സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്. വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സർക്കാർ നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നടൻ സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് സിദ്ദിഖ് പരാതി നൽകി. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ നടൻ പ്രേംകുമാർ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാണെന്നും പ്രേംകുമാർ പറഞ്ഞു. സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ, സെറ്റിൽ സ്ത്രീകൾ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല എന്ന് തുടങ്ങുന്ന പ്രശ്നങ്ങൾ എല്ലാം കമ്മിറ്റി പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. സിനിമ നയം ഉണ്ടാക്കണം. ഇതിനായി സർക്കാർ ഇടപെടണമെന്നും മേജർ രവി പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണമെന്നും മേജർ രവി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് നടൻ പൃഥ്വിരാജ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണo. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകൾ വേണമെന്നാണ് നിലപാട്. കോണ്‍ക്ലേവിൽ പ്രശ്ന പരിഹാരം ഉണ്ടാകട്ടെയെന്നും പൃഥ്വിരാജ് പറഞ്ഞു.
മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്‍റെ നിലപാട് തെറ്റാണ്. തെറ്റ് ചെയ്താല്‍ സിപിഎമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് നിലപാടാണെന്നും സതീശൻ പറഞ്ഞു.
ചാനലിൽ സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്. ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആവശ്യപ്പെട്ടു.
ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കുമെന്നാണ് ഭീഷണി കോൾ വന്നതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് പ്രതീക്ഷിച്ചിരുന്നെന്നും, ആദ്യത്തെ അനുഭവമാണിതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 8645319626 എന്ന നമ്പരിൽ നിന്നാണ് കോൾ വന്നതെന്നും, നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി.
കൊച്ചി അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം. ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികളാണ് റീത്ത് വെച്ചത്. അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്.
സിനിമ മേഖലയിലെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട നടി മിനു മുനീറിന്‍റെ ആരോപണത്തില്‍പ്പെട്ട് കോണ്‍ഗ്രസ് നേതാവും. തന്നോട് മോശമായി പെരുമാറിയവരുടെ പട്ടികയില്‍ മിനു ഉള്‍പ്പെടുത്തിയ അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് പോഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്റും, കെപിസിസിയുടെ നിയമ സഹായ സമിതിയുടെ അധ്യക്ഷനുമാണ് വിഎസ് ചന്ദ്രശേഖരന്‍. നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീർ രംഗത്തെത്തിയത്.
സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെഎസ്ഇബി നിയമനടപടികൾ ആരംഭിച്ചിരുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാർക്ക് വക്കീൽ നോട്ടീസ് അയച്ചത്.
കർണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി വീണ്ടും തെരച്ചിൽ.ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനായി ഗംഗാവലി പുഴയിൽ മാർക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തി. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് 4 നോട്സാണ്.
ആലപ്പുഴയിൽ പാർട്ടി പുറത്താക്കിയ ആൾക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാൻ. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ എ ഷാനവാസിനൊപ്പം ആണ് മന്ത്രി വേദി പങ്കിട്ടത്. ശനിയാഴ്ച ആലപ്പുഴ കാളാത്ത് നടന്ന സിപിഎമ്മിന്‍റെ സ്നേഹവീട് എന്ന പരിപാടിയുടെ താക്കോൽദാന ചടങ്ങിൽ ആയിരുന്നു മന്ത്രിക്കൊപ്പം ഷാനവാസത്തിയത്.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ മഴക്ക് സാധ്യത. ഓഗസ്റ്റ് 26, 27 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം.
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരും. സർക്കാർ അടയ്ക്കുന്ന വിഹിതം 14 നിന്ന് 18.5 ആയി ഉയർത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സജ്ഞയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി. കൊൽക്കത്ത പ്രസിഡൻസി ജയിലിലാണ് നുണ പരിശോധന നടന്നത്. കഴിഞ്ഞ ദിവസം സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരുടെ നുണ പരിശോധന നടത്തിയിരുന്നു.
മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥിയെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി., റാഗിങ് സംശയിക്കുന്നുണ്ട്. ലഖ്‌നൗ സ്വദേശിയായ അനുരാഗ് ജയ്‌സ്വാളിനെയാണ് ശനിയാഴ്ച രാവിലെ നഗരത്തിലെ വാടക അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. അറുപതോളംപേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്കുകളെന്ന് അന്തര്‍ദേശീയ മാധ്യമമായ ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. കാണാതായവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി ബി.ജെ.പിയില്‍ അശയക്കുഴപ്പവും അപസ്വരവും. ആദ്യപട്ടിക പുറത്തിറക്കി മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ചതിന് പിന്നാലെ പുതുക്കിയ പട്ടിക പുറത്തിറക്കി. ആദ്യം പുറത്തിറക്കിയ പട്ടികയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ ഒരു പേരുമാത്രമായി രണ്ടാമത്തെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.