വന്‍ ജനാവലിയുടെ കണ്ണീര്‍പ്രണാമങ്ങളേറ്റുവാങ്ങി ജനനായകന്റെ അന്ത്യയാത്ര. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ വീടും ഓഫീസും അസമയങ്ങളില്‍പോലും തുറന്നിട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു യാത്രാമൊഴികളുമായി ആയിരങ്ങള്‍ ഒഴുകിയെത്തി. രാവിലെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര ഇന്നു വൈകുന്നേരം പൊതുദര്‍ശനത്തിനു വയ്‌ക്കേണ്ട കോട്ടയം തിരുനക്കര മൈതാനിയില്‍ അര്‍ധരാത്രിയോടെയേ എത്തൂവെന്ന അവസ്ഥയിലാണ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടിന് പുതുപ്പള്ളിയിലെ വീട്ടില്‍ ആരംഭിക്കും. മൂന്നരയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാരം. സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിലാഷം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പത്‌നി തന്ന കത്ത് അംഗീകരിച്ചെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി സ്ഥിരജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ടീസ്തക്കെതിരായ കേസ് സംശയാസ്പദമാണെന്നും ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി അനുചിതവും വൈരുദ്ധ്യാത്മകവുമാണെന്ന് കോടതി വിമര്‍ശിച്ചു. ടീസ്തയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ മുന്നണി സ്വീകരിച്ച ഇന്ത്യ എന്ന പേരിനൊപ്പം ‘ജിത്തേഗ ഭാരത്’ എന്ന മുദ്രാവാക്യംകൂടി ഉള്‍പെടുത്തും. ഭാരതം ജയിക്കും എന്നാണര്‍ത്ഥം. ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ് ഈ ടാഗ് ലൈന്‍ നിര്‍ദേശിച്ചത്. ഇതേസമയം ഇന്ത്യയെന്ന പേരിനെ ബ്രിട്ടീഷുകാരിട്ട പേരെന്നു പരിഹസിച്ച ആസാം മുഖ്യമന്ത്രി ഹിമന്ദബിശ്വ ശര്‍മക്കു കോണ്‍ഗ്രസിന്റെ തിരിച്ചടി. ഇക്കാര്യം ഡിജിറ്റല്‍ ഇന്ത്യയെന്നും മെയ്ക്ക് ഇന്‍ ഇന്ത്യയെന്നും പാടി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോടു പറയൂവെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട മോദിയെയാണ് ഹിമന്ദ പരിഹസിക്കുന്നതെന്നും ജയറാം രമേശ്.
പ്രതിപക്ഷ മുന്നണിക്കു ‘ഇന്ത്യ’ എന്നു പേരിട്ടതോടെ വിറളിപിടിച്ച് ഭരണകൂടം. ഇന്ത്യ എന്നു പേരിട്ടതിന് 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഇന്ത്യയെന്ന രാജ്യത്തിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നുവെന്നും അന്യായമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അവിനിഷ് മിശ്ര എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന എം ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സ നിരസിച്ചത് എന്തുകൊണ്ടെന്നു സുപ്രീംകോടതി. ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് ജസ്റ്റീസ് എം എം സുന്ദരേഷ് ഈ ചോദ്യം ഉന്നയിച്ചത്. ശിവശങ്കറിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടി അംഗീകരിച്ചില്ല.
മറുനാടന്‍ മലയാളി പത്രാധിപകര്‍ ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിനു നോട്ടീസ് നല്‍കി വിളിപ്പിക്കണമെന്ന് ഹൈക്കോടതി. ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്തു ദിവസംമുമ്പു നോട്ടീസ് നല്‍കണം. പൊലീസ് അകാരണമായി കേസുകളെടുത്ത് അറസ്റ്റിനു ശ്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് അപേക്ഷ നല്‍കിയത്. കോടതിയലക്ഷ്യ നടപടിയ്ക്കനുമതി തേടി എജിക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യുയുസി ആള്‍മാറാട്ട കേസില്‍ രണ്ടു പ്രതികള്‍ക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജു, എസ്എഫ്‌ഐ നേതാവായിരുന്ന വിശാഖ് എന്നിവര്‍ക്കാണ് ജാമ്യം.
സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്കുകൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം തൃക്കടവൂര്‍ 87 ശതമാനവും കോട്ടയം ഉദയനാപുരം 97 ശതമാനവും കൊല്ലം ശൂരനാട് സൗത്ത് 92 ശതമാനവും കൊല്ലം പെരുമണ്‍ 84 ശതമാനവും സ്‌കോര്‍ നേടി.
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പൊലീസിനെയോ എക്സൈസിനെയോ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയെ ചിറ്റൂര്‍ കോടതി റിമാന്‍ഡു ചെയ്തു. മാര്‍ച്ച് 26നാണ് തൃശൂരില്‍നിന്നു മധുരയിലെ ജ്വല്ലറിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോയ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയത്. സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 11 പേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ചാലക്കുടിയില്‍ വനം വകുപ്പിന്റെ ജീപ്പിടിച്ച് ലോട്ടറി വില്‍പ്പനക്കാരിയായ വയോധിക മരിച്ചു. ചാലക്കുടി സ്വദേശി മേഴ്‌സി തങ്കച്ചനാണ് മരിച്ചത്. ജീപ്പിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ടു പേരുടെ ശരീരത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തില്‍ കെ.വൈ വര്‍ഗീസ് (47)ആണ് മരിച്ചത്.
കനത്ത മഴ തുടരുന്ന ഗുജറാത്തില്‍ വെള്ളപ്പൊക്കം. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. നിറഞ്ഞു കവിയുന്ന 43 അണക്കെട്ടുകള്‍ ഏതു നിമിഷവും തുറന്നുവിടും. ഇതോടെ സ്ഥിതി കൂടുതല്‍ വഷളാകും.
കര്‍ണാടക നിയമസഭയില്‍ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ക്കു നേരെ പേപ്പര്‍ വലിച്ചെറിഞ്ഞതിന് കര്‍ണാടക നിയമസഭയിലെ പത്ത് ബിജെപി എംഎല്‍എമാര്‍ക്കു സസ്‌പെന്‍ഷന്‍. ഉച്ചഭക്ഷണത്തിനു സഭ പിരിയാതെ നടപടികള്‍ തുടരുമെന്ന് അറിയിച്ചതില്‍ ക്ഷുഭിതരായാണ് ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമാനിയുടെ നേര്‍ക്ക് പേപ്പര്‍ എറിഞ്ഞത്.
ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വൈദ്യുതാഘാതമേറ്റ് പതിനഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കറ്റു. അഞ്ച് പൊലീസുകാര്‍ ഉള്‍പെടെയുള്ളവരാണു മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിട്ടു.
ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂര്‍. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 192 രാജ്യങ്ങളിലാണ് സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാനാകുക. ജര്‍മ്മനി, സ്പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 190 രാജ്യങ്ങളില്‍ വിസാ രഹിത പ്രവേശനം സാധ്യമാണ്. 189 രാജ്യങ്ങളില്‍ ജപ്പാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാം.