രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ്സിൽ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്.

 

കേരള സർവകലാശാല ആസ്ഥാനത്ത് സമരം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ വൻ സംഘർഷം. സ‍ർവകലാശാല സ്റ്റുഡൻറസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വി.സിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പന്തൽ കെട്ടി സമരം നടത്തിയിരുന്നത്. സർവകലശാലയുടെ പ്രധാന കവാടംഎസ്എഫ്ഐ ഉപരോധിച്ചിരുന്നു. സമരക്കാരെ ഒഴിവാക്കി പന്തൽ പൊളിച്ചു മാറ്റാൻ രജിസ്ട്രാർ പൊലീസിന് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു പൊലിസ് നടപടി.

പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷൻ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

 

കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ രാജിവച്ചു. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം പാലിക്കാത്തതാണ് രാജിക്ക് ഡപ്യൂട്ടി മേയ‍ർ സിപിഐ നേതാവ് കൊല്ലം മധുവിൻ്റെ രാജിക്ക് കാരണം. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സജീവ് സോമൻ എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചത്.

 

സംസ്ഥാനത്ത് സ്വകാര്യസർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ലിൽ ആശങ്കയും എതിർപ്പും ഉന്നയിച്ച് സിപിഐ. കൂടുതൽ ചർച്ചയും പഠനവും ആവശ്യമാണെന്ന് മന്ത്രിസഭാ യോഗത്തിൽ പി പ്രസാദ് ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസമന്ത്രി യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ബിൽ പരിഗണിക്കുന്നത് മാറ്റിവെച്ചു. സ്വകാര്യ സർവ്വകലാശാല വന്നാൽ പ്രതിഷേധിക്കുമെന്ന് എഐവൈഎഫ് വ്യക്തമാക്കി.

എൻസിപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പിസി ചാക്കോയെ അനുകൂലിക്കുന്നവരും എതിര്‍ വിഭാഗവും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ ആഴ്ച പിസി ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്റ് സതീഷ്കുമാര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

 

പത്തനംതിട്ട പൊലീസ് അതിക്രമത്തിൽ പൊലീസുകാർക്കെതിരെയുള്ള നടപടി തൃപ്തികരമല്ലെന്ന് മർദനമേറ്റ സിത്താര. പട്ടികജാതി പട്ടികവർ​ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. നിലവിലെ എഫ്ഐആർ തൃപ്തികരമല്ല. എസ്ഐ അടക്കമുള്ള ഉദ്യോ​ഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർക്കണമെന്നും മർദനത്തിൽ പരിക്കേറ്റ സിത്താര ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്ന് മർദ്ദനമേറ്റ സിത്താരയും കുടുംബവും അറിയിച്ചു.

വയനാട് ജില്ലയിലെ കുറിച്യാട് കാടിനുള്ളിൽ രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുട്ടമുണ്ടയിലും ഒരു കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് കുറിച്യാട് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്.

 

വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയിൽ ഖേദം പ്രകടിപ്പിച്ചും, മാപ്പപേക്ഷിച്ചും സംസ്ഥാന പൊലീസ് മേധാവി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് മേധാവിയുടെ മാപ്പപേക്ഷ. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടു.

കേസിനെ ഭയന്ന് നിലപാടില്‍ നിന്ന് പിന്നോട്ട് പോയതില്‍ കെ.ആർ. മീരയെ അഭിനന്ദിക്കുന്നുവെന്ന് രാഹുൽ ഈശ്വർ. ഇത് പുരുഷന്മാരുടെ വിജയമാണ്. തീവ്രഫെമിനിസത്തിനെതിരായ പുരുഷന്മാരുടെ വിജയമായി ഇതിനെ കണക്കാക്കാമെന്നും രാഹുല്‍. കൊലപാതകത്തെ ന്യായീകരിക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പരാതി നല്‍കി സംഭവത്തില്‍ രാഹുലിന് മറുപടിയുമായി എഴുത്തുകാരി കെ.ആര്‍ മീര രം​ഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

പത്തനംതിട്ടയിൽ യാത്രക്കാരെ പൊലീസ് മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീ​ഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം.

 

പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള പരാതികള്‍ക്ക് പിന്നാലെ അഡ്വാന്‍സ് തുക തിരികെ നല്‍കി ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി. ഇടപ്പള്ളിയിലെ ഓഫീസിലെത്തുന്നവര്‍ക്ക് 13-ാം തീയതി രേഖപ്പെടുത്തിയ ചെക്കാണ് സൊസൈറ്റി നല്‍കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന് എ.എന്‍. രാധാകൃഷ്ണനുമായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

 

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി. തൃശ്ശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരമറിച്ച് ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചു. അപ്പോഴാണ് ബാഗിനുള്ളിൽ കഞ്ചാവ് ആണെന്ന് വ്യക്തമായത്. 197 കിലോ ഭാരമാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്.

 

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പീപ്പിൾ പൾസ് എന്ന ഏജൻസി ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺ​ഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ദില്ലിയിൽ അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിം​ഗ്.

 

വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് ഇരുപതോളം പ്രവർത്തകർ പ്രകടനം നടത്തിയത്. വടകരയിൽ നിന്നുള്ള നേതാവ് പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രകടനം. പാർട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉണ്ടായത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം.

 

ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. P for R മാതൃകയില്‍ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

 

നിയമസഭാ തെരഞ്ഞെടുപ്പിൽ ദില്ലി ജനത വിധിയെഴുതി. 6 മണിവരെ 60% ത്തോളം പോളിം​ഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്ന് പതിമൂവായിരത്തി എഴുനൂറ്റി അറുപത്തി ആറ് ബൂത്തുകളിലായി 70 മണ്ഡലങ്ങളിലെ ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു.

യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കി ഒമ്പത് ദിവസങ്ങൾക്ക് ശേഷം രജിസ്ട്രേഷൻ നടപടികൾ പൂ‍ർത്തിയാക്കി ലിവ്-ഇൻ പങ്കാളികൾ. മൂന്ന് ലിവ്-ഇൻ പങ്കാളികളാണ് രജിസ്ട്രേഷന് വേണ്ടി അപേക്ഷിച്ചത്. ഇവരിൽ ഒരാൾക്കാണ് രജിസ്ട്രേഷൻ ലഭിച്ചിരിക്കുന്നത്. ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ചെന്നൈയില്‍ 18 കാരിക്കുനേരെ ലൈംഗികാതിക്രമം. കിളമ്പാക്കം ബസ് ടെര്‍മിനലിനു സമീപത്താണ് സംഭവം.ഓടുന്ന ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി പരിസരത്തുള്ളവര്‍ ശ്രദ്ധിച്ചതോടെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നെത്തിയ ഒരു സംഘം പൊലീസ് അക്രമികളെ പിന്തുടര്‍ന്നു. പൊലീസിനെ കണ്ടതോടെ പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ട് പ്രതികള്‍ കടന്നുകഴിഞ്ഞു. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.

 

മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ ജില്ലയിൽ 250 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊൽഹാപ്പൂരിലെ ഗ്രാമത്തിൽ നടന്ന മേളയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ 50 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

 

കർണാടകയിലെ കൊപ്പൽ ജില്ലയിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് ദുരിത ജീവിതം. ലേഡീസ് ഹോസ്റ്റലിലെ ശൗചാലയങ്ങൾക്കും കുളിമുറികൾക്കും വാതിലുകളില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലേഡീസ് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപികയെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് രേഖപ്പെടുത്തി രാജ്യസഭ എംപി കപിൽ സിബൽ. പൗരത്വ അവകാശം ഉപയോഗിച്ചുകൊണ്ട് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ഇലക്ഷൻ കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നതുവരെ, അതിന്റെ വിശുദ്ധി കളങ്കപ്പെടുത്താതെ നമ്മുടെ രാഷ്ട്രീയത്തിൽ സൂക്ഷിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

 

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ അമൃത്സറിലെത്തി. 13 കുട്ടികൾ ഉൾപ്പെടെയുള്ള സംഘമാണ് തിരിച്ചെത്തിയത്. ഇതാദ്യമായാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. തുടർന്ന് ജനുവരി 20ന് വൈറ്റ് ഹൌസിൽ ചുമതലയേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് നടപടി ആരംഭിക്കുകയും ചെയ്തു.

 

തമിഴ്നാട് കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. പെൺകുട്ടി സ്കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന് മൂന്നു പേരെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്യുകയായിരുന്നു.

 

ഇസ്രയേലിന്റെ നിരന്തരമായ ആക്രമണമേറ്റുവാങ്ങിയ ഗാസ മുനമ്പ് യു.എസ്. ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

 

തിരുപ്പതി ജീവനക്കാര്‍ ഹൈന്ദവാചാരങ്ങള്‍ പാലിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിന് പിന്നാലെ 18 ഹൈന്ദവേതര ജീവനക്കാര്‍ക്കെതിരേ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.). ഇവര്‍ ഹൈന്ദവേതര ആചാരങ്ങള്‍ പിന്തുടരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

 

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സ്വാഗതംചെയ്ത് ബി.ജെ.പി. ഡല്‍ഹിയിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും അവര്‍ ബി.ജെ.പി.യ്ക്ക് ഏറെസ്‌നേഹവും അനുഗ്രഹവും നല്‍കിയെന്നും ബി.ജെ.പി. ഡല്‍ഹി അധ്യക്ഷന്‍ വിരേന്ദ്ര സച്ഛ്‌ദേവ പറഞ്ഞു. ‘ആപ്ദ’ (ദുരന്തം) ഡല്‍ഹി വിടുകയാണ്. ഡല്‍ഹിയില്‍ ബി.ജെ.പി. വരുന്നു. അഴിമതിയില്ലാത്ത സര്‍ക്കാരും വികസനവുമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *