ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണ്ടത് ഇരട്ടത്താപ്പില്ലാതെ ആകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. ഇതിൽ പ്രഭാതഭക്ഷണവും അത്താഴ വിരുന്നും നടത്തിയുള്ള നയതന്ത്രജ്ഞതയ്ക്ക് സ്ഥാനമുണ്ടാകരുത്. . ജന സംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം നാളെ നടക്കുമെന്ന് പി കെ കൃഷ്ണദാസ്. ഒറ്റ പത്രിക മാത്രമാണ് സമർപ്പിക്കുന്നതെങ്കിലും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരികയെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.
ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. ചോദ്യപേപ്പർ നിർമ്മാണത്തിന്‍റെ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് കണ്ടെത്താനാണ് നിർദ്ദേശം. അക്ഷരത്തെറ്റുകൾ പരീക്ഷ എഴുതിയ വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മയക്കുമരുന്നിനെതിരെ എക്സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേർ. മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കും. അതിർത്തിയിൽ കർശന ജാഗ്രത തുടരാനും മന്ത്രി നിർദേശം നൽകി.
ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്ര മന്ത്രി സമരപന്തൽ സന്ദര്‍ശിച്ചപ്പോള്‍ മണിമുറ്റത്താവണി പന്തൽ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്ര മന്ത്രിയോട് അവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ പറ്റിയില്ലേ? കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാൻ ഒന്നുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു കുറ്റപ്പെടുത്തി.
ലോക ജലദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാർച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവ കേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
കോതമംഗലം രൂപത മുൻ അധ്യക്ഷൻ ജോർജ് പുന്നക്കാട്ടിലിന് എതിരായ വനംവകുപ്പിന്റെ കേസ് ഭരണഘടനയോടുളള വെല്ലുവിളി എന്ന് കോതമംഗലം രൂപത. ആലുവ മൂന്നാർ രാജപാതയിലെ ജനമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് ആയിരുന്നു മുൻ രൂപത അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ വനംവകുപ്പ് കേസെടുത്തത്. വനംവകുപ്പിന് അവകാശമില്ലാത്ത റോഡ് ആണ് ഇതെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി.
മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ലെന്നും കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേർക്കുകയെന്നും ജയരാജൻ ചോദിച്ചു.
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം. യു ജി സി യുടെ നമ്പർ 1 കാറ്റഗറിയിൽ ഉൾപ്പെടുത്തി അറിയിപ്പ് വന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു . കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി മാറുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. തലസ്ഥാനമടക്കമുള്ള ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം.അഞ്ചര മാസം പ്രായമുള്ള കുട്ടി ഇന്ന് രാവിലെ മരിച്ചു.പാൽ തൊണ്ടയിൽ കുരുങ്ങിയുള്ള മരണമെന്നാണ് പൊലീസ് റിപ്പോർട്ട്.കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടർന്നെന്ന് എസ്എടി ആശുപത്രി അധികൃതർ അറിയിച്ചു.മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് ഔദ്യോഗിക വിശദീകരണം.ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.
കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.
താമരശ്ശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി. ഗ്രേഡ് എസ്ഐ നൗഷദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. റൂറൽ എസ്‍പി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്.പരാതിയുടെ ഗൗരവം മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തി എന്ന വിലയിരുത്തലിലാണ് നടപടി.
താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, എംഡിഎംഎ വിഴുങ്ങിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല.
കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. രഞ്ജിത്തിന്‍റെ അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത സാമ്പത്തിക ബാധ്യത തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്.
2024 ലെ ജ്ഞാനപീഠം പുരസ്കാരം പ്രമുഖ ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്. കവിത, കഥ, നോവൽ തുടങ്ങി വിവിധ സാഹിത്യമേഖലകൾക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പ്രതിഭാ റേയുടെ അദ്ധ്യക്ഷതയിലുള്ള സമിതി വിനോദ് കുമാർ ശുക്ലയ്ക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യ എഴുത്തുകാരനാണ് 88കാരനായ വിനോദ് കുമാർ ശുക്ല.
സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പുണെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥക്ക് അനുകൂലമായ കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവർത്തകൻ നൽകിയ അപ്പീലിലാണ് ബോംബേ ഹൈക്കോടതിയുടെ വിധി. മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരും എന്ന ഉദ്യോഗസ്ഥന്റെ കമന്‍റാണ് പരാതിക്കിടയാക്കിയത്.
ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്ത സംഭവത്തിൽ സുപ്രീം കോടതി തുടർ നടപടി തിങ്കളാഴ്ചയോടെ ഉണ്ടാകും. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ട് സുപ്രീംകോടതി കൊളീജിയം പരിശോധിക്കും. പണം കണ്ടെത്തിയെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ദില്ലി പൊലീസിൽ നിന്നടക്കം ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ജഡ്ജി വെർമ്മയുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്‌ഡേറ്റുകൾ അറിയിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി എയർ ഇന്ത്യയും അറിയിച്ചു.