ആഗ്രയില്‍ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം തകർന്നു വീണു . പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്.
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് മൈതാനത്ത് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും മുഖ്യാതിഥിയായി . കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള പ്രധാന പാചകപ്പുരയും മഹാരാജാസ് കോളേജ് മൈതാനത്ത് പ്രവർത്തനമാരംഭിച്ചു.
കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. എന്നാൽ വോട്ടെണ്ണൽ തീയതി നവംബര്‍ 23ന് തന്നെയായിരിക്കും. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്വാഗതാർഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. വോട്ടെടുപ്പ് തീയതിയും കൽപ്പാത്തി രഥോത്സവവും ഒരേ ദിവസം വന്നത് വോട്ടർമാരിലും വിശ്വാസികളും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്‍റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നേരത്തെ തന്നെ ഇക്കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടതായിരുന്നു. ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെ എന്നും രാഹുൽ പറഞ്ഞു.
ബിജെപിയിലെ അതൃപ്‌തി തനിക്ക് ഗുണമാകുമെന്ന് ഡോ.പി.സരിൻ. സന്ദീപ് വാര്യർ സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കിൽ നല്ലതാണെന്നും എന്നാൽ സന്ദീപുമായി സിപിഎം ചർച്ച നടത്തി എന്ന വാർത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും അദ്ദേഹം പാലക്കാട് പ്രതികരിച്ചു.പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി നവംബർ 20 ലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ ഇരുപതിലേക്ക് മാറ്റിയ നടപടിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി ടി.പി രാമകൃഷ്ണൻ . കല്പാത്തി രഥോത്സവത്തിന്റെ ആദ്യദിവസമായതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒക്ടോബർ 15നു തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
കല്‍പ്പാത്തി രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് യുഡിഎഫ് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതുകൊണ്ടു തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടത്.പരാതി നല്‍കിയപ്പോള്‍ തന്നെ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നില്‍ മാറ്റിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു.
മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ 16 ന് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചു. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചർച്ച ചെയ്യും.
ഹിന്ദുക്കളായ ഐ ഐ എസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് അഡ്മിനായി രൂപീകരിക്കപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പല റിപ്പോർട്ടുകളും മാധ്യമങ്ങളിൽ വരുന്നുണ്ടെന്നും , വിവാദം പരിശോധിച്ച ശേഷം നടപടിയെ കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി.
പൂരം കലക്കൽ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നിൽ മൊഴിയെടുക്കാനായി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഹാജരായി. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്‍റെ പൊലീസ് രാജ് ആണ് ഉണ്ടായതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിൻറ് സെക്രട്ടറി ശശിധരൻ എന്നിവർ മൊഴി നൽകി. പൊലീസിന് സംഭവിച്ച വീഴ്ചകൾ ഭാരവാഹികൾ അക്കമിട്ടുനിരത്തി. 2023 ലെ പ്രശ്നങ്ങൾ 2024 ആവർത്തിച്ചെന്നും അറിയിച്ചു. വെടിക്കെട്ട് സമയത്തുണ്ടായ പ്രശ്നങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറും ജോയിന്‍റ് സെക്രട്ടറി ശശിധരനും പറഞ്ഞു.
പാര്‍ട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും സന്ദീപ് വാര്യര്‍ . ബിജെപിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ രൂക്ഷ വിമർശനമുയർത്തിയ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത്. സന്ദീപ് വാര്യറുടെ പോസ്റ്റ് കണ്ടെന്നും അതിൽ വ്യക്തിപരമായി അദ്ദേഹം നേരിട്ട അധിക്ഷേപം വളരെ വലുതാണെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. അമ്മ മരിച്ച സമയത്ത് സ്ഥാനാർഥിയായ കൃഷ്ണകുമാറടക്കമുള്ള നേതാക്കളാരും ആശ്വസിപ്പിക്കാനെത്തിയില്ലെന്നത് ഗുരുതരമായ കാര്യമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.ബി ജെ പി രാഷ്ട്രീയം ഉപേക്ഷിച്ചാൽ ആരെയും സ്വീകരിക്കുന്നതിൽ തടസമില്ലെന്നും മന്ത്രി പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ തെരഞ്ഞെടുപ്പു വരെ നടപടി എടുക്കേണ്ടതില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വം ഓൺലൈനായി ചേർന്ന യോഗത്തിൽ തീരുമാനിച്ചു . സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എവിടെ വരെ പോകും എന്ന് നോക്കട്ടെയെന്നും കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. കൂടിക്കാഴ്ച പാര്‍ട്ടിപരമല്ലെന്നും വ്യക്തിപരമാണെന്നും സന്ദീപിന്റെ വീട്ടിലെത്തിയ ശിവശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപുമായി ഇതുവരെ ആശയവിനിമയം നടന്നിട്ടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തലിൽ പ്രതികരണമറിയിച്ച് എ.എ.റഹീം എം.പി. 2014-മുതൽ കേരളത്തിലെ ബി.ജെ.പിയിലേക്ക് ഒഴുകിയെത്തിയത് എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്തത്ര കോടികളാണ്. ഇത് കൈകാര്യം ചെയ്യുന്നതിലുള്ള അധികാരത്തർക്കമാണ് ബി.ജെ.പിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവുനൽകി . എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയും ഇളവുചെയ്തു. ജാമ്യം ലഭിച്ചശേഷമുള്ള ആദ്യത്തെ ആറ് ആഴ്ച യുപിയിലെ പൊലീസ് സ്റ്റേഷനിലും അതുകഴിഞ്ഞ് ലോക്കല്‍ പൊലീസ് സ്റ്റേഷനിലും ഹാജരാകണമെന്നതായിരുന്നു ഒരു ജാമ്യവ്യവസ്ഥ. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനർ ആയിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ചാവശ്ശേരി സ്വദേശിയായ മർഷൂക്ക് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിടുകയും ചെയ്തു.
വാളയാറിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. ടോൾ പ്ലാസയിൽ നിലയുറിപ്പിച്ചിരുന്ന എക്സൈസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് 7.10 കിലോഗ്രാം കഞ്ചാവ് ഒരു വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. വാഹനത്തിലുണ്ടായിരുന്ന 24 വയസുകാരനെ പിടികൂടുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡൽ എന്നയാളാണ് പിടിയിലായത്.
മണ്ഡലകാലത്ത് നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സർവീസ് നടത്താൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന വിഎച്ച്‌പിയുടെ ആവശ്യം സുപ്രീംകോടതി തള്ളി . കേസിൽ വാദംകേൾക്കൽ പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കാമെന്ന് അറിയിച്ചാണ് കോടതി ഇടക്കാല ഉത്തരവിറക്കണമെന്ന വിഎച്ച്‌പിയുടെ ആവശ്യം തള്ളിയത്. കേസ് അന്തിമവാദത്തിനായി മാറ്റുകയാണെന്നും സുപ്രീംകോടതി അറിയിച്ചു.
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം ഉടനാരംഭിക്കും. നേരത്തേ കേസന്വേഷിച്ച എ.സി.പി വി.കെ. രാജുവിനാണ് അന്വേഷണച്ചുമതല. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കോടതിയുടെ അനുമതി തേടാൻ റിപ്പോർട്ട് സമർപ്പിക്കും. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.
കൂറുമാറാൻ നൂറു കോടിരൂപ കോഴവാഗ്ദാനം ചെയ്തതെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണസംഘം എന്‍സിപി നേതാവ് തോമസ് കെ തോമസിന്റെ മൊഴിയെടുത്തു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍.
നടനും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിൽ കേസെടുക്കാൻ പര്യാപ്തമായ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ്. രേഖകളോ പ്രസംഗത്തിന്റെ പകർപ്പോ ഹാജരാക്കിയാൽ നിയമപദേശം തേടിയ ശേഷം തുടർനടപടി ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോൺഗ്രസ് മീഡിയാ പാനലിസ്റ്റായ അഡ്വ.അനൂപ് ആണ് ചേലക്കര പൊലീസിന് പരാതി നൽകിയത്.
സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കും . എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പെയ്ത ശക്തമായ മഴക്കിടെ തിരുവനന്തപുരം തിരിച്ചിട്ടപാറയിൽ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു.ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്.
ദീപാവലി കാലത്ത് ദില്ലിയിൽ പടക്ക നിരോധനം നടപ്പായോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ദില്ലി സർക്കാരും ദില്ലി പൊലീസും ഉത്തരം പറയണമെന്നും കോടതി ആവശ്യപ്പെട്ടു. പടക്ക നിരോധനം നടപ്പിലായില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ നിരവധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന് മറുപടി വേണം. സർക്കാരിനും പൊലീസ് കമ്മിഷണർക്കും കോടതി നോട്ടിസയച്ചു.
മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഗവർണർ പ്രോസിക്യൂഷൻ അനുമതി കൊടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തത്. പിന്നാലെ ഇഡിയും മുഡ ഭൂമിയിടപാട് കേസിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അനുവദിനീയമായതിലും കൂടുതല്‍ ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതാകാം അപകട കാരണമെന്നാണ് ദുരന്തനിവാരണ സേനാ അധികൃതര്‍ പറയുന്നത്. 45 സീറ്റുള്ള ബസില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.
ശിവസേന വിഭാഗം നേതാവ് അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇന്ത്യ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം വനിതാ നേതാക്കൾക്കെതിരേ അസഭ്യം ഭാഷ പ്രയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വെച്ചായിരുന്നു മോദിയുടെ പ്രതികരണം.
വാദംകേൾക്കൽ ഹിന്ദിയില്‍ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അപ്പീലുകളും പെറ്റീഷനുകളും സുപ്രീംകോടതി കൈകാര്യം ചെയ്യുന്നില്ലേയെന്നും അപ്പോഴെങ്ങനെ ഹിന്ദിയില്‍ മാത്രം വാദം കേള്‍ക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഡി.ജി.പി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലര്‍ത്തുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ തല്‍സ്ഥാനത്ത് തുടരുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനു പിന്നാലെയാണിത്.
അധിക്ഷേപിക്കുന്നവർ നീണാള്‍ വാഴട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പുതിയ പാർട്ടി പ്രഖ്യാപനത്തിനു ശേഷം നടൻ വിജയ് ഡിഎംകെയ്ക്കെതിരേ നടത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം. ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരേ കടുത്ത വിമർശനമാണ് അടുത്തിടെ വിജയ് നടത്തിയിരുന്നത്.