കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിലും പ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 11,000 കടന്നു. മരണസംഖ്യ 20,000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം പതിനായിരമാണ്. തുറമുഖ നഗരമായ ഡെര്‍ണയെ തകര്‍ന്നടിഞ്ഞു. നഗരത്തിനു മുകളിലുള്ള പര്‍വ്വതങ്ങളിലെ അണക്കെട്ടുകള്‍ തകര്‍ന്നതോടെയാണ് നഗരംതന്നെ ഒലിച്ചുപോയത്.
നിപ പ്രതിരോധത്തിന്റെ ഭാഗമായി പിഎസ് സി, കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് 18 നു തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ അധ്യയനം അനിശ്ചിത കാലത്തേക്ക് ഓണ്‍ലൈനിലേക്കു മാറ്റിയെന്ന ഉത്തരവ് തിരുത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ 23 ശനിയാഴ്ച വരെയെന്നാണു തിരുത്തിയത്.
മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള ചോദ്യത്തിന് ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി മുഖ്യമന്ത്രിക്കു മുന്നിലെത്തിയത്.
മിത്ത് വിവാദത്തില്‍ സ്പീക്കര്‍ ഷംസീറിനെതിരെ പരാതി നല്‍കിയിട്ടും കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. സനാതന ധര്‍മ്മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ തമിഴ്നാട് പൊലീസിനെതിരെയും ഹര്‍ജിയില്‍ നടപടി ആവശ്യപ്പെടുന്നുണ്ട്. പികെഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയത്.
സോളാര്‍ തട്ടിപ്പുകാരി എഴുതിയ കത്ത് മാറ്റിയെഴുതിയതിനു പിന്നില്‍ ടിപിയെ കൊന്ന അതേ മുഖമാണെന്നു ഷിബു ബേബി ജോണ്‍. ഒരു പാര്‍ട്ടി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതിന്റെ ഉപാധിയാണ് സോളാര്‍ ഗൂഢാലോചനയിലെ പുതിയ കത്ത്. പരാതിക്കാരിക്കു പണം നല്‍കിയത് ആരാണെന്നും ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തണം. അച്ഛനും മകനുമല്ല പണം നല്‍കിയതെന്നും ഷിബു പറഞ്ഞു.
കൈക്കൂലി പണവുമായി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന് പിടിയില്‍. മലപ്പുറം തിരൂരങ്ങാടിയില്‍ ജോയിന്റ് ആര്‍ടിഒയുടെ ചുമതല വഹിക്കുന്ന തിരൂരങ്ങാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുല്‍ഫിക്കറാണ് അറസ്റ്റിലായത്. ഇയാളുടെ കാറില്‍നിന്ന് 39,200 രൂപയും കണ്ടെടുത്തു.
ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി രാജിവച്ചു. സേവനകാലാവധി രണ്ടാഴ്ചത്തേക്കു മാത്രമായി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിറകേയാണ് ഒഴിയുകയാണെന്ന് അറിയിച്ചത്.
സോളാര്‍ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലൈംഗികാരോപണ കേസെടുക്കാന്‍ ഗൂഢാലോചന നടത്തിയത് അന്വേഷിക്കേണ്ടതുണ്ടോയെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
സംസ്ഥാനത്തു മഴ തുടരും. മൂന്നു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്. ഇടുക്കി, മലപ്പുറം കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മച്ചി പശുക്കളെ തൊഴുത്തു മാറ്റിക്കെട്ടുന്നതു പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളത്തില്‍ മന്ത്രിസഭയില്ല. എല്ലാം പിണറായി വിജയനും മരുമകന് മന്ത്രിയുമാണ് തീരുമാനിക്കുന്നത്. തൃശൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ: സി ആര് ഓമനക്കുട്ടന് അന്തരിച്ചു. 80 വയസായിരുന്നു. സംവിധായകന് അമല്‍ നീരദിന്റെ അച്ഛനാണ്. കൊമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്.
രണ്ടു വര്‍ഷം മുന്‍പ് കൊച്ചിയില്‍നിന്നു കാണാതായ തേവര സ്വദേശി ജെഫ് ജോണ്‍ ലൂയിസ് ഗോവയില്‍ മരിച്ചത് ബിസിനസ് പങ്കാളികള്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. കോട്ടയം സ്വദേശികളായ അനില്‍ ചാക്കോ, സ്റ്റെഫിന് എന്നിവരേയും വയനാട് സ്വദേശി വിഷ്ണുവിനേയും അറസ്റ്റു ചെയ്തു. ബിസിനസില്‍ ഇവര്‍ക്കിടയിലുണ്ടായ സമ്പത്തിക തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്.
നടി അനുശ്രീ സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്. ഇടുക്കി മുള്ളരികുടിയില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാക്കളെ നടിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും ചാനല്‍ ഫാഷന്‍ മോഡലുമായ ഷിയാസ് കരീമിനെതിരേ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നല്കിയ പരാതിയില്‍ ചന്തേര പോലീസാണ് കേസെടുത്തത്.
