ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. 2023 ഒക്ടോബർ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്‍റെ ആക്രമണം. ജനുവരി 15ന്, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിക്കുകയും ഇന്ന് കരാർ പ്രാബല്യത്തിൽ വരികയും ചെയ്തു.
ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവെച്ചു. ഒട്സ്മ യെഹൂദിത് പാർട്ടി നേതാവാണ് രാജിവെച്ച ഇറ്റാമർ. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി.
കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് തദേശസ്വയം ഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിർക്കുന്നവരാണെന്നും മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നൽകിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയാണെന്നും മന്ത്രി വിശദമാക്കി. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.
പാലക്കാട് കഞ്ചിക്കോട് മദ്യ നിർമാണ യൂണിറ്റിന് അനുമതി നൽകിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ നാളെ പഞ്ചായത്ത് അടിയന്തിര യോഗം ചേരും. പദ്ധതിയുടെ കാര്യത്തിൽ പഞ്ചായത്തിനുള്ള എതിർപ്പ് സർക്കാരിനെ അറിയിക്കാനാണ് യോഗം. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു.
കൂത്താട്ടുകുളത്തെ നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകരെയും പ്രതി ചേർത്ത് എഫ്ഐആർ തയ്യാറാക്കി. പൊലീസ് സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിൽ അനൂപ് ജേക്കബ് എംഎൽഎക്കെതിരെയും കേസെടുത്തു. കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇന്നലെ കേസെടുത്തിരുന്നു. കൗൺസിലറുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിന്റെ മുന്നോട്ടുള്ള തുടർ നടപടികളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് കൂറുമാറുമെന്ന് കരുതി സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയത്. അതേസമയം കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാരോപിച്ചുള്ള പരാതിയിലും പൊലീസ് കേസ്സെടുക്കും. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അതിക്രമം കാണിച്ചവരെ കണ്ടെത്താനുളള നടപടിക്കും തുടക്കമിടും. പ്രതിപ്പട്ടികയിലുളളവരെ മുഴുവൻ തിരിച്ചറിഞ്ഞ ശേഷം തുടർനടപടിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന. കലാ രാജുവിന്റെ മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും കേസിൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്.പി പറഞ്ഞു. അതോടൊപ്പം കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്ന് സി പിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുമ്പാണ് കലാ രാജുവിനെ കാണാതായതെന്നും കലാ രാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എൻ മോഹനൻ പറഞ്ഞു.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – ലീഗ് നേതാക്കളായ കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് പി വി അൻവർ കത്തയച്ചു. തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് നേതാക്കൾ പറഞ്ഞെങ്കിലും പി വി അൻവർ കത്ത് തരട്ടെ എന്നിട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
കേരളത്തിന്‍റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്.
യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നടി ഹണി റോസ് നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയിൽ എഡിജിപി റിപ്പോർട്ട് നൽകി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ നടപടിക്ക് ജയിൽ എഡിജിപി ശുപാർശ ചെയ്തത്.
കണ്ണൂരിൽ 25 ദിവസം മാത്രം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ തറച്ചുകയറിയ നിലയിൽ സൂചിക്കഷ്ണം കണ്ടെത്തി. കാലിന്‍റെ തുട ഭാഗത്താണ് സൂചി കണ്ടെത്തിയത്. തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടത്. പരിയാരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകി.
പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു. കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം ബാത്റൂമിന് സമീപത്തേക്ക് പോയ പത്താംക്ലാസ് വിദ്യാർത്ഥിയെ പിന്തുടർന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥികൾ സംഘംചേർന്ന് മർദ്ദിക്കുകയായിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി 7.5 കോടി രൂപ ലഭിച്ചു. ഇത് റെക്കോർഡാണ്. കഴിഞ്ഞ ജൂണിലാണ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്. സാധാരണ 5-6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്. കൂടാതെ മൂന്ന് കിലോ 906 ഗ്രാം സ്വർണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു.
