night news hd 15

 

രാജ്യത്തു ജനാധിപത്യമുണ്ടെങ്കില്‍ ലോക്‌സഭയില്‍ തനിക്കു പ്രസംഗിക്കാന്‍ അവസരം തരണമെന്നും പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യാതിരിക്കണമെന്നും രാഹുല്‍ഗാന്ധി. വിദേശത്തു നടത്തിയ പ്രസംഗത്തിനു മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതൃത്വത്തോടാണ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ലണ്ടനിലെ പ്രസംഗത്തിനു സഭയ്ക്കുള്ളില്‍ വിശദീകരണം നല്കാന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്കു ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് സുപ്രീം കോടതി. വിധിയില്‍ ഭേഗഗതി വരുത്തിയാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരമാകില്ലേയെന്ന് സുപീം കോടതി ചോദിച്ചു.

സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവരെ കണ്ടെത്തി ശമ്പളം തടയണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മേലുദ്യോഗസ്ഥരാണ്. വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ അക്കൗണ്ട് വിഭാഗത്തെ കൃത്യമായി അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നാളെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയോ ചികില്‍സ നല്‍കുകയോ ഇല്ലെന്ന് ഐഎംഎ.

ശസ്ത്രക്രിയക്കുശേഷം വയര്‍ തുന്നിച്ചേര്‍ക്കാതെ നിര്‍ദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പത്തനാപുരം മുല്ലൂര്‍നിരപ്പ് സ്വദേശിനി കെ ഷീബയെ കൊല്ലത്തെ സ്വകാര്യ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സ നല്‍കിയത്. ഡോക്ടര്‍മാരുടെ പിഴവു നിയമസഭയില്‍ വിവരിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

മൂന്നു ദിവസം സംസ്ഥാനത്തു മഴയ്ക്കു സാധ്യത. കണ്ണൂര്‍, കാസര്‍കോട് ഒഴികേയുള്ള ജില്ലകളിലാണ് മഴ ലഭിക്കുക.

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ നാളെ വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കവടിയാറിലാണ് ജൂബിലി സമ്മേളനം. ഇന്നലെ എത്തിയ രാഷ്ട്രപതി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായി ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചു. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘പ്രസിഡന്റ്‌സ് കളര്‍’ സമ്മാനിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്നു പരിഹസിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അമ്മായിയച്ചന്‍ മുഖ്യമന്ത്രി പിണറായി വിജയനും നട്ടെല്ല് സ്വപ്‌നയ്ക്കു പണയംവച്ചവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ രംഗത്ത്. കിച്ചണ്‍ ക്യാബിനെറ്റിന്റെ ആനുകൂല്യത്തില്‍ പദവിയിലെത്തിയ ആളല്ല സതീശനെന്നും ഷാഫി പറഞ്ഞു.

എഡിജിപി ശ്രീജിത്ത് ആറു അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാടും ക്രമക്കേടും നടത്തിയെന്ന ആരോപണത്തില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ശ്രീജിത്തിനെതിരെ ഒന്‍പത് ആരോപണങ്ങളിലാണ് അന്വേഷണം നടത്താന്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ശ്രീജിത്തിനെതിരായ ഭൂരിഭാഗം ആരോപണങ്ങളിലും കഴമ്പില്ലെന്ന വിജിലന്‍സ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മറികടന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്ഷേത്രോത്സവത്തിന് കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ പൊങ്കാല നടത്തുന്നതിനെതിരേ പോലീസ് സേനയില്‍ത്തന്നെ എതിര്‍പ്പ്. സേനയുടെ മതനിരപേക്ഷ സ്വഭാവത്തിന് എതിരാണ് പൊങ്കാല. കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ പരിപാലന ചുമതല കോഴിക്കോട് സിറ്റി പൊലീസിനാണ്. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സിറ്റി പൊലീസ് കമ്മീഷണറാണ്. പ്രതിഷ്ഠാ ദിനാഘോഷമായ 24 നു പൊങ്കാല നടത്താന്‍ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്.

അപകീര്‍ത്തിപരമായ പ്രതികരണത്തിന് ഇടത് നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്‌കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്നു സ്വപ്ന സുരേഷ്. ഒരാഴ്ചക്കുള്ളില്‍ നിരുപാധികം മാപ്പു പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു.

സ്വപ്ന സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാനനഷ്ടത്തിനു നോട്ടീസയച്ചിട്ടും മുഖ്യമന്ത്രി നോട്ടീസ് അയക്കാത്തത് എന്തുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇക്കാര്യം സിപിഎം വിലയിരുത്തണം. മടിയില്‍ കനമുള്ളതുകൊണ്ടാണ് പിണറായി പരാതി നല്‍കാത്തതെന്നും സുധാകരന്‍ പറഞ്ഞു.

:കെഎസ്ആര്‍ടിസിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി പ്രമോജ് ശങ്കര്‍ ചുമതലയേറ്റു. സുശീല്‍ഖന്ന റിപ്പോര്‍ട്ടനുസരിച്ച് പ്രൊഫഷണലുകളെ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നിയമനം. കേന്ദ്ര സര്‍വ്വീസില്‍ നിന്നു ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തിനു മൂന്നു വര്‍ഷത്തേക്കോ, ഡെപ്യൂട്ടേഷന്‍ കാലാവധി കഴിയുന്നതുവരേയോ കെഎസ്ആര്‍ടിസിയില്‍ ജോയിന്റ് എംഡിയായി തുടരാം. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായതിനാല്‍ കെഎസ്ആര്‍ടിസി ക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ല.

അന്വേഷണ ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും അശ്രദ്ധ പ്രതികള്‍ക്കു ഗുണമാകുന്നുണ്ടെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും പരിശീലനം നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും പ്രോസിക്യൂഷന്‍ മേധാവിയോടും കോടതി ആവശ്യപ്പെട്ടു. ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള തൃശൂര്‍ സ്വദേശിയുടെ ജാമ്യഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം. കസ്റ്റഡി കാലാവധി നീട്ടണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷിച്ചില്ല.

കോഴിക്കോട് ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രവും സോണ്‍ടയുമായുള്ള കരാറിനെക്കുറിച്ചു വിശദീകരണം പറയാതെ കോഴിക്കോട് മേയര്‍ ബിന ഫിലിപ്പ്. ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരണം നല്‍കുമെന്നാണു മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ പഠിച്ചശേഷം പറയാമെന്നാണ് ഇന്നലെ മേയര്‍ പ്രതികരിച്ചത്.

ബ്രഹ്‌മപുരം വിഷപ്പുക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസായി എം.എ. യൂസഫലി വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ ചെക്ക് കൊച്ചി മേയര്‍ അനില്‍കുമാറിനു കൈമാറി.

കൊച്ചി കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മാഗസിനില്‍ ബാക്കി വന്ന മൂവായിരം കിലോ വെടികോപ്പുകള്‍ നിര്‍വീര്യമാക്കിത്തുടങ്ങി. കരിങ്കല്‍ ക്വാറിയില്‍ എത്തിച്ചാണ് വെടികോപ്പുകള്‍ നിര്‍വീര്യമാക്കുന്നത്.

കോടതി വിധിച്ച 29.64 ലക്ഷം രൂപ ഭാര്യക്കു നല്‍കാത്ത ഭര്‍ത്താവിനെ വടകര കുടുംബ കോടതി പൊലീസിനു കൈമാറിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി നടേരി തിരുമംഗലത്ത് മുഹമ്മദ് ജാസിം ആണ് രക്ഷപ്പെട്ടത്. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തുന്നതിനു മുമ്പേ മുഹമ്മദ് ജാസിം ഓടി രക്ഷപ്പെട്ടു.

സര്‍ക്കാര്‍ സ്‌കൂളിലേക്ക് ഓടിക്കയറിയ മുള്ളന്‍പന്നിയെ വനം ഉദ്യോഗസ്ഥര്‍ പിടികൂടി. തിരുവനന്തപുരം കഠിനംകുളം ഗവ എല്‍.പി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് മുള്ളന്‍പന്നി ഓടിക്കയറിയത്.

മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിക്കു ഗുരുതര പരിക്കേറ്റു. മൂന്നാര്‍ നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന മോഹനാണ് പരിക്കേറ്റത്.

അടിമാലിക്കു സമീപം ട്രാവലര്‍ മറിഞ്ഞ് 19 പേര്‍ക്ക് പരിക്കേറ്റു. അടിമാലി മൂന്നാര്‍ റോഡില്‍ ആനച്ചാലിലാണ് അപകടമുണ്ടായത്. എറണാകുളം പനങ്ങാടുനിന്ന് എത്തിയ വിനോദസഞ്ചാരികള്‍ക്കാണു പരിക്കേറ്റത്.

കണ്ണൂര്‍ തിമിരിയില്‍ ദമ്പതികളെ തൂങ്ങി മരിച്ചു. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരെയാണ് വീടിനു സമീപത്തുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചത്.

ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച കേസില്‍ 58 കാരന് ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാ കോടതി ശിക്ഷിച്ചത്.

പതിനൊന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം തടവു ശിക്ഷ. ചിറയിന്‍കീഴ്, അക്കോട്ട് വിള, ചരുവിള പുത്തന്‍ വീട്ടില്‍ മധു എന്ന ബാല (48) നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴ ഒടുക്കുകയും വേണം.

ഇടുക്കി കുമളിക്കു സമീപം പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കു വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളം സഭാ നടപടികള്‍ തടസപ്പെട്ടു. ലോക്‌സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ബിജെപിയും അദാനി വിഷയത്തില്‍ പ്രതിപക്ഷവും ബഹളംവയ്ക്കുകയായിരുന്നു.

ഇന്ത്യയില്‍നിന്നുള്ള എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷനുവേണ്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണു വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലായത്.

ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മേയ് മാസത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കാഷ്മീരിലേക്ക്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ്ബില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള എംപി തുടങ്ങി കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, സിപിഐഎം, ആര്‍ജെഡി, എസ്പി, എഎപി തുടങ്ങിയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

മഹാരാഷ്ട്രയിലെ ശിവസേനകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാന്‍ മാറ്റി. ഒമ്പതു ദിവസം നീണ്ട വാദത്തിനു ശേഷമാണു വിധി പറയാന്‍ മാറ്റിയത്. വാദത്തിനിടെ മുന്‍ ഗവര്‍ണറുടെ നടപടികളെ കോടതി വിമര്‍ശിച്ചിരുന്നു.

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.

ഏവറസ്റ്റ് കൊടുമുടി ലോകമെങ്ങുമുള്ള രോഗാണുക്കളുടെ കേന്ദ്രമാണെന്ന് പഠന റിപ്പോര്‍ട്ട്. ഏവറസ്റ്റ് കൊടുമുടി കയറിയ പര്‍വ്വതാരോഹകര്‍ യാത്രയ്ക്കിടെ തുമ്മുകയോ ചുമക്കുകയോ തുപ്പുകയോ ചെയ്തപ്പോള്‍ പുറംതള്ളിയ രോഗാണുക്കള്‍ നൂറ്റാണ്ടുകളായി തണുത്തുറഞ്ഞ മഞ്ഞുമലയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നാണു പഠന റിപ്പോര്‍ട്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *