ (ഐഎച്ച്എം സിടി) നടന്നു. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഐഎച്ച്എംസിടി ഷെഫുമാരുള്‍പ്പെടെയുള്ള ടീമും ആരോഗ്യ വിദഗ്ധരും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.മന്ത്രി വീണാ ജോര്‍ജ് ശില്‍പശാലയില്‍ പങ്കെടുത്തു.

 

നാളെ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം. ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

 

പാലാ പ്രവിത്താനത്ത് വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. അമിതവേ​ഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളാണ് മരിച്ചത്. ഇരു സ്കൂട്ടറുകളെയും ഇടിച്ചു തെറിപ്പിച്ച കാർ മതിലിലിടിച്ചാണ് നിന്നത്. അപകടത്തിൽ പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിക്കെതിരെ പാലാ പൊലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

 

ഓണത്തെ വരവേൽക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും ആകർഷകമായ കിറ്റുകളും വിപണിയിൽ. തൃശ്ശൂർ ജില്ലയിലെ ഗിഫ്റ്റ് കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. സപ്ലൈകോ ഉപഭോക്താവായ അയ്യന്തോൾ സ്വദേശിക്ക് ആദ്യ ഗിഫ്റ്റ് കാർഡ് കളക്ടർ കൈമാറി.

 

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളി സെമിത്തേരിയിൽ യാക്കോബായ വൈദികനെക്കൊണ്ട് പ്രാർത്ഥന നടത്തണമെന്ന ഹർജി തള്ളി ഹൈക്കോടതി..ഇരുപത് വർഷം മുമ്പ് അന്തരിച്ച തന്റെ പിതാവ് ഫാ.ഡേവിഡ് കുഴിക്കാട്ടിലിന്റെ കല്ലറയിൽ താൻ ആ​ഗ്രഹിക്കുന്ന വൈദികനെക്കൊണ്ട് ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ മകൻ പോൾ കെ ഡേവിഡ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

 

ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു. 69 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് അന്ത്യം.

 

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസറാണ് പിടിയിലായത്. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാൻ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസർ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറുന്നതിനിടെയാണ് വിജിലൻ സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്.

 

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കെപിസിസി പ്രസിഡന്റ് കത്തുനല്‍കി.

 

മുംബൈയുടെ പ്രശസ്തമായ കാഴ്ചകളിൽ ഒന്നായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചതോടെ ഉയരുന്നത് കനത്ത പ്രതിഷേധം. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കബൂതർഖാനകൾ (പ്രാവുകൾക്ക് തീറ്റ നൽകുന്ന സ്ഥലങ്ങൾ) ടാർപോളിൻ ഷീറ്റുകൾ ഉപയോഗിച്ച് മൂടാൻ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തീരുമാനിച്ചതോടെയാണ് സംഭവം വിവാദമായത്.

 

ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്. 20 പേരെ രക്ഷപ്പെടുത്തി. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ പ്രളയ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

 

ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം ഉണ്ടായ സാഹചര്യത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പുഷ്കർ ധാമിയുമായി സംസാരിച്ചതായും രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും വാ​ഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

 

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്‍റ് ട്രമ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തുമെന്ന് ഇന്ത്യക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്ന് യുഎസ് പ്രസിഡന്‍റ് തുറന്നടിച്ചു. അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. എന്നാൽ ഞങ്ങൾ അവർക്കൊപ്പമില്ലെന്ന് ട്രംപ് ചൊവ്വാഴ്ച സിഎൻബിസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

 

അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള തീരുവയുദ്ധം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. പരമാധികാര രാഷ്ട്രങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്ക് മേൽ അമേരിക്ക നിയമവിരുദ്ധമായ വ്യാപാര സമ്മർദ്ദം ചെലുത്തുന്നുവെന്നും റഷ്യ ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *