കരുവന്നൂർ കള്ളപ്പണ ഇടപാടിൽ മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും.
കോട്ടയം കളത്തിപ്പടി അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവർ വി ബ്രിജേഷിനെ പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ച സംഭവത്തിൽ ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തൃശ്ശൂർ വെള്ളപ്പായയിൽ ടിക്കറ്റ് ചോദിച്ചതിൻ്റെ പേരിൽ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പ്രതിയെ പാലക്കാട് റെയിൽവെ പൊലീസ്കസ്റ്റഡിയിലെടുത്തു.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ. മസാല ബോണ്ട് ഇറക്കിയതിന്‍റെയും ഫണ്ട് വിനിയോഗത്തിന്‍റെയും പ്രധാന ഉത്തരവാദിത്തം തോമസ് ഐസകിനാണെന്ന ഇഡി വാദം തെറ്റാണെന്ന് കിഫ്ബി സിഇഒ ഹൈക്കോടതിയെ അറിയിച്ചു.
റിയാസ് മൗലവി വധക്കേസ് ഉന്നതപോലീസ് സംഘം പുനഃരന്വേഷിക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എംഎം ഹസന്‍ . ഒരു മുസ്ലീംപണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്താതിരുന്നത് വ്യക്തമായ അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണെന്നും, അതു സര്‍ക്കാരിന്റെ നയമല്ലെന്നുമാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. അതേ മുഖ്യമന്ത്രിയാണ് മാവോയിസ്റ്റ് സാഹിത്യം വായിച്ചെന്ന പേരില്‍ അലന്റെയും താഹയുടെയും ജീവിതം യുഎപിഎ ചുമത്തി ജയിലിടച്ച് തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ക്രിമിനൽ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാൽ. ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നൽകിയത്. 2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ്.
വിസ്താരയുടെ ദില്ലി – കൊച്ചി വിമാന സർവീസ് ഉൾപ്പടെ കഴിഞ്ഞ ഒരാഴ്ച കമ്പനി ആഭ്യന്തര സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദ്ദേശപ്രകാരം ഡിജിസിഎ വിശദീകരണം തേടി.പൈലറ്റുമാരുടെ അഭാവമാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് കമ്പനി പറയുന്നത്.
ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം, പുറംവേദന, കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കുമെന്ന് എംവിഡി അറിയിച്ചു. രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കമെന്നും എംവിഡി വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. മരണാനന്തര ജീവിതത്തിൽ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും, ഇവരുടെ മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയിൽ മന്ത്രി മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടര്‍ വിശദീകരണം തേടി. എന്നാൽ നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും, ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ നളന്ദ ഓഡിറ്റോറിയത്തിൽ എൽഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി റിയാസ് പറഞ്ഞത്.
എസ്എസ്എൽസി, ടി ച്ച് എസ് എൽ സി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം നാളെ ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിനായി 70 ക്യാമ്പുകളും, ഹയർ സെക്കൻഡറിയിൽ 77 ഉം, ടി ച്ച് എസ് എൽ സിയ്ക്കായി രണ്ടും, വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 8 ക്യാമ്പുകളിലും ആയാണ് മൂല്യനിർണയം നടക്കുക.
വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് സിപിഎo സംസ്ഥാന സെക്രട്ടേറിയറ്റ്. അക്കൗണ്ടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിനും ഇലക്ഷന്‍ കമ്മീഷനുo നല്‍കിയിട്ടുണ്ട്. ചിലര്‍ നടത്തുന്ന പ്രചാരവേലകള്‍ വസ്തുതാവിരുദ്ധമാണ്. ജനങ്ങള്‍ ഇത് തള്ളിക്കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീർത്തി ലോകം മുഴുവന്‍ പ്രചരിക്കുന്നു എന്നും പ്രതിനിധിയായി മണ്ഡിയിലെ മകളെയാണ് അദ്ദേഹം തെരഞ്ഞെടുത്തതെന്നും എന്നാല്‍ കോണ്‍ഗ്രസ് മണ്ഡിയിലെ മകള്‍ക്കെതിരെ മോശം കാര്യങ്ങള്‍ പറയുന്നുവെന്നും കങ്കണ കുറ്റപ്പെടുത്തി.