കണ്ണൂർ ജയിലിലെ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻ്റ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമം നടത്തിയത്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ച്. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും പിടികൂടലും അടക്കമുള്ള സംഭവങ്ങളിൽ അത്ഭുതപ്പെടാനില്ലെന്നും മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതീവ സുരക്ഷയുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഈ രക്ഷപ്പെടൽ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് ആറ് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ. ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം. ശാരീരികമായും ഇയാൾ തയ്യാറെടുപ്പുകൾ നടത്തി. ജയിലിന്റെ അഴി മുറിക്കാൻ ഒന്നരമാസം സമയമെടുത്തു. ഇതിനുപയോഗിച്ച ബ്ലേഡ് എടുത്ത് ജയിൽ വർൿഷോപ്പിൽ നിന്നാണെന്ന് ചോദ്യം ചെയ്യലിൽ ഗോവിന്ദച്ചാമി സമ്മതിച്ചു. പാടുകൾ അറിയാതിരിക്കാൻ തുണികൊണ്ട് മറച്ചു. പുലർച്ചെ നാലരയോടെയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം.
കൊന്നുകളയുമെന്ന് ഗോവിന്ദച്ചാമി തന്നെ ഭീഷണിപ്പെടുത്തിയതായി ഉണ്ണിക്കൃഷ്ണൻ. കണ്ണൂരിലെ അതീവ സുരക്ഷ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിനുള്ളിലാണ്. ഗോവിന്ദച്ചാമി കിണറ്റിലുണ്ടെന്ന് ആദ്യം കണ്ടത് ഉണ്ണിക്കൃഷ്ണനാണ്. വാർത്ത അറിഞ്ഞ ഉടനെ നാട്ടുകാർക്കൊപ്പം തിരച്ചിലിന് എത്തിയതായിരുന്നു ഉണ്ണിക്കൃഷ്ണൻ.
കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ കുറിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളിലൊന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസ മറുപടി.
വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സുരക്ഷാ വീഴ്ചയില്ലാതെ ജയിൽ ചാടാൻ പറ്റുമോ എന്നായിരുന്നു ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് എംവി ഗോവിന്ദൻ്റെ മറുപടി. ഇന്ന് പുലർച്ചെ നാലരയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ 9 മണിയോടെ പിടികൂടുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. അതേ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യവ്യവസ്ഥ അനുസരിച്ച് കോടതിയിൽ നൽകിയ പാസ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേട്ടു. ജൂലൈ 31 ന് ഉത്തരവ് പുറപ്പെടുവിക്കും.
എറണാകുളം രവിപുരത്ത് അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സുകൾക്കെതിരെ ആർ.ടി.ഒ (എൻഫോഴ്സ്മെന്‍റ്) നടപടിയെടുത്തു. ബസ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി. എറണാകുളം സിറ്റി പൊലീസും ഈ ബസുകൾക്കെതിരെ അപകടകരമായ ഡ്രൈവിങിന് നടപടി സ്വീകരിച്ചു.
തൃശ്ശൂരിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ആഗസ്റ്റ് അഞ്ച് മുതൽ സർവീസുകൾ നിർത്തിവെക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം. ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ നിന്നും പുഴക്കൽ വഴി പോകുന്ന ബസുകളാണ് സർവീസ് നിർത്തുന്നത്.
സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ തൃപ്തരാണെന്ന് സമസ്ത നേതാക്കൾ. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഉമർ ഫൈസി മുക്കം പ്രതികരിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി.ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി.
പാലക്കാട് വടക്കഞ്ചേരിയിൽ യുവതി ഭ൪തൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭ൪ത്താവ് റിമാൻഡിൽ. മരിച്ച നേഘയുടെ ഭ൪ത്താവ് ആലത്തൂ൪ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂ൪ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു.
മണലൂരിലെ അഗതി മന്ദിരത്തിൽ വച്ച് മരിച്ച അരിമ്പൂർ കൈപ്പിള്ളി സ്വദേശി തോമസിന്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ പുറത്ത് കിടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. സംഭവത്തിൽ ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കളക്ടർ നിർദ്ദേശം നൽകിയത്. ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവെയാണ് തോമസ് (79) മരിച്ചത്. സംസ്കാരത്തിനായി വീട്ടിലേക്കെത്തിച്ച മൃതദേഹം മകൻ വീട് പൂട്ടി പ്പോയതിനെ തുടർന്ന് വീടിന് പുറത്തു വെച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.
ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ചചെയ്യുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
പട്രോളിങ്ങിനിടെ പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് എഴുപുന്ന തെക്ക് പുറംതട വീട്ടിൽ യദുകൃഷ്ണൻ (25), സഹോദരൻ മിഥുകൃഷ്ണൻ (22) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പന്നിയാർ പുഴയിലേക്കാണ് വെള്ളം തുറന്ന് വിട്ടത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. സെക്കന്റിൽ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുടക്കം. കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ 11-ാമത് എഡിഷൻ ഒരുക്കുന്നത്.
വയനാട് ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍റേഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 98.79 ശതമാനം മാർക്ക് നേടി മികച്ച നിലയിലാണ് ബേഗൂരിന് അംഗീകാരം ലഭിച്ചത്.
വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. ഇവർ നടത്തിയ കോഴി ഫാമിൽ നിന്നാണ് വൈദ്യുതാഘാതം ഏറ്റത്. രാവിലെ സ്ഥലം ഉടമ ഫാമിൽ പരിശോധന നടത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫാമിന് ചുറ്റും സ്ഥാപിച്ച കോപ്പർ വയറിൽ നിന്ന് ഇരുവർക്കും ഷോക്കേറ്റ്താകാൻ ആണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം.
പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർ തമ്മിൽ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക ബന്ധം ലൈംഗിക ബലാത്സംഗമായി കണക്കാക്കുന്ന നിയമവ്യവസ്ഥകളെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 18 വയസ്സിൽ നിന്ന് കുറയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, കൗമാരക്കാരുടെ പ്രണയവും ശാരീരികവുമായ ബന്ധങ്ങളിൽ ജുഡീഷ്യൽ വിവേചനാധികാരം ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പ്രയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു.
സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളിൽ പ്രതിഷേധിച്ചാൽ പോരെയെന്നാണ് കോടതി ചോദിച്ചത്. ആയിരക്കണക്കിന് മൈൽ അകലെയുള്ള പലസ്തീനിലെ പ്രശ്നത്തിൽ പ്രതിഷേധം എന്തിനെന്നുമാണ് കോടതിയുടെ ചോദ്യം. ഇന്ത്യയിലെ മാലിന്യ സംസ്ക്കരണം, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു.
ജമ്മു കശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയോട് ചേർന്ന് സ്ഫോടനം. സംഭവത്തിൽ ഒരു ജവാന് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഗ്നിവീർ ലളിത് കുമാർ ആണ് വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.
മുൻ കാമുകനെ സെക്‌സ്‌റ്റോർഷന് ഇരയാക്കിയ സംഭവത്തിൽ, യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അലിഗഢിലെ ക്വാർസി പ്രദേശത്താണ് സംഭവം. ബഹ്‌റൈനിൽ നിന്ന് തിരിച്ചെത്തിയ മേക്കപ്പ് ആർട്ടിസ്റ്റായ യുവതി തന്ത്രപൂര്‍വം യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തുകയായിരുന്നു. ക്വാർസി പ്രദേശത്തെ ഒരു ബേക്കറിയുടമയാണ് തട്ടിപ്പിനിരയായത്.
ഹരിത റെയിൽ നവീകരണത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ കോച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്) വിജയകരമായി പരീക്ഷിച്ചു. പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് എക്സിൽ പങ്കുവച്ചത്.
അമ്മയുടെ മരണത്തിൽ മനംനൊന്ത് മഹാരാഷ്ട്രയിലെ സോലാപ്പൂരിൽ 16 വയസുകാരൻ ജീവനൊടുക്കി. ശിവശരൺ ഭൂതാലി താൽക്കോട്ടി എന്ന വിദ്യാർത്ഥിയെ അമ്മാവന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് മാസം മുൻപാണ് ശിവശരണിന്‍റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
ജയ്‌പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്‌പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഫ്ലൈറ്റ്റഡാർ വെബ്‌സൈറ്റ് പ്രകാരം ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയർന്നത്. പിന്നീട് വിമാനം ജയ്‌പൂരിലേക്ക് തിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുകയായിരുന്നു.
രാജസ്ഥാനിലെ ജലവാറിൽ സ്കൂളിലെ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. 30 ഓളം പേർക്ക് പരിക്കേറ്റു. ഭൂരിഭാഗവും കുട്ടികളാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. കെട്ടിടം തകർന്നുവീഴുമ്പോൾ വിദ്യാർഥികൾ ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ ഭാര്യ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് കുട്ടികളുമായി ഗാസയിൽ നിന്ന് തുർക്കിയിലേക്ക് പലായനം ചെയ്തതായി ഹീബ്രു മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ തുർക്കിയിൽ താമസിക്കുന്നുണ്ടെന്നും പുനർവിവാഹം കഴിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിൻവാറിന്റെ ഭാര്യയായ സമർ മുഹമ്മദ് അബു സമർ, റാഫ അതിർത്തി കടന്ന് ഈജിപ്തിലേക്ക് പോയെന്ന് പേര് വെളിപ്പെടുത്താത്ത ഫലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലദ്വീപിൽ ഗംഭീര സ്വീകരണം. 60 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി മാലിയിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ മോദിയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാലദ്വീപിന്‍റെ ഗാർഡ് ഓഫ് ഓണറും നൽകി.
ഒമാനിലെ സുഹാര്‍ വ്യാവസായിക തുറമുഖത്തെ ഒക്യുവിന്‍റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം. വ്യാഴാഴ്ച ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.