യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണെന്നും, കമ്യൂണിസ്ററ് പാര്‍ട്ടി മത്സരിക്കുന്നത് ദേശിയ പദവി നിലനിര്‍ത്താനാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. കോണ്‍ഗ്രസിനേയും രാഹുലിനേയും തോല്‍പ്പിക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കാന്‍ പറ്റാത്തതിലെ നിരാശയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നത്. അന്വേഷണങ്ങളില്‍ നിന്നും മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്ര നിലപാട് മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടി വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ്.മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം. കോൺഗ്രസ് എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിച്ചു കൊള്ളുമെന്നും അദ്ദേഹം തിരിച്ചടിച്ചു.
സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂരിൽ അടക്കം സഹകരണ ബാങ്കുകളിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് ഇഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ഉന്നത നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇഡിയുടെ വാദങ്ങൾ തള്ളുന്നത്.
സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് കോടതിയിൽ നൽകിയ ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ ശ്രമമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. ഹൈക്കോടതി ഹർജി നാളെ പരിഗണിക്കും.
പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് . മോൻസൻ പരാതിക്കാരിൽ നിന്ന് തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്അന്തിമ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ കുറ്റപത്രത്തിൽ ഉണ്ട്. എന്നാൽ ഇവർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്.
എലത്തൂരില്‍ പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റി. പെൺകുട്ടിക്ക് പതിനഞ്ച് വയസ് പ്രായമേ ഉള്ളു. യുവാവും പെൺകുട്ടിയും വെസ്റ്റ്ഹില്ലില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു എന്നാണ് സൂചന. രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
റിയാസ് മൗലവി കേസിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. വിചാരണ കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണ്. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും പ്രതികളെ വെറുതെ വിട്ടു. വിചാരണ കോടതി വിധി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലിൽ സർക്കാർ ആരോപിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന പരിശോധനകളിൽ 33.31 കോടി രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തു. സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ നിരവധി വസ്തുക്കൾ ആണ് പിടിച്ചെടുത്തതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി. ഭരണഘടന സംരക്ഷിക്കുo, മതേതര തത്വവും, ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുo.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം റദ്ദാക്കും. യു എ പി എ യും പിഎംഎൽഎ യും റദ്ദാക്കുo, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
പതാക വിവാദത്തിൽ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. വയനാട്ടിൽ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഎം നോക്കണ്ട. രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പറ്റാത്ത അവസ്ഥയാണ്. കോൺഗ്രസിന്റെ കൊടിക്കൊപ്പം മാത്രമേ അത് കെട്ടാൻ ആകു.കൊടി കൂട്ടി കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.നാളെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുo.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് നഴ്സിങ് ഓഫീസർ പി ബി അനിതയുടെ ഉപവാസം കോഴിക്കോട് മെഡിക്കൽ കോളേജിൽ.ഡിഎംഇ ഉത്തരവിറക്കാതെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെന്നതിൽ ഉറച്ച് നിൽക്കുകയാണ് മെഡിക്കൽ കോളേജ്. കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു.ആശുപത്രി തീരുമാനം മാറ്റുന്നത് വരെ ഉപവാസം തുടരുമെന്ന് അനിത അറിയിച്ചു.
ജെ. മോസസ് ജോസഫ് ഡിക്രൂസിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ദില്ലി പൊലീസില്‍ പരാതി നല്‍കി. കള്ളരേഖയുണ്ടാക്കുകയും തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖറിന്റെ പഴയൊരു ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.
റഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുo, ഇവരെ കടത്തിയ ഏജന്‍റുമാര്‍ക്കെതിരെ നടപടിയുമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ, റഷ്യയിലെ അംബാസിഡർക്ക് നിർദേശം നൽകിയിട്ടുണ്ട്, യുദ്ധമുഖത്തേക്ക് ഇന്ത്യക്കാരെ കടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
കേരള തീരത്ത് കടലാക്രമണ സാധ്യത തുടരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് അറിയിച്ചിട്ടുള്ളത്.
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി അഖിൽ ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം.
പശ്ചിമ ബംഗാൾ സർക്കാരിനെ സന്ദേശ്ഖാലി അക്രമത്തിൽ രൂക്ഷമായി വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ഷെയ്ഖ് ഷാജഹാനെതിരായ ലൈംഗികാതിക്രമം, ഭൂമി തട്ടിയെടുക്കൽ, കേസുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ലാമ ലോബ്സാങിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമിത് ഷാ. സമൂഹത്തിന്‍റെ ക്ഷേമത്തിനായി നിസ്വാർത്ഥമായി സേവനം ചെയ്ത ആദരണീയനായ വ്യക്തിയായിരുന്നു, ദേശീയ പട്ടികവർഗ കമ്മീഷനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി പോരാടിയ ലാമ ലോബ്സാങ് എന്ന് അനുശോചന കുറിപ്പിൽ അമിത് ഷാ പറഞ്ഞു.
അമേഠിയിൽ റോബർട്ട് വദ്ര മത്സരിക്കുമെന്ന് അഭ്യൂഹം. താൻ പാർലമെന്റ് അംഗമാകാൻ തീരുമാനിച്ചാൽ അമേഠി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര പറഞ്ഞു. വർഷങ്ങളായി അമേഠിയിലേയും റായ്ബറേലിയയിലെയും ജനങ്ങൾക്ക് വേണ്ടി ഗാന്ധി കുടുംബം പ്രവർത്തിക്കുന്നുണ്ട്. അമേഠിയിലെ നിലവിലെ പാർലമെന്റ് അംഗത്തിൽ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വദ്ര വ്യക്തമാക്കി.