വായ്പ വാഗ്ദാനം ചെയ്ത് വനിതാ ഗ്രൂപ്പുകളില്‍നിന്ന് പണം തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍. തിരുനെല്‍വേലി നങ്ങുനേരി നാരായണസ്വാമി കേവില്‍ സ്ട്രീറ്റ് സ്വദേശി യോഗുപതി (29) ആണ് അറസ്റ്റിലായത്. വനിതകളുടെ മൂന്നു ഗ്രൂപ്പുകളിലെ 24 പേരില്‍നിന്നാണ് ഇയാള്‍ പണം തട്ടിയത്.
പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയതിനു മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹം ദുബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലെ വീഴ്ചയ്ക്കാണു മാപ്പു ചോദിച്ച് കത്തു നല്‍കിയത്.
മദ്രസാ അധ്യാപകന് രണ്ടാമതും പോക്സോ കേസില്‍ പിടിയില്‍. കൂറ്റനാട് തെക്കേ വാവനൂര്‍ സ്വദേശി കുന്നുംപാറ വളപ്പില്‍ മുഹമ്മദ് ഫസല്‍ എന്ന 23 കാരനാണ് അറസ്റ്റിലായത്. കറുകപുത്തൂരിലെ മത പഠനശാലയിലെ 14 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73 ാം ജന്മദിനമായ നാളെ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ആയുഷ്മാന്‍ ഭവ’ ക്യാമ്പയിന് ആരംഭിക്കും. ‘ഒരാളും പിന്തള്ളപ്പെടരുത്, ഒരു ഗ്രാമവും പിറകിലാകരുത്’ എന്നതാണ് ആയുഷ്മാന്‍ ഭവ പ്രചാരണത്തിന്റെ ലക്ഷ്യം.
തമിഴ്നാട്ടിലെയും തെലങ്കാനയിലേയും വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 60 ലക്ഷം രൂപയും, 18,200 ഡോളറും കണ്ടെടുത്തു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അറബിക്, പ്രാദേശിക ഭാഷകളില്‍ തീവ്രവാദ ആശയങ്ങളുള്ള പുസ്തകങ്ങളും കണ്ടെടുത്തെന്ന് എന്‍ഐഎ അറിയിച്ചു.
വന്ദേഭാരത് ട്രെയിനുകള്‍ക്കു സ്ലീപ്പര്‍ കോച്ചുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുന്നു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ജനറല്‍ മാനേജര്‍ ബിജി മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ച് ഈ സാമ്പത്തിക വര്‍ഷംതന്നെ പുറത്തിറക്കും. ആദ്യ ട്രെയിന്‍ 2024 മാര്‍ച്ചില്‍ ഓടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുപിഎ എന്ന പേരു പറയാന്‍ നാണക്കേടായതിനാലാണ് പ്രതിപക്ഷം പേരു മാറ്റിയത്. 12 ലക്ഷം കോടിയുടെ അഴിമതിയാണ് അവര്‍ നടത്തിയതെന്നും അമിത് ഷാ ആരോപിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ്. ഈ നിയമനിര്‍മാണത്തിനായി അഞ്ചു നിയമങ്ങളെങ്കിലും മാറ്റേണ്ടിവരും. നിയമം പാസാക്കാനുള്ള അംഗബലം ബിജെപിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. സനാതന ധര്‍മ വിവാദത്തില്‍ എല്ലാ മതങ്ങള്‍ക്കും ഒരേ ബഹുമാനം നല്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടാം ഭാരത് ജോഡോ യാത്ര നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ശനിയാഴ്ച. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കഴിഞ്ഞശേഷമാണ് യോഗം. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തുവിട്ടിരുന്നു. വിവാദ നിയമങ്ങള്‍ അജണ്ടയില്‍ ഇല്ല.
ഇന്ത്യയുടെ പെരുമാറ്റ നീക്കത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടെന്ന് ഡിഎംകെ. ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം. ഭരണഘടനയുടെ ഭാഗമായ ഭാരത് എന്ന പേരിനെ എതിര്‍ത്താല്‍ ഭരണഘടനവിരുദ്ധരെന്നും ദേശവിരുദ്ധരെന്നും ബിജെപി സര്‍ക്കാര്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെയന്നു യോഗം വിലയിരുത്തി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ എതിര്‍ക്കണമെന്നാണു തീരുമാനം.
അയ്യായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രങ്ങളായ സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരുടെ വിരുന്നില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ടൈഗര്‍ ഷ്റോഫ്, സണ്ണി ലിയോണ്‍, നേഹ കക്കര്‍ എന്നിവര്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ സൗരഭ് ചന്ദ്രാകറിന്റെ കഴിഞ്ഞ വര്‍ഷം നടന്ന വിവാഹ വിരുന്നില്‍ പങ്കെടുത്തെന്നാണു റിപ്പോര്‍ട്ട്. 200 കോടി രൂപ മുടക്കിയാണ് ഇവര്‍ ആഡംബര പാര്‍ട്ടി നടത്തിയതെന്നും പറയുന്നു. സൗരഭ് ചന്ദ്രാകറിന്റെ ഭോപ്പാല്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 417 കോടി രൂപയുടെ സ്വത്തുക്കള്‍ കഴിഞ്ഞയാഴ്ചയാണ് ഇഡി കണ്ടുകെട്ടിയത്.