സര്‍ക്കാര്‍ ചെലവില്‍ എല്‍ഡിഎഫ് പരിപാടിയാക്കി നിയോജക മണ്ഡലം തലത്തിലുള്ള ജനസദസും തിരുവനന്തപുരത്തെ കേരളീയം’ പരിപാടിയും ബഹിഷ്‌ക്കരിക്കുമെന്നു യുഡിഎഫ്. നവംബറിലാണു കേരളീയം പരിപാടി. നവംബറിലും ഡിസംബറിലുമായി നിയോജക മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസദസ്സും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കു രാഷ്ട്രീയ മുതലെടുപ്പിനുള്ളതാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു. നെല്‍കര്‍ഷകര്‍ക്കുള്ള പണം നല്‍കാതെ രാഷ്ട്രീയ പ്രചാരണത്തിനായി ഖജനാവില്‍നിന്ന് വന്‍തുക ചെലവാക്കുന്നതു ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും സതീശന്‍ പറഞ്ഞു.
കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു. മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ്. മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. അടുത്ത നാലു ദിവസം ശക്തമായ മഴക്ക് സാധ്യത. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവുംമൂലമാണ് മഴ സാധ്യത ശക്തമാക്കുന്നത്.
പുതിയ നിപ കേസുകള്‍ ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും നില തൃപ്തികരമാണ്.
മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയന്‍ പയറ്റുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും തന്നെയും കള്ളക്കേസില്‍ കുടുക്കിയതിനു പിന്നാലെയാണ് മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കരിമണല്‍ കമ്പനി ഭിക്ഷയായി നല്‍കിയതാണോ മാസപ്പടി പണമെന്ന് മാത്യു കുഴല്‍നാടന്‍. മാസപ്പടി ഡയറിയിലെ പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ചു. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്‌സ് ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
അട്ടപ്പാടി മധു കൊലക്കേസില്‍ അഡ്വ. കെ.പി സതീശനെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റസിന് സങ്കട ഹര്‍ജി നല്‍കും. തങ്ങള്‍ നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍ ഇല്ലാത്തയാളെ നിയമിച്ചതു ദുരൂഹമാണെന്നു മല്ലിയമ്മ പറഞ്ഞു.
കേരള പാഠ്യപദ്ധതിയുടെ ചട്ടക്കൂട് (കരട്) മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പുസ്തകങ്ങളും തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. 2007 ലെ കേരളാ പാഠ്യപദ്ധതി ചട്ടക്കൂടിന് പിന്നാലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ 2013 ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനു ശേഷം പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് ഇപ്പോഴാണ്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വീസിന്റെ സമയം നീട്ടി. ജെഎല്‍എന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി പതിനൊന്നരയ്ക്കായിരിക്കും. രാത്രി പത്തിനുശേഷം ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കുള്ള പാലും ബ്രെഡും വിതരണം നിര്‍ത്തി. 15 ലക്ഷം രൂപ കുടിശ്ശികയായതോടെയാണ് മില്‍മ പാല്‍ വിതരണം നിര്‍ത്തിയത്. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രോഗികള്‍ക്കു പാലും ബ്രെഡും വിതരണം ചെയ്തു.
വയനാട് കമ്പളക്കാടുനിന്ന് കാണാതായ അമ്മയെയും അഞ്ചു മക്കളെയും ഗുരുവായൂരില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കണ്ടെത്തി. ഇവരെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു മാറ്റി. 18 നാണ് യുവതിയും അഞ്ച് മക്കളും കമ്പളക്കാട്ടെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്കാണെന്നു പറഞ്ഞ് ഇറങ്ങിപ്പോയത് ഫറോക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും ഇവര്‍ എത്തിയിരുന്നെന്നു പൊലീസ് പറഞ്ഞു.
പുല്‍പ്പള്ളിയില്‍ ഒന്നര മാസം മുമ്പു കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. പുല്‍പ്പള്ളി മണ്ഡപമൂല അശോകവിലാസത്തില്‍ രത്നാകരന്റെ മൃതദേഹമാണ് സീതാദേവി ക്ഷേത്രഭൂമിയില്‍ കണ്ടെത്തിയത്. വിഷക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.
തൃശൂര്‍ ചിറക്കേക്കോട് മകനെയും ചെറുമകനെയും തീ കൊളുത്തി കൊന്നശേഷം വിഷം കഴിച്ച അച്ഛന്‍ മരിച്ചു. കൊട്ടേക്കാടന്‍ ജോണ്‍സന്‍ (67) ആണ് മരിച്ചത്.
മുത്തലാഖ് ബില്ലിനുശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പിവി അബ്ദുല്‍ വഹാബ് എംപി. രാജ്യസഭയില്‍ വനിതാ സംവരണ ബില്ലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങളെ വെറും ന്യൂനപക്ഷങ്ങളായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ‘അയിത്തം’ അനുഭവിക്കേണ്ടിവന്നെന്ന് രാജ്യസഭയില്‍ അവതരിപ്പിച്ച് മുസ്ലിം ലീഗ് എം പി അബ്ദുള്‍ വഹാബ്. ജാതി വ്യവസ്ഥ ഇക്കാലത്തും ശക്തമാണെന്നതു സങ്കടകരമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടിയത്.
ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തി പാര്‍ലമെന്റ് പാസാക്കിയ നിയമം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. നിയമം നടപ്പാക്കുന്നത് 2029 വരെ നീട്ടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റെയില്‍വെ സ്റ്റേഷനില്‍ പോര്‍ട്ടറുടെ വേഷം ധരിച്ച് തലയില്‍ പെട്ടി ചുമന്നു നടക്കുന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചുവന്ന ഷര്‍ട്ട് ധരിച്ച് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനിലാണ് രാഹുല്‍ പെട്ടി ചുമന്നത്. റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി എത്തിയത്. അവര്‍ നല്‍കിയ ചുവന്ന ഷര്‍ട്ടു ധരിച്ച് പെട്ടി തലയില്‍ ചുമന്ന് രാഹുല്‍ അവര്‍ക്കൊപ്പം നടക്കുകയായിരുന്നു.
കാനഡയില്‍ ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവു നല്‍കാന്‍ ജസ്റ്റിന്‍ ടൂഡോ ഭരണകൂടം തയ്യാറായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. തെളിവ് നല്‍കിയാല്‍ പരിശോധിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ട്. കാനഡയോട് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുഹൃത്തിന്റെ ഫ്ളാറ്റിലെ അത്താഴ വിരുന്നിനിടെ 23കാരിയായ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. ലഖ്നൗ ബിബിഡി കോളേജിലെ ബികോം വിദ്യാര്‍ഥിനിയായ നിഷ്ത ത്രിപാഠിയാണ് കൊലപ്പെട്ടത്. നിഷ്തയുടെ സുഹൃത്തായ ആദിത്യ പഥക്കിനെയും ഫ്ളാറ്റിലുണ്ടായിരുന്ന മറ്റൊരു യുവാവിനെയും അറസ്റ്റു ചെയ്തു.
ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്നു മുതലാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത്.