മകളേ മാപ്പ്. കണ്ണീരോടെ കേരളം. ആലുവയില്‍നിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയെ െൈലംഗിക പീഡനത്തിന് ഇരയാക്കിയെന്നു പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട്. പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ നിറയെ മുറിവുകളുമായാണ് കുഞ്ഞിന്റെ മൃതദേഹം ചാക്കു കെട്ടില്‍നിന്നു കണ്ടെത്തിയത്. കൊലപാതകം സാമൂഹ്യ മാധ്യമങ്ങളിലടക്കം കണ്ണീര്‍ ചര്‍ച്ചയായി.
കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ജിവനോടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്നു പോലീസ്. ഫേസ്ബുക്കിലൂടെ ‘മകളെ മാപ്പ്’ എന്ന തലക്കെട്ടോടെയാണ് പ്രതികരണം. കുട്ടിയെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിലായെന്നും അവകാശപ്പെട്ടു.
മൈക്കിനെതിരേയും പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയും കേസെടുക്കാന്‍ ഓടുന്ന പോലീസ് അല്‍പമെങ്കിലും കാര്യക്ഷമത കാണിച്ചിരുന്നെങ്കില്‍ ആലുവായിലെ അഞ്ചു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്ക് ആയിരം പോലീസ്, അഞ്ചു വയസുകാരിയെ തെരയാന്‍ ഒരു പോലീസുകാരനും ഇല്ലെന്നു സതീശന്‍ കുറ്റപ്പെടുത്തി.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഒരു കോടിയിലേറെ നിര്‍ദേശങ്ങള്‍ നിയമ കമ്മീഷനു ലഭിച്ചെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം 28 നായിരുന്നു.
ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മലയാളിയായ കെ എസ് ജെയിംസിനെ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര സര്‍ക്കാരിനായി കുടുംബാരോഗ്യ സര്‍വേ നടത്തുന്ന സ്ഥാപനമാണ് ഐഐപിഎസ്.ശുചിമുറികള്‍ നിര്‍മിച്ച് വെളിയിട മുക്ത ഭാരതമെന്നു ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ അങ്ങനെയല്ലെന്ന സര്‍വേ റിപ്പോര്‍ട്ടു പുറത്തുവിട്ടതടക്കമുള്ള വിഷയങ്ങളെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
സിനിമ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ സി ഡാനിയേല്‍ പുരസ്‌കാരം.
കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ചെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 12,500 ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും. എല്ലാ കരാര്‍ ജീവനക്കാര്‍ക്കും ബോണസും നല്‍കും. 30,000 രൂപയിലേറെ മാസ ശമ്പളമുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കിയാണു ബോണസ് നല്‍കുക. കുറഞ്ഞത് 6000 രൂപയുടെ വര്‍ധനയുണ്ടാകും. 30,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 20 ശതമാനം ഗുണന ഘടകം കണക്കാക്കിയാണു ബോണസ് നല്‍കുക.
സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വേണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. താത്കാലിക നിയമനം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം. മിത്തുകളെ ശാസ്ത്രമായും ചരിത്രമായും വ്യാഖ്യാനിക്കുന്ന ബിജെപിയുടെ പ്രചരണങ്ങള്‍ തുറന്നു കാട്ടിയതിനാണ് ആക്രമണം. വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സിപിഎം നേതാവ് പി ജയരാജന്റെ മോര്‍ച്ചറി പ്രയോഗം സിപിഎം അംഗീകരിക്കുന്നില്ലെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രകോപനപരമായ നിലപാടല്ല, സമാധാനപരമായ അന്തരീക്ഷമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഇങ്ങോട്ട് കടന്നാക്രമണം നടത്തിയാലും അങ്ങോട്ട് അതേ രീതിയില്‍ തിരിച്ചടിക്കേണ്ടെന്നാണ് സിപിഎം നിലപാട്. അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ലൈസന്‍സുണ്ടോയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഗസ്റ്റ് ഒന്നിനും രണ്ടിനും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഓപ്പറേഷന്‍ ഫോസ്‌കോസ് എന്ന പേരിലാണു ലൈസന്‍സ് ഡ്രൈവ് നടത്തുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിനു മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ കെ. മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിംഗ് കൗണ്‍സിലാണു തീരുമാനമെടുത്തത്.
തിരുവനന്തപുരം ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ എതിര്‍പ്പുമായി നാട്ടുകാരും വ്യാപാരികളും രംഗത്തെത്തിയത് സംഘര്‍ഷിനിടയാക്കി.
കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിറ്റ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. ട്യൂഷന്‍ എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഫോട്ടോയെടുത്ത് അമ്പതു രൂപ മുതല്‍ അഞ്ഞൂറ് രൂപവരെ നിരക്കില്‍ ഫോട്ടോകളും 1500 രൂപ വരെ നിരക്കില്‍ വീഡിയോയും വിറ്റെന്നാണു പൊലീസ് പറയുന്നത്. ഇവരില്‍നിന്ന് ദൃശ്യങ്ങള്‍ വാങ്ങിയവരും പിടിയിലാകും.
കല്‍പ്പറ്റ കമ്പളക്കാട് മലങ്കരയില്‍ എയര്‍ഗണ്‍ ഉപയോഗിച്ചു യുവാവ് മൂന്നു പേരെ വെടിവച്ചു. അയല്‍വാസികളായ മലങ്കര പണിയ കോളനിയിലെ മണി, രാഗിണി, വിപിന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലങ്കര ചൂരത്തൊട്ടിയില്‍ ബിജു (48) വാണ് വെടിയുതിര്‍ത്തത്.
ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ എയറിന് 602 കോടി രൂപയുടെ നഷ്ടം . 777.8 കോടി രൂപ വരുമാനം നേടിയെങ്കിലും പ്രവര്‍ത്തന ചെലവ് 1,866 കോടി രൂപയായി. സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വി കെ സിംഗ് ലോകസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ പാകിസ്ഥാനിലെ ലാഹോറിലേക്കു പുറപ്പെട്ട പതിനാറുകാരിയെ വിമാനത്താവളത്തില്‍ പൊലീസ് പിടികൂടി. ലാഹോറിലേക്കു ടിക്കറ്റ് ആവശ്യപ്പെട്ട കുട്ടിക്കു വീസയും പാസ്‌പോര്‍ട്ടും ഇല്ലായിരുന്നു.
അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും യുഎഇ താല്‍ക്കാലികമായി നിരോധിച്ചു. നാലു മാസത്തേക്കാണ് നിരോധനം.
പൊലീസ് ഓഫിസറുടെ ചിത്രമെടുത്തതിന് 1,400 ദിവസം ചൈനയിലെ ജയിലില്‍ കിടക്കേണ്ടിവന്ന തായ്വാനീസ് വ്യവസായി ലീ മെങ്-ചുവിന് മോചനം. 2019 ല്‍ തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍ഷെനില്‍നിന്നാണ് പൊലീസുകാരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിന് അറസ്റ്റിലായത്. പിന്നീട് ചാരവൃത്തിക്കേസും ചുമത്തിയിരുന്നു.