വയനാട്ടിലെ ദുരന്തത്തിൽ ഇതുവരെ 252 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 200 ഓളം പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ദുരന്തമുണ്ടായ ചൂരല്‍മല പ്രദേശത്ത് അതിശക്തമായ മഴയിലെ കനത്ത മലവെള്ളപ്പാച്ചിലിനെ തുടർന്ന് രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് പുഴയിൽ മലവെള്ളം കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. ഒമ്പത് തവണ ഉരുൾ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകൾ ഭാഗികമായി തകർന്നു.
വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു.
ചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് 25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണമെന്നാണ് നിര്‍ദേശം.
മലപ്പുറം മണന്തല കടവിൽ പത്തു വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാലിയാര്‍ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. വയനാട്ടിൽ ദുരന്ത മുഖത്ത് നിന്ന് കാണാതായ പെൺകുട്ടിയാണ് മരിച്ചതെന്ന് സംശയമുണ്ട്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന് ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പ്രശ്‌നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പിടലിയില്‍ വെച്ചുകെട്ടരുതെന്നും ആവശ്യപ്പെട്ടു.
വയനാട്ടിലുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നുണ്ടെന്നും, 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണിന്നടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തും. ഇതിനായി റിട്ടേഡ് മേജർ ജനറൽ ഇന്ദ്രബാലൻ്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രസർക്കാർ സമീപിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യമൊന്നാകെ ഈ ദുരന്തത്തെ നേരിടാൻ ഒന്നിച്ചുനിൽക്കേണ്ട ഘട്ടത്തിൽ ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് കേന്ദ്ര ഗവണ്മെന്റിലെ ഉന്നതരായ പലരുമെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് കെഎസ്ഇബി. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.
വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബത്തിന് വീടുവെച്ച് നൽകുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ജീവനാശത്തിലും മറ്റ് കഷ്ട നഷ്ടങ്ങളിലും കെ.എസ്.എഫ്.ഇ. അഗാധമായി വ്യസനം രേഖപ്പെടുത്തുന്നതായി ചെയര്‍മാന്‍ കെ.വരദരാജനും, മാനേജിങ്ങ് ഡയറക്ടര്‍ ഡോ.സനില്‍ എസ്.കെ.യും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കെ.എസ്.എഫ്.ഇ.കൂടാതെ 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കെ.എസ്.എഫ്.ഇ. യുടെ പങ്കാളിത്തം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉറപ്പു വരുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത രണ്ട് ദിവസം ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളുൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിലെ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കണ്ണൂരിൽ മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി.
ശക്തമായ മഴ കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എലിപ്പനി കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വയനാട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ തസ്തിക മാറ്റത്തിലൂടെ 2 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഒരു അസി. പ്രൊഫസര്‍ തസ്തികയും ഒരു സീനിയര്‍ റസിഡന്റ് തസ്തികയുമാണ് തസ്തിക മാറ്റം വരുത്തി അനുവദിച്ചത്.
പട്ടാപ്പകൽ യുവതിയെ വീട്ടിൽക്കയറി വെടിവെച്ച വനിതാ ഡോക്ടർ ആക്രമണത്തിനായി നടത്തിയത് മാസങ്ങൾ നീണ്ട തയ്യാറെടുപ്പെന്ന് വിവരം. എയർപിസ്റ്റൾ ഉപയോഗിക്കുന്നതും വെടിവെക്കുന്നതും ഇതിന്റെ ആഘാതത്തെക്കുറിച്ചുമെല്ലാം ഇന്റർനെറ്റിലൂടെ മാസങ്ങളോളം പഠിച്ചശേഷമാണ് പ്രതിയായ ഡോ. ദീപ്തി മോൾ ജോസ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
കേരളത്തിന് ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്നും, കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായതിൽ സന്തോഷമെന്ന് കെ.സി. വേണുഗോപാൽ. വയനാട്ടിലെ ദുരന്തത്തിൽ എത്ര പേരെ കാണാതായെന്ന് നിശ്ചയമില്ല. അമിത് ഷായുടെ പ്രസ്താവനയോട് സംസ്ഥാന സർക്കാർ പ്രതികരിക്കണം. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ആഗ്രഹമില്ലെന്നും കേന്ദ്രവും സംസ്ഥാനവും ആശയക്കുഴപ്പം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാരീസ് ഒളിംപിക്സില്‍ പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനല്‍ റൗണ്ടിലെത്തിയത്.വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യം സെന്നും പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം.
ലേയിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ ഉയർന്ന അന്തരീക്ഷ താപനില കാരണം തടസ്സപ്പെട്ടു. നാല് ദിവസത്തിനിടെ 16 വിമാന സർവീസുകളാണ് റദ്ദാക്കിയത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 10,682 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലേ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാണിജ്യ വിമാനത്താവളങ്ങളിൽ ഒന്നാണ് ലേയിലേത്.
പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന്‍ റദ്ദാക്കി യുപിഎസ്‍സി. ഇവരുടെ പ്രൊവിഷണൽ കാൻഡിഡേറ്റർ റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുപിഎസ്‍സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് നടപടി.