തൃശൂരിൽ സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പിഎസ് അശോകനാണ് കുത്തേറ്റത്. അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ വാടാനപ്പള്ളിയിൽ പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണുവിനാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്‍റെ പേരിലാണ് പൊലീസിന്‍റെ നടപടി.
ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കോടതി വിധിയിൽ പ്രതികരിച്ച് സഞ്ജയുടെ അമ്മയും സഹോദരിയും. തനിക്കും മൂന്ന് പെൺകുട്ടികളുണ്ടെന്നും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ വേദന എത്രത്തോളമാണെന്ന് തനിക്ക് മനസിലാകുമെന്നും അർഹിക്കുന്ന പരമാവധി ശിക്ഷ തന്നെ മകന് നൽകണമെന്ന് സഞ്ജയുടെ അമ്മയും, സഹോദരൻ ഇത്തരത്തിലുള്ള ക്രൂര പ്രവർത്തികൾ ചെയ്‌തെന്ന് ചിന്തിക്കാൻ പോലും തനിക്ക് കഴിയുന്നില്ലെന്ന് സഹോദരി സബിതയും പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ ഉണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നടൻ വിജയ്ക്ക് എതിരെ വിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. വിജയിയെ സന്ദർശിക്കാൻ മുൻകൂർ പൊലീസ് അനുമതി വാങ്ങണമെന്നുള്ളത് പുതിയ രാഷ്ട്രീയമാണെന്നും ഇങ്ങനെയെങ്കിൽ വിജയ് മുഖ്യമന്ത്രി ആയാൽ സാധാരണക്കാർക്ക് എങ്ങനെ പരാതി പറയാനാകുമെന്നും കാമരാജ് ചെരുപ്പില്ലാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുന്നതാണ് തമിഴ്നാട് കണ്ടിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു.
ഒമാനില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് അമേരിക്കയില്‍ സമ്പൂര്‍ണ നിരോധനം വരുന്ന സാഹചര്യത്തില്‍ ആപ്പിന്‍റെ യുഎസിലെ ബിസിനസ് ഏറ്റെടുക്കാന്‍ ലയന ശ്രമവുമായി സെര്‍ച്ച് എഞ്ചിന്‍ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി എഐ. ഇക്കാര്യം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് അജയ് മാക്കൻ പറഞ്ഞു. 10 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് രാഹുലിനെയും പ്രിയങ്കയെയും ഇറക്കി കോൺഗ്രസ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കോൺഗ്രസ് ബിജെപിയെയാണ് സഹായിക്കുന്നതെന്ന് ആംആദ്മി പാർട്ടി ആവർത്തിച്ചു.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. താനെയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്.
മസ്കറ്റിൽ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾ ഉജ്ജ്വല വിജയം നേടി. നാല് മലയാളികൾ അടക്കം എട്ട് സ്ഥാനാർഥികളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. പിടികെ ഷമീർ, കൃഷ്ണേന്ദു, പിപി നിതീഷ് കുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. 67% പോളിംഗ് രേഖപ്പെടുത്തി.
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്ടണിൽ ആർക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി.
സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന് ശേഷം സ്പേഡെക്സ് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മില്‍ ഊർജ്ജക്കൈമാറ്റ പരീക്ഷണം പരിശോധനകൾക്ക് ശേഷം നടത്തുമെന്നും ഉപഗ്രഹങ്ങളെ തമ്മിൽ പിരിക്കുന്നതും കൂടുതൽ പരിശോധനകൾക്ക് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ള ടീഷർട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നൽകി രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷർട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തിൽ പങ്കു ചേരണം എന്നും രാഹുൽ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ വെള്ള ടീഷർട്ട് ധരിച്ച് പ്രതിഷേധിക്കണം, പ്രചാരത്തിൽ പങ്കു ചേരാനായി വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകൾ വെള്ള ടീഷർട്ട് ധരിച്ച് സഹകരിക്കണം എന്നും രാഹുൽ ഗാന്ധി അഭ്യര്‍ത്ഥിച്ചു.
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തില്‍ മലേഷ്യയെ തോല്‍പ്പിച്ച ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. 21ന് ഇന്ത്യ ആതിഥേയരായ മലേഷ്യയെ നേരിടും.