സംസ്ഥാനത്ത് പനിമൂലം ഇന്ന് ആറു പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് നാലു പേര്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33), പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖില (32), കൊച്ചുകുഞ്ഞ് ജോണ്‍ (70), ബഷീര്‍ (74) എന്നിവരാണു ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന്‍ സമദ് (18), ചാത്തന്നൂര്‍ ഒഴുകുപാറ സ്വദേശി ബൈജു -ഷൈമ ദമ്പതികളുടെ മകന്‍ അഭിജിത്ത എന്നിവരാണു പനി ബാധിച്ചു മരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സഹകരണം തേടി ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു.
പകര്‍ച്ചപ്പനി ഭീഷണിയാകാതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിയും എലിപ്പനിയും തടയാന്‍ ശുചീകരണം ഉറപ്പാക്കണം. വീടുകളുടെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. തീയിട്ടയാളെ പൊലീസ് പിടികൂടി. ഉച്ചയ്ക്കു രണ്ടരയോടെ ഓഫീസിലേക്കു പെട്രോളുമായി ഓടിക്കയറി ജീവനക്കാരോടു പുറത്തുപോകാന്‍ പറഞ്ഞാണ് തീയിട്ടത്. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന്റെ കൊള്ളരുതായ്മമൂലമാണ് തീയിട്ടതെന്ന് സിപിഎം ആരോപിച്ചു.
തിരുവല്ല കുടുംബ കോടതി ജഡ്ജി ജി.ആര്‍. ബുല്‍കുലിന്റെ കാര്‍ അടിച്ചു തകര്‍ത്തു. കോടതിയില്‍ വിസ്താരത്തിനിടെ പലതവണ ക്ഷുഭിതനായ തേഞ്ഞിപ്പലം കടയ്ക്കാട്ടുപാറ അമൃത് സാഗറില്‍ ഇ.പി. ജയപ്രകാശ് (53) ആണ് കോടതിക്കു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ചില്ലു തകര്‍ത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ്എഫ്‌ഐയെ സിപിഎം നിയന്ത്രിക്കണമെന്നു സിപിഐ. ഇക്കാര്യം സിപിഎമ്മിനോട് ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏക വിദ്യാര്‍ത്ഥി സംഘടന എന്ന എസ്എഫ്‌ഐയുടെ നിലപാട് അഭികാമ്യമല്ലെന്നും യോഗം വിലയിരുത്തി.
വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ചു പേരുമായി പോയ വളളം മുങ്ങി രണ്ടു പേര്‍ മരിച്ചു. ഉദയനാപുരം കൊടിയാട് പുത്തന്‍തറ ശരത് (33), സഹോദരി പുത്രന്‍ ഇവാന്‍ (4) എന്നിവരാണു മരിച്ചത്. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. രക്ഷപ്പെട്ട മൂന്നു പേരെ ആശുപത്രിയില്‍ എത്തിച്ചു.
എംജി സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതിനു രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. മുന്‍ സെക്ഷന്‍ ഓഫീസറെയും ഇപ്പോഴത്തെ സെക്ഷന്‍ ഓഫീസറെയുമാണു സസ്‌പെന്റ് ചെയ്തത്.
രണ്ട് ഉദ്യോഗസ്ഥരുടെയും പേര് സര്‍വകലാശാല വെളിപെടുത്തിയിട്ടില്ല.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ എം കോം രജിസ്‌ട്രേഷന്‍ സര്‍വകലാശാല റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ് 14 ശതമാനമായതോടെ ഡാം നിര്‍മാണത്തോടെ വെള്ളത്തില്‍ മുങ്ങിയ വൈരമണി ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തായി. രണ്ടായിരത്തോളം കുടുംബങ്ങള്‍ വസിച്ചിരുന്ന പ്രദേശമായിരുന്നു വൈരമണി ഗ്രാമം. അന്ന് അവിടെയുണ്ടായിരുന്ന കെട്ടിടങ്ങളുടെ കരിങ്കല്‍ തറകളും മറ്റുമാണ് ദൃശ്യമായത്.
ലണ്ടനിലെ പെക്കാമില്‍ എറണാകുളം സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (37) കുത്തേറ്റു മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി തിരുവനന്തപുരം വര്‍ക്കല ഇടച്ചറ സ്വദേശി സല്‍മാന്‍സലിമിന്റെ ജാമ്യാപേക്ഷ ലണ്ടനിലെ ഓള്‍ഡ് ബ്ലെയി സെന്‍ട്രല്‍ ക്രിമിനല്‍ കോടതി തള്ളി. അടുത്ത വര്‍ഷംവരെ ജഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് ഉത്തരവ്.
തമിഴ്‌നാട്ടിലെ 500 മദ്യശാലകള്‍ നാളെ മുതല്‍ അടച്ചു പൂട്ടും. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശമനുസരിച്ച് ടാസ്മാക്ക് കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്. ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ചെന്നൈയില്‍ 138 മദ്യശാലകളാണ് പൂട്ടുക. കോയമ്പത്തൂര്‍ മേഖലയില്‍ 138 മദ്യശാലകള്‍ അടച്ചിടും.
യുഎന്‍ ആസ്ഥാനത്ത് യോഗ ദിന പരിപാടികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കി. 180 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് യോഗ പരിപാടിയില്‍ പങ്കെടുത്തത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ‘ഏകാധിപതി’യെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വിശേഷിപ്പിച്ചത്. കാലിഫോര്‍ണിയയില്‍ നടന്ന ധനസമാഹരണ പരിപാടിക്കിടെയാണ് ഇങ്ങനെ വിശേഷിപ്പിച്ചത്. യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ബെയ്ജിംഗില്‍ ഷിയെ കണ്ടതിനു പിറ്റേന്നാണ് ജോ ബൈഡന്റെ വിവാദ പരാമര്‍ശം.