night news hd

 

അബ്ദുള്‍ നാസര്‍ മദനിക്കു നാട്ടിലെത്താന്‍ സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഭീമമായ തുക മുടക്കി നാട്ടിലേക്കു വരേണ്ടതില്ലെന്ന് മദനിയും കുടുംബവും നിലപാടെടുത്തു. മാസം 20 ലക്ഷം രൂപ നിരക്കില്‍ 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്യ തുക കുറയ്ക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 82 ദിവസത്തേക്ക് കേരളത്തിലേക്കു പോകാനാണു സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്.

പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലെ പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരു മരണം. വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണു സ്‌ഫോടനമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഇയാള്‍ ഒളിവിലാണ്.

വണ്‍വേ തെറ്റിച്ചെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വാഹനംമൂലം കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക്. കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് ന്ത്രിവാഹനം വളയം ഭാഗത്തുനിന്ന് വണ്‍വേ തെറ്റിച്ച് ചീറിപ്പാഞ്ഞെത്തിയത്. പോലീസ് അകമ്പടി ഇല്ലായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് മന്ത്രിയുടെ വാഹനത്തെ കടത്തിവിട്ടത്.

ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന ‘കക്കുകളി’ നാടകം നിരോധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.

ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തെ പിന്തുണയ്ക്കുന്ന സിപിഎം കേരള സ്റ്റോറീസ് സിനിമയെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സിനിമയ്‌ക്കെതിരെ ആരൊക്കെ വരും എന്നാണ് കാത്തിരിക്കുന്നത്തെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചാരികളുടെ ഒഴുക്ക്. കുടുംബസമേതമാണ് അവധിക്കാലം ആഘോഷിക്കാന്‍ വാട്ടര്‍ മെട്രോയില്‍ യാത്രക്കായി എത്തുന്നത്. ആറു ദിവസംകൊണ്ട് നാല്‍പതിനായിരത്തിലധികം പേര്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു.

സിപിഎം നേതാവും ആലത്തൂരിലെ മുന്‍ എംഎല്‍എയുമായ എം. ചന്ദ്രന്‍ അന്തരിച്ചു. 77 വയസായിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ചന്ദ്രന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലേതിനേക്കാള്‍ 12 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്.

സമരം നയിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളായ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും നവ്‌ജ്യോത് സിംഗ് സിദ്ധുവും വേദിയിലെത്തി. പോക്‌സോ ചുമത്തി കേസെടുത്തിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നവ്‌ജ്യോത് സിംഗ് സിദ്ധു ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സ്വന്തം പൊങ്ങച്ചമല്ലാതെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകത്തില്‍ പ്രസംഗിച്ചതിനു പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു മോദിയെക്കുറിച്ചല്ലെന്നു നരേന്ദ്രമോദി മനസിലാക്കണം. കര്‍ണാടകയ്ക്കുവേണ്ടി താങ്കള്‍ എന്തു ചെയ്‌തെന്നാണു ജനങ്ങളോടു പറയേണ്ടതെന്നും രാഹുല്‍.

ഓസ്‌കാര്‍ ജേതാവും സംഗീതസംവിധായകനുമായ എ ആര്‍ റഹ്‌മാന്റെ സംഗീതനിശ രാത്രി പത്തിന് അവസാനിപ്പിച്ച് പൂനെ പൊലീസ്. രാത്രി പത്തിനുശേഷവും സംഗീതനിശ തുടര്‍ന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേജില്‍ കയറി വാച്ചില്‍ സമയം കാണിച്ചുകൊണ്ട് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.

തമിഴ്‌നാട് തിരുവള്ളൂരില്‍ തിളയ്ക്കുന്ന രസത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ മിഞ്ഞൂരിലെ കല്യാണമണ്ഡപത്തിന്റെ അടുക്കളയിലെ തിളയ്ക്കുന്ന രസച്ചെമ്പില്‍ വീണാണ് എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷ് (20) മരിച്ചത്. ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിക്കായി നികുതിദായകരുടെ 830 കോടി രൂപ ചെലവിട്ടെന്ന് ആരോപിച്ച ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷന്‍ ഇസുദന്‍ ഗദവിക്കെതിരേ പോലീസ് കേസെടുത്തു.

ബ്രിട്ടീഷ് സാമൃാജ്യത്തിന്റെ നാല്‍പതാമത്തെ രാജാവായി ചാള്‍സ് മൂന്നാമന്റെ സ്ഥാനാരോഹണം മേയ് ആറിന്. കിരീടധാരണ ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന ആദ്യത്തെ കോറോണേഷന്‍ സെറിമണിയാണിത്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്നാണു കിരീടധാരണ ചടങ്ങിനു നാമകരണം ചെയ്തിരിക്കുന്നത്. വെസ്റ്റ് മിനിസ്റ്റര്‍ ആബേയില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചടങ്ങില്‍ രണ്ടായിരം പേര്‍ക്കാണു പ്രവേശനം. ഇന്ത്യയില്‍നിന്ന് ബോളിവുഡ് താരം സോനം കപൂര്‍ പങ്കെടുക്കും. സ്റ്റീവ് വിന്‍വുഡും സംഘവും നയിക്കുന്ന കോമണ്‍വെല്‍ത്ത് ഗായകസംഘത്തെ സ്വാഗതം ചെയ്യുന്നതു സോനമായിരിക്കും.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *