night news hd 4

പലസ്തീനിൽ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേൽ. ഹമാസിന്റെ ഭീഷണിയെത്തിയതിന് പിന്നാലെ ഇന്ന്ഗാസ മുനമ്പിൽ ഇസ്രയേൽ വൻ ആക്രമണം നടത്തി.ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയ ശേഷം പ്രദേശത്തെ തരിപ്പണമാക്കുന്ന തരത്തിലുള്ള ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇന്ന് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേൽ എംബസി.ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനമന്ത്രി കൊല്ലപ്പെട്ടു. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്.

ഇസ്രയേൽ പലസ്തീൻ പ്രതിസന്ധിയിൽ ഇടപെടരുതെന്ന് ഇറാന് മുന്നറിയിപ്പുമായി യുഎസ്. പ്രശ്നം വിശാലമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിന് മുതിരരുതെന്നും യുഎസ് ജനറൽ മുന്നറിയിപ്പുനൽകി. ലെബനൻ സായുധ സംഘമായ ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ആയിരുന്നു യുഎസ് ജനറലിന്റെ പ്രസ്താവന.

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ മൂന്ന് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഗാസ സിറ്റിയിലെ മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഹമാസിന്‍റെ മീഡിയ ഓഫീസ് മേധാവി സലാമേഹ് മറൂഫാണ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അറിയിച്ചത്.

സമസ്തക്കെതിരെ രൂക്ഷമായ മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സമസ്താ അധ്യക്ഷൻ ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുന്നുവെന്നും ഇവരെ അതേ രീതിയിൽ നേരിടാൻ മുസ്‌ലിം ലീഗിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

വയനാട് ജില്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ പട്ടികയെ ചെല്ലി ഉയര്‍ന്ന പരാതികള്‍ക്ക് പിന്നാലെ പട്ടിക മരവിപ്പിക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദ്ദേശം. ജില്ലയിലെ 36 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ പ്രസിഡണ്ടുമാരെ നിയമിച്ച് കൊണ്ട് ഡിസിസി നൽകിയ പട്ടിക, കെപിസിസി അംഗീകരിച്ചിരുന്നു. ഈ പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന്‍റ് മരവിപ്പിച്ചത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്റിൽ വിട്ടത്. ഇന്ന് ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ നേതാവും അഭിഭാഷകനുമായ എന്‍വി വൈശാഖന്‍. അഭിഭാഷകന്‍ എന്ന നിലയിലാണ് സംഭവത്തില്‍ ഇടപെട്ടതെന്ന് വൈശാഖന്‍ വിശദീകരിച്ചു.

ജാതി സംവരണത്തിനെതിരെ നായർ സർവീസ് സൊസൈറ്റി രംഗത്ത്.രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്‍റെ ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

കെടിഡിഎഫ്സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി നിർദ്ദേശം വെച്ചിട്ടും 20 ദിവസമായിട്ടും പണം നൽകുന്നതിൽ സർക്കാര്‍ തീരുമാനമെടുത്തില്ല.ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി.

നവംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്തിയത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാമവർമ്മന്റെ പേര് നൽകണമെന്ന പ്രമേയം പാസ്സാക്കിയത് രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ലെന്ന് കൊച്ചി മേയർ അനിൽകുമാർ. പൈതൃകം മനസിലാക്കണമെന്നും രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാമവർമ്മനെന്നും മേയർ അനിൽകുമാർ പറഞ്ഞു.

ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന ക്രൂരതയാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. പലസ്തിൻ ജനതയുടെ കൂടെയാണ് മുസ്ലിം ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുസ്ലിംലീ​ഗ് നേതാക്കളായ സാദിഖലി തങ്ങൾ, കുഞ്ഞാലികുട്ടി, ഖാദർ മൊയ്‌തീൻ, ഇടി മുഹമ്മദ് ബഷീർ എംപി എന്നിവർ.

എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിച്ചെടുത്ത പണം മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനൽണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വർഷം കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് വിജിലൻസ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ നെഗറ്റീവ് റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി പറഞ്ഞു.

നിയമനത്തട്ടിപ്പ് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചുവയ്ക്കാനില്ല.കേരളത്തെ എങ്ങനെയും ആക്ഷേപിക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും ജെഡിഎസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.

പാലക്കാട് ശ്രീകൃഷ്ണപുരത്ത് അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാനസിക വെല്ലുവിളിയുള്ള മുരളീധരനെ മര്‍ദ്ദിച്ച ശ്രീകൃഷ്ണപുരം സ്വദേശി സുകുമാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 308 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

പലസ്തീൻ ജനതയെയും നാടിനെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും എന്നാൽ ഏതെങ്കിലും പക്ഷം ചേരേണ്ട സമയമല്ല ഇതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുരുതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. മനുഷ്യത്വ രഹിതമായ മനുഷ്യക്കുരുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ പൊലീസ് സെൽ സംവിധാനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ശക്തമാക്കണമെന്നും പി സതീദേവി പറഞ്ഞു.

ജാതി സംവരണത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രം​ഗത്ത്. ജാതി സംവരണത്തിനായുള്ള മുറവിളി രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണെന്നാണ് എൻഎസ്എസിന്റെ വിമർശനം.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. പിന്നാലെ ബാസിതിനെ പൊലീസ് മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

സമസ്തയും ലീഗുമായി പ്രശ്നമില്ലെന്ന് മുസ്ലിംലീ​ഗ് നേതാവ് എം.കെ.മുനീർ എംഎൽഎ. സാദിഖലി തങ്ങൾ പറഞതാണ് പാർട്ടി നിലപാട്. സമസ്ത – ലീഗ് ബന്ധത്തിൽ ഒരിക്കലും വിള്ളൽ ഉണ്ടാകില്ലെന്നും മുനീർ കോഴിക്കോട്ട് പറ‍ഞ്ഞു.

എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്കായി 102 കോടിയിലധികം ചെല്ലാനാണ് ഗതാഗതവകുപ്പ് നൽകിയിട്ടുള്ളതെന്നും, സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുക ഇതുവഴി എത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. എ ഐ ക്യാമറകൾ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയിട്ടുണ്ടെന്നും, ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഇസ്രയേൽ-ഹമാസ് സംഘ‍ർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ . പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാട്മിർ പുടിൻ പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്.

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൽജിയം ഇതിഹാസം ഈഡൻ ഹസാർഡ്. രാജ്യാന്തര, ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്ന് വിരമിക്കുന്നതായി മുൻ ചെൽസി, റിയൽ മാഡ്രിഡ് ഫോർവേഡ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് 32 കാരനായ താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *