വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദർശനവും സംബന്ധിച്ചുള്ള വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി ശശി തരൂർ. കെസി വേണുഗോപാലിൻ്റെ കൂടി സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിൽ സംസാരിച്ചത്. രാഹുൽ ഗാന്ധിയെ കണ്ട ശേഷം പത്ത് ജൻപഥിലെ വസതിയിൽ വച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല.പൂക്കോട് റാഗിങ് കേസിലെ പ്രതികളായ എസ്എഫ്‌ഐ ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിച്ചതു കൊണ്ടാണ് കോട്ടയം റാഗിങ് അരങ്ങേറിയത്.റാഗിങ്ങിനിരയായി ഇനി കേരളത്തില്‍ ഒരു മാതാപിതാക്കളുടെയും കണ്ണീര് വീഴരുത്. മുഖ്യമന്ത്രിക്ക് ഈ വിവരങ്ങൾ എല്ലാം വച്ചുകൊണ്ട് ചെന്നിത്തല കത്തയച്ചു.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ആരോപണം നിഷേധിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രേംകുമാർ. ഒരു എൻജിഒ തുടങ്ങാൻ തന്റെ വീടിന്റെ അഡ്രസ്സ് ചിലർ ചോദിച്ചിരുന്നുവെന്നും നല്ല കാര്യത്തിന് ആണെന്ന് കരുതി വീട് വാടകയ്ക്ക് നൽകാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീഡ്സ് സൊസൈറ്റിയുമായി യാതൊരു ബന്ധവും തനിക്കും മന്ത്രിക്കും ഇല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.
പാതി വില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ്റെ അഭിഭാഷകയും കോൺഗ്രസ് നേതാവുമായ ലാലി വിൻസെന്റിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ഇഡി പരിശോധന പൂർത്തിയായി. 12 മണിക്കൂറോളം ഫ്ലാറ്റിൽ ചെലവഴിച്ച ഉദ്യോഗസ്ഥർ ലാലിയിൽ നിന്ന് വിശദമായി വിവരങ്ങൾ തേടി. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഒരുപാട് കാര്യങ്ങൾ ഇ ഡി ഉദ്യോഗസ്ഥർ ചോദിച്ചെന്ന് ലാലി വിൻസൻ്റ് പ്രതികരിച്ചു.
ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു ചൈനീസ് പൗരൻമാർ കൂടി അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത തായ്‍വാൻ സ്വദേശികളായ വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ആലപ്പുഴയിൽ എത്തിച്ചു.പ്രതികളെ നാളെ ചേർത്തല കോടതിയിൽ ഹാജരാക്കും.
നന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം റദ്ദാക്കി. 2019-ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി.
ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പർ ജയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഫയർ ഫോഴ്സും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
11 വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച മുന്‍ ലഫ്റ്റനെന്‍റ് കേണലിനെതിരെയുള്ള ശിക്ഷ റദ്ദാക്കില്ലെന്ന് ബോംബൈ ഹൈക്കോടതി. ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ പുറപ്പെടുവിച്ച അഞ്ച് വര്‍ഷത്തെ തടവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിയുടെ ഹര്‍ജി കോടതി തള്ളി. 2020 ലാണ് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ തന്‍റെ സഹപ്രവര്‍ത്തകന്‍റെ മകളോട് മോശമായി പെരുമാറിയത്.
ഖത്തർ അമീറും പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിൽ ഇരട്ടിയാക്കാനും, 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ചർച്ചകളിലെ തീരുമാനം സംബന്ധിച്ച് വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
കാർവാർ നാവിക സേനാ ആസ്ഥാനത്തിന്‍റെ ഭാഗമായ കദംബ നേവൽ ബേസിന്‍റെ ചിത്രങ്ങൾ പാക് ചാരന്മാർക്ക് കൈമാറിയ കേസിൽ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. കാർവാർ മുഡഗ സ്വദേശി വേടൻ തണ്ടേൽ, അങ്കോള സ്വദേശി അക്ഷയ് നായ്ക്ക് എന്നിവരെയാണ് എൻഐഎ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരും കാർവാർ നേവൽബേസിലെ താത്കാലിക ജീവനക്കാരായിരുന്നു.
യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ‘ഇന്ത്യ ഗോട്ട് ലേറ്റന്റ്’ എന്ന യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ഈ നിര്‍ദേശം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാന്‍ അര്‍ദ്ധരാത്രി എടുത്ത തീരുമാനം അനാദരവും മര്യാദയില്ലാത്തതുമാണെന്ന് ലോക്‌സഭാപ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ താന്‍ സമര്‍പ്പിച്ച വിയോജ കുറിപ്പും രാഹുല്‍ പുറത്തുവിട്ടു.
മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
യുക്രൈനും റഷ്യയ്ക്കുമിടയിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഉന്നതതലസംഘത്തെ മധ്യസ്ഥരായി നിയോഗിച്ച് യു.എസ്സും റഷ്യയും. ഉഭയകക്ഷി ബന്ധത്തിലെ അസ്വസ്ഥതകളെ അഭിസംബോധന ചെയ്യാൻ ഇരു രാജ്യങ്ങളിലേയും പ്രതിനിധികൾ സമ്മതിച്ചതായി ചർച്ചയിൽ പങ്കെടുത്ത യു.എസ്. വിദേശകാര്യ വക്താവ് ടാമി ബ്രൂസ് പ്രസ്താവനയിൽ അറിയിച്ചു.
മഹാരാഷ്ട്രയില്‍ മൂന്ന് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ അധികാരത്തിലേറിയ മഹായുതി സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ചില എംഎല്‍എമാരുടെ സുരക്ഷ പിന്‍വലിച്ചതാണ് പുതിയ തര്‍ക്കങ്ങള്‍ക്കടിസ്ഥാനം.