Untitled design 20250112 193040 0000 2

 

ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി-ബാച്ചിലെ 118 സബ്ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 15) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്.

ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ചെന്നൈയിലെ പ്രതിഷേധ സംഗമത്തിൽ പിണറായി വിജയൻ പങ്കെടുക്കും. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു.മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം.

ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു. രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.കടുവക്കായുള്ള തെരച്ചിൽ നാളെയും തുടരുമെന്നും കടുവയെ കണ്ടാൽ മയക്കു വെടി വെക്കാൻ സജ്ജമാണെന്നും കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു.

വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി. രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്.

സർക്കാറിന്റെ വരുമാന സ്രോതസ്സുകളിൽ പ്രധാനപ്പെട്ട വകുപ്പായ രജിസ്ട്രേഷ൯ വകുപ്പ് ഈ വ൪ഷം പ്രതീക്ഷിക്കുന്നത് 5500 ലധികം കോടി രൂപയാണെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്ര൯. 2023-24ന ൽ 5013.67 കോടി രൂപയായിരുന്നു വരുമാനം. എല്ലാ സബ് രജിസ്ട്രാ൪ ഓഫീസുകളിലും ക്യാഷ് ലെസ് സംവിധാനം ഏപ്രിൽ മുതൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കേരളത്തിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.

 

സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ജില്ലകളിൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (2025 മാർച്ച് 16) കൂടുതൽ പ്രദേശങ്ങളിൽ ഇടി, മിന്നൽ, മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. മാർച്ച് 20 വരെ മിക്ക ജില്ലകളിലും വേനൽമഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

 

കോഴിക്കോട് താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടാൻ ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. വിദ്യാർത്ഥി സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

 

സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തിൽ തീരുമാനിക്കും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്.

 

വിലങ്ങാട്ടെ ദുരിതബാധിതർക്കായി തയ്യാറാക്കിയ പുനരധിവാസ പട്ടികയെ കുറിച്ചും വ്യാപക പരാതി. ഉരുൾപൊട്ടൽ നേരിട്ട നിരവധി കുടുംബങ്ങൾ സർക്കാർ തയ്യാറാക്കിയ ആദ്യ ഘട്ട പട്ടികയിൽ നിന്ന് പുറത്തായി. ദുരിതബാധിതരായ 53 കുടുംബങ്ങളിൽ 21 പേർ മാത്രമാണ് പട്ടികയിലുളളത്. 15 ലക്ഷം പൂപയുടെ പാക്കേജിൽ നിന്നാണ് നിരവധി കുടുംബങ്ങള്‍ പുറത്തായത്. അര്‍ഹരായ പലരും പട്ടികയിൽ ഉള്‍പ്പെട്ടിട്ടില്ലെന്ന വ്യാപക പരാതിയാണ് വിലങ്ങാട് നിന്നുയരുന്നത്.

കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസിൽ ഒരാള്‍ കൂടി പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്.അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികള്‍ മൊഴി നൽകിയിരിക്കുന്നത്.

 

അധ്യാപകനെ തരൂവെന്ന മുദ്രാവാക്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്. 230 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മൂന്ന് അധ്യാപകര്‍ മാത്രമാണ് ആകെയുള്ളത്. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടി എം എല്‍ ടിക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് പഠനം മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഷമിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബി എസ് സി മെഡിക്കല്‍ ലാബോട്ടറി ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് സമരത്തിനിറങ്ങുന്നത്.

 

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആർ. രഘുനാഥനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു. അന്തരിച്ച എ.വി. റസ്സലിന്റെ പിൻഗാമിയായാണ് ടി.ആർ. രഘുനാഥൻ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

 

കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിലെ അലോഷിയുടെ സംഗീത പരിപാടിയിൽ പാർട്ടി കൊടിയും ചിഹ്നവും പ്രദർശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി. പാട്ടിനൊപ്പം എൽഇഡി വാളിൽ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണെന്ന് ഉപദേശക സമിതി പ്രസിഡന്‍റ് എസ് വികാസ് പറഞ്ഞു. സംഘാടകർക്ക് സംഭവിച്ച ശ്രദ്ധക്കുറവ് ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തും. ദേവസ്വം ബോർഡിന്‍റെ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉയർന്ന വിവാദങ്ങളിൽ ദു:ഖമുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

 

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്‍റെ പക്കല്‍ വന്‍ നിക്ഷേപവും, മദ്യശേഖരവും. കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് വൻ നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ മദ്യശേഖരവുമുണ്ടെന്നാണ് വിജിലന്‍സ് വിശദമാക്കുന്നത്.

 

ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും.

 

മെഡിക്കൽ കോളേജിൽ നിന്ന് പരിശോധനയ്ക്ക് അയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ എടുത്തു കൊണ്ട് പോയ കേസിൽ ആക്രി കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സൂപ്രണ്ടിന്‍റെ പരാതിയിലാണ് യുപി സ്വദേശി ഈശ്വർ ചന്ദിന്റെ (25) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ തന്നെ ഒരു സംഘം ആൾക്കാർ മർദ്ദിച്ചുവെന്ന് ഈശ്വർ ചന്ദ് മൊഴി നൽകിയിരുന്നു.

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എൻ ശക്തൻ തുടങ്ങിയ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണ് പാര്‍ട്ടിയില്‍ ആലോചന.മുല്ലപ്പള്ളി നിയമസഭയിലേക്ക് ഇറങ്ങിയാല്‍ ഈ സീറ്റുകളില്‍ ഒന്ന് പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.

 

മഹാരാജാസ് കോളേജിലെ കെഎസ്‌യുവിൻ്റെ മുൻ യൂണിറ്റ് പ്രസിഡൻ്റും കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയുമായി മുഹമ്മദ് നിയാസിനെ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ തർക്കത്തെ തുടർന്ന് മർദ്ദിച്ചുവെന്നാണ് നിയാസ് പരാതിയിൽ ആരോപിക്കുന്നു.കുറ്റക്കാർക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുത്തില്ലെങ്കിൽ പൊലീസിലെ സമീപിക്കുമെന്നും വിഷയം പൊതുമധ്യത്തിൽ ചർച്ചയാക്കുമെന്നും നിയാസ് പരാതിയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പുനലൂരിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഡോക്ടർക്ക് യുവാക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ച് ഗുരുതര പരുക്ക്. മുൻ ഡിഎംഒയും നിലവിൽ പുനലൂർ പ്രണവം ആശുപത്രിയിലെ സീനിയർ ഡോക്ടറുമായ പുഷ്‌പാംഗതനാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി പുനലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. തലയ്ക്ക് അടക്കം പരുക്കേറ്റ ഡോക്ടർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

വ്യാജ എൽഎസ്‌ഡി കേസിൽ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഷീല സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവർ മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞുവെന്നും കേസിൽ എക്സൈസിനും പങ്കുണ്ടെന്നും ആരോപിച്ച് ഷീല സണ്ണി, കേസ് കാരണം ജീവിതം തന്നെ തകർന്നുവെന്നും പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്‌കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളം മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തൻ്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡൻ്റിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് താൻ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു. ആർഎസ്എസിനെയും മൂന്നര മണിക്കൂറിലേറെ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി പുകഴ്ത്തി.

 

കർണാടകയിൽ യുവ നടി രന്യ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെ കർണാടക ഡിജിപി കെ. രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. ശനിയാഴ്ച മുതലാണ് കർണാടക സ്റ്റേറ്റ് പൊലീസ് ഹൌസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പഫേൻ എംഡി പദവിയിൽ നിന്നാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. 12.56 കോടി വില വരുന്ന 1850 പവൻ സ്വർണവുമായി മാർച്ച് മൂന്നിനാണ് യുവനടി അറസ്റ്റിലായത്.

75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ.ദില്ലിയിൽ നിന്ന് ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് സ്ത്രീകളിൽ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്.കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.പിടിയിലായ രണ്ട് സ്ത്രീകളും ദക്ഷിണാഫ്രിക്ക സ്വദേശികളാണ്.

 

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി വിയറ്റ്നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വെളിപ്പെടുത്താതെ ഇടയ്ക്കിടെ യാത്ര ചെയ്യുകയാണെന്ന ആരോപണവുമായി ബിജെപി. വെളിപ്പെടുത്താത്ത ഇത്തരം യാത്രകൾ പ്രതിപക്ഷ നേതാവിന് യോജിച്ചതല്ലെന്നും ദേശീയ സുരക്ഷക്ക് ആശങ്കയാണെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു. സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ പോലും അദ്ദേഹം ഇത്രയും സമയം ചെലവഴിച്ചിട്ടില്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

 

രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി.അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ NCB സംഘത്തെ അഭിനന്ദിച്ചു.

 

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും.

 

മഹാരാഷാട്രയില്‍ മഹായുതി സര്‍ക്കാരിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്. ഇടഞ്ഞു നില്‍ക്കുന്ന ഏക്‌നാഥ് ഷിന്ദെയെയും എന്‍സിപി അജിത് പവാര്‍ പക്ഷത്തേയും സഖ്യത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഏക്‌നാഥ് ഷിന്ദെയും അജിത് പവാറും കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ ഇരുവര്‍ക്കും വ്യവസ്ഥയില്‍ മുഖ്യമന്ത്രിയാകാമെന്ന് കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ വാഗ്ദാനം നല്‍കി.

 

സംസ്ഥാന ബജറ്റ് ലോ​ഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ ആദ്യപ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ് എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ് ഇഷ്ടമില്ലാത്തവർ ആണ്‌ രൂപയുടെ ചിഹ്നം ഒഴിവാക്കിയത് പ്രശ്നമാക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രവിഹിതം തരാത്ത ധനമന്ത്രി ആണ് തമിഴ്നാടിനെ വിമർശിക്കുന്നത്. നിർമല സീതാരാമൻ തന്നെ തമിഴിലെ ‘രൂ ‘ഉപയോഗിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *