പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നാളെ. ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പാര്‍ലമെന്റ് വേദിയാവട്ടെയെന്നും മോദി ട്വീറ്റില്‍ കുറിച്ചു. എന്റെ പാര്‍ലമെന്റ്, എന്റെ അഭിമാനം എന്ന ഹാഷ് ടാഗോടെയാണ് മോദി ട്വിറ്ററില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ സഹിതം ട്വിറ്റു ചെയ്തിരിക്കുന്നത്. ചെങ്കോല്‍ നിര്‍മ്മിച്ച വുമ്മിടി കുടുംബത്തെ ചടങ്ങില്‍ ആദരിക്കും. . https://twitter.com/i/status/1662069125257269252
നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎ മാര്‍ക്കും ഓവര്‍ടാം അലവന്‍സായി ധനമന്ത്രാലയം 50 ലക്ഷം രൂപ അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് പ്രത്യേക ആനുകൂല്യം നല്‍കുന്നത്.
ആറു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഏഴു ലക്ഷം രൂപവരെ ഈനാ പ്രഖ്യാപിച്ച് എന്‍ഐഎ യുടെ പോസ്റ്റര്‍. വല്ലപ്പുഴ പഞ്ചായത്തിലാണ് പോസ്റ്റര്‍ പതിച്ചത്. കൂറ്റനാട് സ്വദേശി ശാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി കെ. അബ്ദുല്‍ റഷീദ്, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായ സ്വദേശി കെപി. മുഹമ്മദലി, പറവൂര്‍ സ്വദേശി വിഎ. അബ്ദുല്‍ വഹാബ്, പേരില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് എന്‍ഐഎ ഇനാം പ്രഖ്യാപിച്ചത്.
ഡ്രോണ്‍ പറത്തി അരിക്കൊമ്പനെ പരിഭ്രാന്തനാക്കിയ യുട്യൂബര്‍ പിടിയില്‍. ചിന്നമന്നൂര്‍ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഡ്രോണ്‍ പറത്തിയതോടെ അരിക്കൊമ്പന്‍ വിരണ്ടോടിയിരുന്നു. കമ്പം പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ഫ്യൂ ലംഘിച്ച 20 പേര്‍ക്കെതിരേ കേസെടുത്തു. കമ്പത്തെ തെങ്ങിന്‍ തോപ്പില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവയ്ക്കാനുള്ള നീക്കത്തിലാണ്.
കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിനു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കുന്നത് കെ.വി തോമസിന് ഓണറേറിയം നല്‍കാനാണോയെന്നു പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മന്ത്രിമാര്‍ക്ക് ധൂര്‍ത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ധിക്കിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ എടിഎം കാര്‍ഡും മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും കണ്ടെടുത്തു. നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത സിദ്ദിഖിനെ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിലും അടിച്ചു വീഴ്ത്തുകയായിരുന്നു.
കൊല്ലം – തേനി ദേശീയപാതയില്‍ ചാരുംമൂട് പത്തിശ്ശേരില്‍ ക്ഷേത്രത്തിനു മുന്‍വശം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയില്‍ ചോണേത്ത് അജ്മല്‍ ഖാന്‍ (തമ്പി-57) യാത്രക്കാരി ചുനക്കര തെക്ക് രാമനിലയത്തില്‍ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്.
കൊല്ലം ചിതറയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കള്‍ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്‌സല്‍ (18), സുബിന്‍ എന്നിവരാണ് മരിച്ചത്.
അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി നിര്‍ദ്ദേശം തെറ്റെന്ന് തെളിഞ്ഞെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരാജയമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇതു വരുത്തി വച്ച ദുരന്തമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം. വന്യമൃഗ സ്‌നേഹം മനുഷ്യന്റെ ചോര വീഴ്ത്തിക്കൊണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് പനത്തുറയില്‍ നിര്‍മ്മിക്കുന്ന പാലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. സ്ഥലം പനത്തുറ ക്ഷേത്രത്തിന്റേതാണെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടതോടെയാണ് സ്ഥലം അളന്നത്. ജലപാത നിര്‍മ്മിക്കുമ്പോള്‍ നാട്ടുകാര്‍ക്കു സഞ്ചരിക്കാനുള്ള പാലമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ജലപാതയിലൂടെ ബോട്ട് പോകുമ്പോള്‍ ഉയരുകയും ശേഷം താഴുകയും ചെയ്യുന്ന ലിഫ്റ്റിംഗ് പാലമാണ് സ്ഥാപിക്കുന്നത്. നാട്ടുകാരുടെ വാഹനങ്ങള്‍ക്കു കടന്നുപോകാനുളള പ്രത്യേക റാമ്പും പാലത്തില്‍ ഉണ്ടാകും.
മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരംതാഴ്ന്നെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ് സിപിഎമ്മെങ്കില്‍ കോണ്‍ഗ്രസിനോടൊപ്പം സമരത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളുമായി കടലില്‍ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളത്തിന്റെ ഉടമയ്ക്ക് ഫിഷറീസ് അധികൃതര്‍ 25,000 രൂപ പിഴയിട്ടു. വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡില്‍ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്. പത്ത് വയസിനു താഴെയുള്ള മൂന്നു കുട്ടികളും രണ്ടു സ്ത്രീകളും നാലു പുരുഷന്‍മാരും അടങ്ങിയ സംഘമാണ് ഉല്ലാസ യാത്ര നടത്തിയത്.
മൂന്നു ലോറികളിലായി മാലിന്യം കളമശേരിയില്‍ തള്ളാന്‍ ശ്രമിച്ചവര്‍ പിടിയില്‍. വണ്ടിപ്പെരിയാറില്‍ നിന്ന് വന്ന ലോറികളില്‍ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങളാണ് നിറച്ചിരുന്നത്.
കേരളത്തില്‍നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. വിയറ്റ്നാമിലെ ഹോ-ചി-മിന്‍ സിറ്റിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.
കര്‍ണാടകത്തില്‍ ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്. ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്. ആഭ്യന്തരം ജി പരമേശ്വരയ്ക്ക് നല്‍കിയപ്പോള്‍ വ്യവസായം എം ബി പാട്ടീലിനാണ് നല്‍കിയത്. കൃഷ്ണ ബൈര ഗൗഡ- റവന്യൂ, എസ് എസ് മല്ലികാര്‍ജുന്‍- മൈനിങ് & ജിയോളജി, ഏക വനിതാമന്ത്രിയായി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍- വനിതാ ശിശുക്ഷേം, മധു ബംഗാരപ്പ- വിദ്യാഭ്യാസം എന്നിങ്ങനെയാണു വകുപ്പു വിഭജനം.
ദേഹാസ്വാസ്ഥ്യംമൂലം ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണവും അണുബാധയും മൂലമാണ് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള മൂന്നു പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. മധ്യ പ്രദേശിലെ സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. പതിമൂന്ന് ഇടങ്ങളില്‍ റെയ്ഡ് നടത്തി.
ചത്ത പാമ്പുണ്ടായിരുന്ന ഉച്ചക്കഞ്ഞി കഴിച്ച് ബിഹാറിലെ നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സന്നദ്ധ സംഘടന നല്‍കിയ ഉച്ചക്കഞ്ഞിയില്‍ പാമ്പിനെ കണ്ടത്.
ജോര്‍ജ് ടൗണില്‍ 14 വയസുകാരി തീയിട്ട സ്‌കള്‍ ഡോര്‍മിറ്ററിയിലെ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. അധ്യാപികയും ഡോര്‍മിറ്ററി മദറും ചേര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തതിനു പ്രതികാരമായാണ് ഡോര്‍മിറ്ററി കത്തിച്ചത്. ജോര്‍ജ്ടൗണില്‍ നിന്ന് 200 മൈല്‍ അകലെയുള്ള സെന്‍ട്രല്‍ ഗയാന മൈനിംഗ് ടൗണിലെ മഹദിയ സെക്കന്‍ഡറി സ്‌കൂളിലെ ഡോര്‍മിറ്ററിയാണ് കത്തിച്ചത്.