കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍ .ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നൽകി. കേസിൽ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തൽ എകെജി സെന്‍റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയെന്ന് തിരിച്ചടിക്കുകയാണ് ബിജെപി.പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അടിയന്തരമായ തുടര്‍ നടപടി ഉണ്ടാകും.
കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും പ്രതികരണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. കേസിൽ സത്യസന്ധമായ അന്വേഷണമാണെങ്കിൽ വെളിപ്പെടുത്തുമെന്ന് തിരൂർ സതീശ് പറഞ്ഞു. മാധ്യങ്ങളോട് പറയുന്ന കാര്യങ്ങൾ എല്ലാം അന്വേഷണ സംഘത്തോട് പറയും. കേന്ദ്ര- സംസ്ഥാനങ്ങൾ നടത്തുന്ന എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും തിരൂർ സതീശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊടകര കുഴല്‍പ്പണക്കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ലഹര്‍ സിങ്. ഏഴു വര്‍ഷത്തോളമായി താന്‍ കേരളത്തില്‍ വന്നിട്ടെന്നും അദ്ദേഹം പ്രതികരിച്ചു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അയച്ച റിപ്പോര്‍ട്ടില്‍ കര്‍ണാടകയിലെ ബി.ജെ.പി. നേതാവായ ലഹര്‍ സിങ്ങിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ലഹര്‍ സിങ് വഴിയാണ് കുഴല്‍പ്പണം എത്തിയത് എന്നാണ് ലഭിക്കുന്ന സൂചനയെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ മാനങ്ങള്‍ ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മറച്ചുവച്ച, താല്‍പര്യമെടുക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സി.പി.എം-ബി.ജെ.പി ബാന്ധവം എത്ര വലുതാണെന്നതാണ് ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ ബി.ജെ.പി പ്രതിരോധത്തിലല്ലെന്ന് ശോഭാ സുരേന്ദ്രന്‍. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യംചെയ്തിരുന്നല്ലോ എന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാന്‍ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.തിരൂര്‍ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങി, സതീഷിന്റെ ആരോപണം വിശ്വസിക്കാനാവാത്തതാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ല. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല.
സുരേഷ് ഗോപിയെ ആംബുലൻസ് വിവാദത്തിൽ പരിഹസിച്ച് മന്ത്രി കെ എൻ ബാലഗോപാൽ. തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓർമ്മയില്ലേയെന്ന് ബാലഗോപാൽ ചോദിച്ചു. ചിലർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ചെറുപ്പക്കാർ ചേർന്ന് ആംബുലൻസിലേക്ക് എടുത്തുകൊണ്ട് പോയെന്നാണ് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഓർമ്മ അന്ന് പോയതാണെന്നും ബാലഗോപാൽ പറഞ്ഞു. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരായ പരാമർശം നീക്കണമെന്ന് ദില്ലി ഹൈക്കോടതി. ചാനൽ ചർച്ചയിൽ ബിജെപി വക്താവ് സഞ്ജു വർമ്മ നടത്തിയ പരാമർശം നീക്കാനാണ് കോടതിയുടെ നിർദ്ദേശം. പരാമർശം അപകീർത്തിപരമാണെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. എക്സിലും യൂട്യൂബിലുമുള്ള ചർച്ചയുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കണമെന്നും കോടതി ഉത്തരവിട്ടു.
സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തിൽ പരാതി. കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1,600 രൂപ വീതം ലഭിക്കുന്നത്. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും,ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6-29 തീയതികളിലും, രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 – 26 തീയ്യതികളിലും നടക്കും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി റെയിൽവേ. നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റം. . തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി കേരളത്തിൽ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.
മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസി സ്ഥാനം ഏറ്റടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഉച്ചക്ക് 12 മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്. സമസ്തയിലെ പുതിയ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും പെട്ടന്ന് പരിഹരിക്കപ്പെടെട്ടേയെന്നും അദ്ദേഹം പറഞ്ഞു.
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്കാണ് ഹോസ്ദുര്‍ഗ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവര്‍ക്കാണ് ജാമ്യം.പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്.സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
കർണാടകയിലെ ചിക്കമംഗളൂരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിൽ മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീഴുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ശക്തി പദ്ധതിയിൽ മാറ്റം വരുത്തില്ലെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ . ഡി.കെ ശിവകുമാറിന്‍റെ പരാമർശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും കർണാടകയിലെ ഒരു ക്ഷേമ പദ്ധതിയും പിൻവലിക്കില്ലെന്നും ഈ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഡി.കെ ശിവകുമാറിനെ വേദിയിലിരുത്തി ഖർഗെ വ്യക്തമാക്കി. ഈ പദ്ധതി പുനഃപരിശോധിക്കുമെന്ന് ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വിവാദമായിരുന്നു.
കർഷകരുടെ ഭൂമി വഖഫ് ബോർഡിന് കൈമാറിയെന്ന ആരോപണത്തിൽ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബി.ജെ.പി. ജില്ലയിലുടനീളമുള്ള ഭൂരേഖകൾ ഭേദഗതി ചെയ്യാൻ അധികാരികൾ സമ്മർദ്ദം ചെലുത്തുന്നുവെന്നും കർഷകരുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തി ഭൂമിയുടെ രേഖകൾ മാറ്റാൻ അധികാരികളെ നിർബന്ധിക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു.
റെയിൽവെയിൽ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തിൽ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. യാത്രക്കാർ റിസർവ് ചെയ്യുകയും ടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്യുന്നതിന്റെ കണക്കുകൾ പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് അധികൃതർ വിശദീകരിച്ചിട്ടുണ്ട്.
പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ഡോ. ബിബേക് ദെബ്രോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ദുഃഖം താങ്ങാനുള്ള ശക്തി കുടുംബത്തിനുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ഇനത്തില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യണ്‍ ഡോളറാണ് വൈദ്യുതി ഇനത്തില്‍ കുടിശ്ശികയുള്ളത്.
ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86 എന്ന നിലയില്‍. 38 പന്തില്‍ 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരുപന്തില്‍ ഒരു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍ 52 പന്തില്‍ 30 റണ്‍സും രോഹിത് ശര്‍മ 19 പന്തില്‍ 18 റണ്‍സും നേടി. യശസ്വി നാലും രോഹിത് മൂന്നും വീതം ഫോറുകള്‍ നേടിയിട്ടുണ്ട്.
വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഇരുപക്ഷവും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം.