വി ഡി സതീശനെതിരെ എം എൽ എ പി വി അന്‍വര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശൻ, തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രമം തീരുമാനം ആണ്.പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമെടുക്കും. ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ സുധാകരൻ. മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണെന്ന് വിമർശിച്ച സുധാകരൻ പിണറായി വിജയൻ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും ആരോപിച്ചു. അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ല. എട്ട് വർഷമായി ഭരിക്കുന്നു എന്നിട്ടും എന്തുണ്ടാക്കി കേരളത്തിലെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു.
പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികലേ പിൻവലിക്കണമെന്ന പിവി അൻവറിന്‍റെതീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. അൻവറിനെതിരെ എന്തിനാണ് വാതിൽ അടയ്ക്കുന്നത് എന്നും ചര്‍ച്ചകള്‍ നടക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.എന്നാൽ അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്‍റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിച്ചു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ പ്രതികരിക്കാന്‍ തയ്യാറാകാത്തത് വസ്തുതകളെ അംഗീകരിക്കലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം എടുക്കേണ്ട ആയുധങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ആദ്യം തന്നെ എടുക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു.
ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. പാലക്കാട്ടെ പ്രചാരണം ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മതിയെന്നും സ്വന്തം നിലയിൽ പ്രചാരണം വേണ്ടെന്നുമാണ് നിർദേശം. ഷാഫിയുടെ പ്രവർത്തന ശൈലി സംബന്ധിച്ച നേതാക്കളുടെ വ്യാപക പരാതിയെ തുടർന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിർദേശം. എന്നാൽ, തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. ആരോപണങ്ങളിൽ തളരില്ല, കൂടുതൽ ഊർജത്തോടെ മുന്നോട്ട് പോകുമെന്നും ഷാഫി പറഞ്ഞു.
പി .വി. അൻവർ ഒരു വെല്ലുവിളിയല്ലെന്നും ഇടതുപക്ഷം വിട്ടതോടെ അദ്ദേഹം അജണ്ടയിലേ ഇല്ലെന്നും എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. മുൻ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ഷാഫിക്ക് വോട്ടുചെയ്യുക എന്ന നിലപാട് സി.പി.എം. സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തെത്തിയതോടെ മുൻവിമർശനങ്ങളിൽ കുറ്റസമ്മതം നടത്തി പാലക്കാട്ടെ എൽ.ഡി.എഫ്. സ്ഥാനാർഥി പി. സരിൻ.പല വിമര്‍ശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്നുമാത്രം.നിങ്ങളാൽ ‘സഖാവേ’എന്ന വിളി കേൾക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു, എന്നിങ്ങനെയാണ് സരിന്റെ കുറിപ്പ്.
കല്‍പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി പാലക്കാട്മുൻ എം.എൽ.എയും വടകര എം.പിയുമായ ഷാഫി പറമ്പിൽ. പാലക്കാടിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഉത്സവമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നും ആളുകൾ വരുന്നതാണ്. അതേ തീയതിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.
സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി. യാക്കോബായ ഓർത്തഡോക്സ് പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു.പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി.ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾ അടുത്ത മാസം എട്ടിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ, പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വാദം കേൾക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ജില്ലാ കളക്ടറുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എഡിഎമ്മിന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാൻ ദിവ്യയുടെ മൊഴി നിർണായകമെന്നിരിക്കെ, റവന്യൂ വകുപ്പ് അന്വേഷണത്തിലും അവർക്ക് സാവകാശം നൽകുകയാണ്.
എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ പ്രശാന്തിന്റെ മൊഴിയെടുത്ത് കണ്ണൂർ പൊലീസ്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് പ്രശാന്തിന്റെ മൊഴിയെടുത്തത്.ടിവി പ്രശാന്തിനെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. പ്രശാന്ത് സർക്കാർ ജീവനക്കാരനല്ലെന്ന് പറഞ്ഞ മന്ത്രി കൂടുതൽ പരിശോധനക്ക് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നാളെ പരിയാരത്തെത്തുമെന്ന് അറിയിച്ചു.
തിരുവനന്തപുരം എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ. തിരുവനന്തപുരം വെഞ്ഞാറമൂട് ജംഗ്‌ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാനുള്ള ടെണ്ടറിന് സംസ്ഥാന ധന വകുപ്പ് അനുമതി നൽകി. 28 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരത്തിനുള്ള അനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ തിങ്കളാഴ്ച അറിയിച്ചു.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
കരുവന്നൂർ കേസിലെ പ്രതി പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി. ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി. പ്രത്യേക കോടതി കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണ വൈകുകയാണെങ്കിൽ പ്രതിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടന്‍ സിദ്ദിഖ്.ബലാത്സംഗക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി, പൊലീസ് ആവശ്യപ്പെട്ടതിൽ തൻ്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറി എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്.
ഓണ്‍ലൈനിലൂടെ മുൻകൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് നിര്‍ത്തിവെച്ചു.ബെവ്‌കോ വെബ്സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആണിത്. കൂടിയ തുകയ്ക്കുള്ള മദ്യം വെബ്സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെബ്സൈറ്റിലൂടെ മദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെച്ചത്.
യാത്രക്കാരൻ മനുഷ്യ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.മുംബൈക്ക് വൈകിട്ട് 3.50ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്. ഇയാളെ പൊലീസിന് കൈമാറി. 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സ്കൂൾ, കോളേജ് തലങ്ങളിലെ എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം മാറി. 2024 ഓക്ടോബർ മാസം മുതൽ ശമ്പള വിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്ന ധന വകുപ്പിന്റെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈ മാറാം.
സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിന്‍റെ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിെൻറ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
ഇന്ത്യ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ഇതോടൊപ്പം നിയന്ത്രണ രേഖയിൽ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു.
മുതിർന്ന ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ 401 ബ്രിഗേഡ് കമാൻഡറായ കേണൽ അഹ്‍സൻ ദക്സ വടക്കൻ ഗാസയിലെ ജബലിയയിലുണ്ടായ സ്‍ഫോടനത്തിൽ മരിചെന്ന് സൈനിക വക്താവ് റിയൽ അഡ്‍മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു. പ്രദേശം നിരീക്ഷിക്കാനായി ടാങ്കിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഇവർക്ക് സമീപം സ്‍ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഗുജറാത്ത് സർവകലാശാല രജിസ്ട്രാർ നൽകിയ മാനനഷ്ടക്കേസ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ ഹർജി സുപ്രീം കോടതി തള്ളി.മാനനഷ്ടക്കേസിൽ നൽകിയ സമൻസ് ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മുൻ ദില്ലി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.
മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി. 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
ദില്ലിയിലെ സിആർപിഎഫ് സ്‌കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരാളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച ഒരാളാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
2026-ല്‍ നടക്കാനിരിക്കുന്ന ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഹോക്കിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പണച്ചെലവിനെ തുടര്‍ന്നാണ് നീക്കം. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് പിന്നാലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്സ്റ്റാലിനും. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വീപരിത ജനസംഖ്യാ വളര്‍ച്ചയെ കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ചെന്നൈയില്‍ നടന്ന സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സ്റ്റാലിന്റെ ആഹ്വാനം.