പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളെ നിശബദ് പ്രചാരണം. മറ്റന്നാൾ പാലക്കാടൻ ജനത തങ്ങളുടെ വിധിയെഴുതും. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചു. സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിലുൾപ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനുമുൾപ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയത്.
പാലക്കാട്നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും നവംബർ 20ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് വേത നത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ സഫ്നാ നസറുദ്ദീൻ അറിയിച്ചു .സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മിഷണർ അറിയിച്ചു.
മുനമ്പം വിഷയത്തിൽ സുപ്രധാന നീക്കവുമായി മുസ്ലീം ലീഗ്. സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി. മുനമ്പം തർക്കത്തിലെ സാങ്കേതിക പ്രശ്നങ്ങൾ സർക്കാർ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. വിഷയത്തിൽ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കള്‍ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുത്തു. നിർദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയിൽ തീരുമാനമായി.
ജമാഅത്തെ ഇസ്ലാമിയുമായി ഇത്രയും കാലം സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വർഗീയ അജണ്ടയില്ല. വർഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആർക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ട് . സിപിഎം കാലത്തിനനുസരിച്ച് നയങ്ങൾ മാറ്റും. ലീഗിനെ വർഗീയ ശക്തികളാക്കാൻ നോക്കുന്നവർ മോശമാവുകയേുള്ളൂ. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.വർഗീയത പരത്താൻ ശ്രമിക്കുന്നത് ആരാണെന്ന് മുനമ്പം വിഷയത്തിൽ പോലും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ സന്ദീപ് വാര്യര്‍. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ പോയപ്പോള്‍ തനിക്ക് ലഭിച്ച സ്വീകരണം മുഖ്യമന്ത്രിയെ ഇങ്ങനെ വിറളി പിടിപ്പിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. കേരളം മുഴുവന്‍ ബഹുമാനിക്കുന്ന പാണക്കാട്ടെ തങ്ങളെക്കുറിച്ച് എന്തിനാണ് ഇങ്ങനെ ആക്ഷേപകരമായിട്ട് സംസാരിക്കുന്നത്. വളരെ മോശമല്ലേ. മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ അത്. ആ കുടുംബത്തെ ആക്ഷേപിക്കുന്നത് ഒരിക്കലും മലയാളികള്‍ അംഗീകരിക്കില്ല എന്നും സന്ദീപ് വ്യക്തമാക്കി.
മതത്തെ രാഷ്ട്രീയത്തിൽ കലർത്താനും തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തെയാണ് എന്തോ ഒരു കുഴപ്പം സംഭവിച്ചുവെന്ന നിലയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും അതിന്റെ നേതൃത്വത്തിൽ ഉണ്ടാകുമ്പോഴും രാഷ്ട്രീയമായി കാര്യങ്ങൾ കേൾക്കുക എന്നത് ജനാധിപത്യമര്യാദയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലീഗിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും ഇതിൽ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നുമാണ് സജി ചെറിയാന്‍റെ വിമര്‍ശനം.എസ്ടിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവർ ആണെന്നുംഅവരെ അകറ്റിനിർത്താൻ മുസ്ലിംലീഗ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.
പമ്പയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. 2025 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ള ബസാണ് കത്തി നശിച്ചതെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. അപകടം സംഭവിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. എരുമേലിയിൽ മിനി ബസപകടം ഉണ്ടായതിനെക്കുറിച്ചും ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്.
ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർ കാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ടിഡിഎഫ് ഇന്ന് നടത്തിയ സമരത്തെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്ന് ശമ്പളം കൊടുക്കുമെന്ന് ടിഡിഎഫിന് അറിയമായിരുന്നിട്ടം സമരം നടത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് തന്നെ ശമ്പള വിതരണം ഉണ്ടാകുമെന്ന കാര്യം ടിഡിഎഫ് പ്രതിനിധികള്‍ക്ക് അറിവുണ്ടായിരിക്കെ പിന്നെയെന്തിനാണ് സമരം നടത്തിയതെന്നും കെബി ഗണേഷ് കുമാര്‍ ചോദിച്ചു.
റിമാൻഡിൽ കഴിയുന്ന കുറുവ സംഘാംഗം സന്തോഷ് സെൽവത്തിനായി പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. ഇയാൾക്കൊപ്പം കുണ്ടന്നൂരിൽ നിന്നും പിടികൂടിയ തമിഴ്നാട് സ്വദേശി മണികണ്ഠനെ ചോദ്യം ചെയ്തു വരികയാണ്. സന്തോഷ് സെൽവത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു പ്രതികൾക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്പെഷ്യൽ സ്‌ക്വാഡ്.
തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. തൊഴില്‍ ഉടമകളും ബന്ധപ്പെട്ട അധികാരികളും, സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാണോ എന്ന പരിശോധന നടത്തേണ്ടതുണ്ട് എന്നാണ് കമ്മീഷന്‍ മുമ്പാകെ വരുന്ന പരാതികളുടെ ആധിക്യം ബോധ്യപ്പെടുത്തുന്നതെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ പരിഹസിച്ച് മന്ത്രി പി.രാജീവ്. സന്ദീപിന്റെ അഖിലേന്ത്യാ നേതാവ് നരേന്ദ്ര മോദിയാണെന്നും കേരളത്തിൽ ബി.ജെ.പി. ആയാലും കോൺഗ്രസായാലും ദേശീയതലത്തിൽ ബി.ജെ.പിയ്ക്ക് പ്രശ്നമില്ലെന്നും രാജീവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിൽ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിൽ. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിലെ തുടർ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായത്. സംഭവത്തിൽ 55 കിലോയോളം ചന്ദന കാതലും കണ്ടെത്തി. സന്യാസിയോടയിലെ ചന്ദന കേസിൽ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും ബാബുവും ഹസൻ കുഞ്ഞും അറസ്റ്റിലായത്.
ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്‍റര്‍ കൊച്ചിയിൽ. അമേരിക്ക ആസ്ഥാനമായി ഓയിൽ ആൻ്റ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി ദാതാക്കളായ നാഷണൽ ഓയിൽ വെൽ കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെൻ്റർ കേരളത്തിൽ ആരംഭിച്ചതായി മന്ത്രി പി രാജീവാണ് അറിയിച്ചത്.
മണിപ്പുരിൽ സംഘര്‍ഷം തുടരുന്നതിനിടെ കൂടുതൽ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം . അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സി.ആര്‍.പി.എഫില്‍ നിന്ന് 35 യൂണിറ്റും ബി.എസ്.എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൊല്ലപ്പെട്ട 10 കുക്കി യുവാക്കളുടെ സംസ്കാരം നടത്താൻ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.
മണിപ്പൂര്‍ പൊലീസില്‍ നിന്ന് 3 പ്രധാന കേസുകളാണ് എന്‍എഐ ഏറ്റെടുത്തത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കം ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമവുമാണ് എന്‍ഐഎയുടെ അന്വേഷണ പരിധിയിലുള്ളത്. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
മണിപ്പുർ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണമെന്നും മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു..
ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്. 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എൻപിപി അധികാരത്തിലെത്തിയത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. റെയ്ഡിൽ കണക്കില്‍പെടാത്ത 12.41 കോടി കണ്ടെടുത്തുവെന്ന് ഇഡി അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തു.വൻ തുക സമ്മാനം നേടിയ ടിക്കറ്റുകൾ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇത് ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയതായും ഇഡി കണ്ടെത്തി.
ഹൈദരാബാദിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 19000ലേറെ ലിറ്റർ കുപ്പിവെള്ളം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് ഹൈദരാബാദിൽ നിന്ന് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം പിടിച്ചെടുത്തത്.
തമിഴ്നാട് തൂത്തുക്കുടിയിൽ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. പാപ്പാൻ ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ് മരിച്ചത്.
വന്ദേഭാരത് ട്രെയിനിൽ വിളമ്പിയ സാമ്പാറിൽ പ്രാണികളെ കണ്ടെന്ന് പരാതി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ റെയിൽവെ ഭക്ഷണ വിതരണക്കാരന് പിഴ ചുമത്തി. 50,000 രൂപയാണ് പിഴ ചുമത്തിയത്. ഫുഡ് സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികളെടുക്കുമെന്നും റെയിൽവെ വ്യക്തമാക്കി.
ഇന്ത്യൻ റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ്. ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹസ്രത്ത് നിസാമുദ്ദീൻ – ബംഗളൂരു രാജധാനി എക്സ്പ്രസ് വൈകിയതിലാണ് ബിജെപി നേതാവും മുൻ ഐപിഎസ് ഓഫീസറുമായ ഭാസ്കര്‍ റാവുവിന്‍റെ വിമര്‍ശനം. ഞായറാഴ്ച രാവിലെ 5.30 നാണ് ട്രെയിൻ പുറപ്പെട്ടത്.
കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അൻമോൽ ബിഷ്ണോയി യു.എസ്സിൽ അറസ്റ്റിലായതായി റിപ്പോർട്ടുകൾ. 50-കാരനായ അൻമോൽ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായതായാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.
ഇ.ഡി.യുടേയും സി.ബി.ഐ.യുടേയും സമ്മർദത്തിന് വഴങ്ങിയല്ല താൻ ബി.ജെ.പി.യിൽ ചേർന്നതെന്ന് മുൻ ആം ആദ്മി പാർട്ടി നേതാവ് കൈലാശ് ഗഹ്‌ലോത്. ഒറ്റരാത്രികൊണ്ട് ആരുടേയും സമ്മർദത്തിന് വഴങ്ങിയെടുത്ത തീരുമാനമല്ലയിതെന്നും ഗഹ്‌ലോത് വ്യക്തമാക്കി.