യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. നവീൻബാബുവിൻറ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് നിർണ്ണായക വിവരങ്ങൾ.പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. നവീൻ ബാബുവിനെ ആക്ഷേപിക്കാൻ പിപി ദിവ്യ വലിയ ആസൂത്രണം നടത്തിയെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ടിൽ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്.നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.
നവകേരളയ്ക്ക് പുതുവഴിയെന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സ്വകാര്യ നിക്ഷേപം ആര്‍ജിക്കാൻ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൊതുമേഖലയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലാഭത്തിൽ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നും പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) നടപ്പാക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വൻതോതിൽ സ്വകാര്യ നിക്ഷേപം ആർജിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയ്ക്ക് സിപിഎം സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പൂര്‍ണ പിന്തുണ. സ്വകാര്യ പങ്കാളിത്തത്തിന് പുറമെ സെസും ഫീസും അടക്കമുള്ള നിർദേശങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിർദേശം മാത്രമാണ് സമ്മേളന ചർച്ചയിൽ ഉയർന്നത്.നവകേരളത്തിനുള്ള പുതുവഴി എന്ന നയരേഖ പാർട്ടിയുടെ പ്രകടമായ നയ വ്യതിയാനത്തിന്‍റേത് കൂടിയാണ്.
സിക്കിമിലെ ആശ വര്‍ക്കര്‍മാരുടെ വേതനത്തെ സംബന്ധിച്ച് താന്‍ നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ വെല്ലുവിളിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മന്ത്രി ഇടപെട്ട് അവസരം വാങ്ങിച്ചുതന്നാല്‍ വേതനക്കണക്കില്‍ നിയമസഭയില്‍ സംവാദം തുടരാന്‍ താന്‍ തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കി. കേരളമാണ് ഏറ്റവുമധികം പണം നല്‍കുന്നത് എന്ന വ്യാജമായ നിര്‍മിതിയില്‍ ഊറ്റംകൊള്ളുകയാണ് ആരോഗ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ എരമല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. എഴുപുന്ന സ്വദേശി മുഹമ്മദ് ആസിഫ് ആണ് എക്സൈസിന്റെ പിടിയിൽ ആയത്. കഞ്ചാവ് കൈക്കലാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആണ് യുവാവിനെ കുടുക്കിയത്.
ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. അസം സ്വദേശിയായ സദ്ദാമാണ് പ്രതി. സംഭവത്തിൽ ഇയാൾ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവർ ആണ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചത്. നാലു പേരെയും നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തു.
കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയപൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. പാറോലിക്കലിലെ ഷൈനിയുടെ വീട്ടിൽ നിന്നാണ് പൊലീസ് ഫോൺ കണ്ടെത്തിയത്.ഫോൺ കാണാതായതിലെ ദുരൂഹത വാർത്തയായതിന് പിന്നാലെയാണ് ഇന്ന് ഷൈനിയുടെ വീട്ടിൽ നിന്ന് ഫോൺ കണ്ടെത്തിയത്.നിലവിൽ ഫോൺ ലോക്കായ നിലയിലായിലാണ്. സൈബർ വിദഗ്ധരുടെ സഹായത്തോടെ ലോക്ക് അഴിച്ച ശേഷം ശാസ്ത്രീയ പരിശോധനയക്ക് അയക്കും.
പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരെ ഉപഭോക്തൃ സമിതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജയ്പൂർ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തിൽ അഭിനയിച്ചവരെ വിളിപ്പിച്ചത്. ജയ്പൂർ സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാൻമസാലയിൽ ഉൾപ്പെടുത്താനാകില്ലെന്നും, പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് പരാതി.
ദില്ലി വിമാനത്താവളത്തിൽ വയോധികയ്ക്ക് വീൽചെയര്‍ നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി എയര്‍ ഇന്ത്യ. എയർ ഇന്ത്യ അധികൃതർ ദില്ലി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പരാതി. യാത്രക്കാരി വന്നത് വൈകിയാണെന്നും തിരക്ക് കാരണം യാത്രക്കാരിയും ബന്ധുക്കള്‍ക്കും കാത്തിരുന്ന സമയത്ത് വീൽ ചെയര്‍ നൽകാനായില്ലെന്നും എയര്‍ ഇന്ത്യ വക്താവ് വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു.
ഗുജറാത്തിലെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ നിഷ്‌ക്രിയരാണെന്നും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങൾക്ക് നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
കർണാടകയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവർ ആണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നെന്നും ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു എന്നും കൊപ്പൽ എസ് പി അറിയിച്ചു. കർണാടകയിലെ ഹംപിയിൽ വിദേശ വനിതയെയും ഹോം സ്റ്റേ ഉടമയേയുമാണ് കൂട്ടബലാത്സംഗം ചെയ്തത്.
കള്ളക്കടത്തുകാര്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വിവിധ വിമാനത്താവളങ്ങള്‍വഴി സ്വര്‍ണം കൊണ്ടുവരുന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് സി.ബി.ഐ. സ്വര്‍ണക്കടത്തുകേസില്‍ കന്നഡ നടി റന്യ റാവുവിനെ ഡി.ആര്‍.ഐ. (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സി.ബി.ഐയുടെ നീക്കം.